ബെംഗളൂരു: കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ ഈവർഷം ഫീസ് വർധനയുണ്ടാകില്ല. ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം സർക്കാർ തള്ളി. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ് പ്രതിനിധികളുമായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

To advertise here,

നഴ്‌സിങ് വിദ്യാർഥികളിലധികവും ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽനിന്ന് വരുന്നവരായതിനാൽ ഫീസ് വർധന അംഗീകരിക്കാനാവില്ലെന്ന് മന്ത്രി നിലപാടെടുക്കുകയായിരുന്നു. നിലവിൽ നഴ്‌സിങ് കോളേജുകളിൽ സർക്കാർ ക്വാട്ടയിലുള്ള ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾക്ക് 10,000 രൂപയാണ് വാർഷികഫീസ്. മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റിൽ ഒരുലക്ഷം രൂപയും. കർണാടകത്തിന് പുറത്തുനിന്നുവരുന്ന വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയാണ് ഫീസ്. ഈ ഫീസ് ഘടന തുടരുമെന്ന് മന്ത്രി അറിയിച്ചു.

ഇത് ലംഘിക്കുന്ന കോളേജുകൾക്ക് ഫൈൻ ഈടാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 611 കോളേജുകളിലായി 35,000-ഓളം നഴ്‌സിങ് സീറ്റുകളാണ് കർണാടകത്തിലുള്ളത്. ഇതിൽ 20 ശതമാനമാണ് സർക്കാർ ക്വാട്ട. ബാക്കി മാനേജ്‌മെന്റ് ക്വാട്ടയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.