
ഡെറാഡൂൺ: സ്ഥാപനത്തിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ രാഷ്ട്രീയ ചർച്ചകളിലോ പ്രവർത്തനങ്ങളിലോ പങ്കെടുക്കരുതെന്നും അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്നും വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി ഐഐടി റൂർക്കി. ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാറുടെ മെയിൽ നിന്നാണ് വിദ്യാർഥികൾക്ക് ഇത്തരമൊരു നിർദ്ദേശം ലഭിച്ചത്.
‘ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാമ്പസിലെ ചില അംഗങ്ങൾ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പരസ്യ പ്രസ്താവനകളിലൂടെയും വിമർശനങ്ങളിലൂടെയും അനുഭാവം പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജൂലൈ 20-ന് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ അയച്ച ഇമെയിലിൽ വ്യക്തമാക്കുന്നു.
"വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കായാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുള്ളതും ജീവനക്കാരെ നിയമിച്ചിട്ടുള്ളതും എന്ന് എല്ലാ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഓർമ്മിപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ രാഷ്ട്രീയ ചർച്ചകളിലോ പ്രവർത്തനങ്ങളിലോ പങ്കെടുക്കാനോ, കേന്ദ്ര ഗവൺമെന്റുമായോ മറ്റ് സംഘടനകളുമായോ ഉള്ള ബന്ധത്തെ ബാധിക്കുന്ന രീതിയിൽ മാധ്യമങ്ങളിലോ പൊതുവേദികളിലോ അഭിപ്രായപ്രകടനങ്ങൾ നടത്താനോ പാടില്ലെന്ന് ചട്ടങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്’- എന്ന് ഇമെയിലിൽ പറയുന്നു.
ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശമെങ്കിലും, ഇമെയിലിൽ പാർട്ടിയുടെ പേര് എടുത്തുപറഞ്ഞിട്ടില്ല.
അതേസമയം, വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക നിലപാടുകളും തമ്മിലുള്ള വേർതിരിവ് നിലനിർത്താൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്ന് ഐഐടി റൂർക്കി എക്സിൽ കുറിച്ചു. വ്യക്തികൾ സ്വന്തം നിലയിൽ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ അവരുടെ മാത്രമാണെന്നും അത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തമാക്കി.
ഇതൊരു പുതിയ നയമല്ലെന്നും ഓരോ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിലും സാധാരണയായി പുറപ്പെടുവിക്കുന്ന ഇന്റേണൽ അഡ്വൈസറി മാത്രമാണെന്നും ഐഐടി റൂർക്കി മീഡിയ ഇൻ-ചാർജ് സോണിക ശ്രീവാസ്തവ പ്രസ്താവനയിലൂടെ പിന്നീട് വിശദീകരിച്ചു.
നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എക്സിൽ പ്രതികരിച്ചു. ‘ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭരണഘടനാപരമായ ആവിഷ്കാര സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും നിഷേധിക്കാൻ ധൈര്യപ്പെടരുത്. ഇമെയിൽ പിൻവലിച്ച് മാപ്പ് പറയണം
- എന്ന് അവർ എക്സിൽ കുറിച്ചു.
Content Highlights: IIT Roorkee has issued a strict advisory prohibiting students and staff from participating in political discussions or expressing political views on social media without prior approval, sparking criticism from political leaders like Mahua Moitra.
Published: 22 Jul 2026, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented