ചെന്നൈ: ഇൻസ്റ്റിറ്റ്യൂട്ട് പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ഗവേഷകരിൽ നിന്ന് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം ഗവേഷണ പ്രവർത്തനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നവർക്കാണ് ഫെല്ലോഷിപ്പ് പ്രയോജനപ്പെടുക.

To advertise here,

പ്രായപരിധിയും യോഗ്യതയും

  • പിഎച്ച്ഡി കാലാവധി: പിഎച്ച്ഡി പൂർത്തിയാക്കി 5 വർഷത്തിനുള്ളിൽ അപേക്ഷിക്കണം.

  • പ്രായപരിധി: ചേരുന്ന തീയതിയിൽ പരമാവധി പ്രായം 32 വയസ്സ്.

  • ഇളവുകൾ: എസ്‌സി, എസ്ടി, വനിതാ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷത്തെയും, ഒബിസി-എൻസിഎൽ (OBC-NCL) ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെയും വയസ്സിളവ് ലഭിക്കും.

  • പ്രസിദ്ധീകരണങ്ങൾ: അപേക്ഷകർക്ക് പ്രൈമറി കോൺട്രിബ്യൂട്ടറായി കുറഞ്ഞത് രണ്ട് Q1 ജേണൽ പേപ്പറുകളെങ്കിലും ഉണ്ടായിരിക്കണം.

  • തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം: പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷ നൽകാം. എന്നാൽ ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിനകം പ്രൊവിഷണൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കാലാവധി

ഫെല്ലോഷിപ്പിന്റെ കുറഞ്ഞ കാലാവധി രണ്ട് വർഷമാണ്. തുടക്കത്തിൽ ഒരു വർഷത്തേക്ക് നൽകുന്ന ഫെല്ലോഷിപ്പ്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി രണ്ട് വർഷം കൂടി നീട്ടി നൽകും.

അപേക്ഷിക്കേണ്ട വിധം

  1. അപേക്ഷകർ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഐഐടി മദ്രാസിലെ ഏതെങ്കിലും ഫാക്കൽറ്റി അംഗത്തെ കണ്ടെത്തണം. ഗവേഷണ പ്രൊപ്പോസൽ ചർച്ച ചെയ്ത് ഫാക്കൽറ്റിയുടെ അനുമതി  വാങ്ങി വേണം അപേക്ഷിക്കാൻ.

  2. തുടർന്ന് ബന്ധപ്പെട്ട വകുപ്പ് അപേക്ഷ പരിശോധിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ പ്രൊപ്പോസലും പ്രവീണ്യവും വിലയിരുത്തുന്നതിനായി സെമിനാറിനായി ക്ഷണിക്കും.

  3. ഡിപ്പാർട്ട്‌മെന്റൽ ഇവാലുവേഷൻ കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവരെ ഇൻസ്റ്റിറ്റ്യൂട്ട് സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തും.

  4. സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ ഡയറക്ടർ അംഗീകരിക്കുന്നതോടെ അന്തിമ തിരഞ്ഞെടുപ്പ് പൂർത്തിയാകും.