തിരുവനന്തപുരം: തൊഴിലവസരമുറപ്പാക്കാൻ കോഴ്‌സുകളുടെ ദിശമാറ്റിയതോടെ, സംസ്ഥാനത്ത് എൻജിനിയറിങ് പഠിക്കാൻ വിദ്യാർഥികൾ കൂടി. ഈ അധ്യയനവർഷം പ്രവേശനം അവസാനിപ്പിച്ചപ്പോൾ എൻജിനിയറിങ്ങിന്‌ ചേർന്നവരുടെ എണ്ണം ആകെ സീറ്റുകളുടെ 72 ശതമാനമായി ഉയർന്നു. കഴിഞ്ഞവർഷം 68 ആയിരുന്നു. 2021-22-ൽ 55 ആയിരുന്നു.

To advertise here,

സാങ്കേതികസർവകലാശാലയ്ക്കു(കെ.ടി.യു.)കീഴിലാണ് പ്രധാനമായും എൻജിനിയറിങ് കോളേജുകൾ. ഈ അധ്യയനവർഷത്തെ 67,974 സീറ്റിൽ 49,119 വിദ്യാർഥികളെത്തി.

എം.ടെക് ഉൾപ്പെടെയുള്ള കോഴ്‌സുകളിലാണ് ഈ വർധന. ബി.ടെക് മാത്രം കണക്കാക്കിയാൽ 2021-22-ലെ 25,313 വിദ്യാർഥികൾ ഇത്തവണ 41,441 പേരായി.

കുസാറ്റിൽ കഴിഞ്ഞവർഷം 1530 വിദ്യാർഥികളായിരുന്നു. ഇത്തവണ 1656 പേരായി. പോളിടെക്‌നിക്കിൽ 2024-25 അധ്യയനവർഷം 30,780 വിദ്യാർഥികൾ ചേർന്നിടത്ത് ഈ അധ്യയനവർഷം 34,783 പേരായി.

നൈപുണിക്കും തൊഴിലിനും ഊന്നൽനൽകി 2019-ലും 2024-ലും സാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു. പ്ലേസ്‌മെന്റുകൾ കൂടിയതും വിദ്യാർഥികളെ ആകർഷിക്കാൻ കാരണമായി.

പഠനം മാറിയതിങ്ങനെ

• ഒരുവർഷംവരെ ഇന്റേൺഷിപ്പിന് അവസരം.

• പ്രായോഗികപരിജ്ഞാനത്തിന് പ്രോജക്ട് അധിഷ്ഠിത പഠനം.

• വ്യവസായബന്ധിത മൈനർ കോഴ്‌സുകൾ.

• സ്റ്റാർട്ടപ്പ് ഇനവേഷൻ പാഠ്യപദ്ധതിയിൽ.

• കോളേജുകളിൽനിന്ന് പ്ലേസ്‌മെന്റ് സംവിധാനം.

കൂടുതൽ കംപ്യൂട്ടർ സയൻസിൽ

ബി.‍ടെക്. കംപ്യൂട്ടർ സയൻസിനും ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിനുമാണ് കൂടുതൽപേർ ചേർന്നത്. കംപ്യൂട്ടർ സയൻസിന് 2024-25-ൽ 12,286 പേരും 2025-26-ൽ 12,512 പേരും ചേർന്നു.

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന് 2024-25-ൽ 5254 പേരും 2025-26-ൽ 5574 പേരും ചേർന്നു. മെക്കാനിക്കൽ, സിവിൽ, ഇലക്‌ട്രിക്കൽ എന്നീ വിഭാഗങ്ങളിൽ ശരാശരി 3000-4000 വിദ്യാർഥികളും പ്രവേശനം നേടി.