വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ കുടിയേറുന്നതിന് തടയിടാനും രാജ്യത്തേക്ക് വിദേശവിദ്യാർഥികളെ ആകർഷിക്കാനും കർമപദ്ധതി തയ്യാറാക്കി നിതി ആയോഗ്. 2047 ആവുമ്പോഴേക്കും വിദ്യാഭ്യാസരംഗം സമൂലമായി ഉടച്ചുവാർക്കുന്നതിനുള്ള 22 ശുപാർശകളും 76 കർമപദ്ധതികളും 125 മേഖലാതല നവീകരണസൂചികകളും 30 മികച്ച ഉദാഹരണങ്ങളുമടങ്ങുന്ന 'ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം' എന്ന റിപ്പോർട്ട് നിതി ആയോഗ് തിങ്കളാഴ്ച പുറത്തിറക്കി.

To advertise here,

മത്സരക്ഷമതയുള്ള കോഴ്‌സുകളും കരിക്കുലവും അക്കാദമിക അന്തരീക്ഷവും അടിസ്ഥാനസൗകര്യവും മിതമായചെലവും സ്‌കോളർഷിപ്പുകളുമടങ്ങുന്നതാണ് ശുപാർശ. വിദേശത്തേക്കുപോകുന്ന വിദ്യാർഥികളുടെ എണ്ണം കൂടുകയാണ്. 2024-ൽ മാത്രം 13,35,878 വിദ്യാർഥികളാണ് വിവിധരാജ്യങ്ങളിലേക്ക് ചേക്കേറിയത്.

ഏറ്റവുംകൂടുതൽ വിദ്യാർഥികളെ പുറത്തേക്കയക്കുന്ന ആദ്യ 10 സ്ഥാനങ്ങളിൽ കേരളമുണ്ട്. ആന്ധ്രപ്രദേശും പഞ്ചാബും മഹാരാഷ്ട്രയുമാണ് മുന്നിൽ. കാനഡ, അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽപ്പേർ പോകുന്നത്. ഇന്ത്യയിലേക്കുവരുന്നത് 50,000 പേർ. ഇതിൽ 30 ശതമാനവും നേപ്പാളിൽനിന്നാണ്.

2030-ൽ 85,000 മുതൽ 1.3 ലക്ഷംവരെയും 2035-ൽ 1.3 ലക്ഷംമുതൽ 2.4 ലക്ഷംവരെയും 2047 ആവുമ്പോഴേക്കും മൂന്നുലക്ഷംമുതൽ 11 ലക്ഷംവരെയും വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കുകയാണ് ലക്ഷ്യം.

വിദ്യാഭ്യാസവകുപ്പിനുള്ള നിർദേശങ്ങൾ

  • പ്രധാനതീരുമാനങ്ങളെടുക്കാൻ വിദ്യാഭ്യാസവകുപ്പിനോട് ചേർന്നുപ്രവർത്തിക്കേണ്ട മന്ത്രാലയങ്ങളെ ഉൾക്കൊള്ളിച്ച് കർമസേനയുണ്ടാക്കണം
  • അന്താരാഷ്ട്രബിരുദങ്ങളുടെ തുല്യതയുറപ്പാക്കണം
  • സ്വകാര്യമേഖലയിലടക്കമുള്ള പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളെ കണ്ടെത്തണം
  • വിദ്യാർഥികളുടെ പോക്കുവരവിനുള്ള നിയന്ത്രണങ്ങൾ സുതാര്യവും ലളിതവുമാക്കണം.
  • നിയമപരവും അക്കാദമികവുമായ കാര്യങ്ങൾ ഡിജിറ്റൈസ് ചെയ്യണം. ഫെലോഷിപ്പുകളടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം