തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേന്ദ്രത്തിനു ബദലെന്ന പേരിൽ നടപ്പാക്കിയ നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള റിപ്പോർട്ടിൽ ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)മനുസരിച്ചുള്ള വാർപ്പുമാതൃക ഉയർത്തിക്കാട്ടി യു.ഡി.എഫ്. സർക്കാറിന്റെ വിദഗ്ധസമിതി. എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തെ സഹായിക്കാനാണ് നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള ശുപാർശകളെന്നാണ് വിദഗ്ധസമിതി ഈയിടെ സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിലെ വിലയിരുത്തൽ. ഇങ്ങനെ, എൻ.ഇ.പി.ക്കു വിധേയമായാണ് നാലുവർഷബിരുദമെന്ന് അടിവരയിടുകയാണ് സർക്കാർ സമിതി.

To advertise here,

സ്‌കൂൾ വിദ്യാഭ്യാസത്തിൽ എൻ.ഇ.പി.യുടെ ചുവടുപിടിച്ചുള്ള പി.എം.-ശ്രീ പദ്ധതിയുമായി മുന്നോട്ടു പോവാനുള്ള നീക്കത്തിനിടെയാണ്, ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തെക്കുറിച്ചുള്ള ഈ നിരീക്ഷണം. നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള എൻ.ഇ.പി. വർഗീയ-വാണിജ്യവത്കരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു കൊണ്ടിരിക്കേയാണ്, ഇതേ നയത്തിന്റെ പൂർത്തീകരണം യാഥാർഥ്യമാക്കണമെന്നുള്ള സർക്കാർ സമിതിയുടെ ശുപാർശയെന്നതാണ് ശ്രദ്ധേയം.
കേരളത്തിലെ നാലുവർഷബിരുദം കേന്ദ്രനയത്തിനു ബദലെന്നായിരുന്നു എൽ.ഡി.എഫ്. സർക്കാറിന്റെ വാദം. എൻ.ഇ.പി.യുടെ പശ്ചാത്തലത്തിൽ, ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിനായി ഡോ. ശ്യാം.ബി.മേനോൻ കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് നാലുവർഷബിരുദം നടപ്പാക്കിയതെന്നും ഇടതുസർക്കാർ വിശദീകരിച്ചിരുന്നു.

നാലുവർഷബിരുദത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച്, പരിഹാരനിർദേശങ്ങൾ സമർപ്പിക്കാൻ കാര്യവട്ടം കോളേജിലെ അധ്യാപകൻ പ്രൊഫ. എസ്. ഗ്ലാഡ്സ്റ്റൺ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി കൺവീനറുമായി യു.ഡി.എഫ്. സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. പാഠ്യപദ്ധതിയും പരീക്ഷകളും ഉടച്ചുവാർക്കൽ, അന്തർസർവകലാശാലാ പഠനബോർഡ്, പ്രശ്‌ന പരിഹാര പോർട്ടൽ തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചു. അവയുടെ സമയബന്ധിതമായ നിർവഹണം അക്കാദമികനിലവാരം ശാക്തീകരിക്കുമെന്നും വിദ്യാർഥികളുടെ പഠനഫലം മെച്ചപ്പെടുത്തുമെന്നും സമിതി അഭിപ്രായപ്പെട്ടു. തുടർന്നാണ്, എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിനായി ഈ ശുപാർശകൾ സഹായിക്കുമെന്ന വിലയിരുത്തൽ. ഇതുവഴി, യു.ഡി.എഫ്. രാഷ്ട്രീയമായി എതിർക്കുന്ന എൻ.ഇ.പി.യെ നയപരമായി അംഗീകരിക്കുകയാണ് സർക്കാർ സമിതി.

എൽ.ഡി.എഫ് നടപ്പാക്കിയതും എൻ.ഇ.പി.- വിദഗ്ധസമിതി അധ്യക്ഷൻ
എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് തുടങ്ങിയ നാലുവർഷബിരുദം എൻ.ഇ.പി. ഘടനയനുസരിച്ചാണെന്ന് വിദഗ്ധസമിതി അധ്യക്ഷൻ പ്രൊഫ. എസ്. ഗ്ലാഡ്സ്റ്റൺ രാജ് മാതൃഭൂമിയോടു പറഞ്ഞു. വാർഷിക എക്‌സിറ്റും ഭാരതീയ ജ്ഞാനസംഹിതയും മാത്രമേ അവർ ഒഴിവാക്കിയിട്ടുള്ളൂ. ബിരുദഘടന, വിഷയ കോമ്പിനേഷൻ, മേജർ-മൈനർ തിരഞ്ഞെടുപ്പ് രീതി, ഓൺലൈൻ കോഴ്‌സുകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ എൻ.ഇ.പി. നിർദേശമനുസരിച്ചാണ് എൽ.ഡി.എഫ്. സർക്കാർ വിഭാവനം ചെയ്തതെന്നും ഗ്ലാഡ്സ്റ്റൺ രാജ് പറഞ്ഞു.

എൽ.ഡി.എഫ്. വാദിച്ചത് കേരള ബദൽ
എൻ.ഇ.പി.ക്കു ബദലാണ് കേരളത്തിൽ നടപ്പാക്കിയ നാലുവർഷബിരുദമെന്നായിരുന്നു എൽ.ഡി.എഫ്. സർക്കാറിന്റെ നിലപാട്. വാർഷിക എക്‌സിറ്റ് ഒഴിവാക്കിയതും ഭാരതീയ ജ്ഞാനസംഹിത പഠിപ്പിക്കേണ്ടെന്നു തീരുമാനിച്ചതും ഭാഷാപഠനത്തിലെ വൈവിധ്യവത്കരണവുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളായി ഇടതുപക്ഷം ഉയർത്തിക്കാട്ടി. ഒരു ശില്പശാലക്കിടെ, എൻ.ഇ.പി.യുടെ നിർദേശങ്ങളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ വാദിച്ചപ്പോൾ, അന്നത്തെ മന്ത്രി ആർ.ബിന്ദു ഇടപെട്ട് കേരളത്തിന്റേതു ബദൽ പാഠ്യപദ്ധതിയാണെന്നു തിരുത്തുകയും ചെയ്തിരുന്നു.