
വർഷങ്ങൾക്കുമുമ്പ് അച്ഛൻ ഐ.ഐ.ടി എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെട്ടതാണ് തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുകയാണ് ഐ.ഐ.ടി ബി.എച്ച്.യു പൂർവ്വവിദ്യാർഥിയും ന്യൂയോർക്കിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ആകാശ് സമ്പൂർണാനന്ദ് പാണ്ഡെ. മാതാപിതാക്കളുടെ അനാവശ്യ പ്രതീക്ഷകളും പഠനഭാരവും കുഞ്ഞുങ്ങളെ തളർത്തുന്ന കാലത്ത്, പരാജയപ്പെട്ട അച്ഛൻ മകന് നൽകിയ സ്വാതന്ത്ര്യത്തിന്റെ കഥയാണ് എക്സിലൂടെ ആകാശ് പങ്കുവെച്ചത്.
1980-ലാണ് ആകാശിന്റെ അച്ഛൻ ഐ.ഐ.ടി ജെ.ഇ.ഇ പരീക്ഷ എഴുതുന്നത്. സ്വന്തം ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയെന്ന നിലയിലാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തതെന്ന് പോസ്റ്റിൽ പറയുന്നു. പരീക്ഷയ്ക്ക് വെറും ആറുമാസം മുമ്പ് മാത്രമാണ് ഐ.ഐ.ടിയെ കുറിച്ച് അറിയുന്നത് തന്നെ. പോക്കറ്റിൽ വെറും 10 രൂപയുമായി 200 കിലോമീറ്ററോളം ലിഫ്റ്റ് ചോദിച്ചും നടന്നുമാണ് അന്ന് അദ്ദേഹം പരീക്ഷാ കേന്ദ്രത്തിലെത്തിയത്.
"പക്ഷേ അച്ഛൻ പരാജയപ്പെട്ടു. ഒരു ചോദ്യത്തിന് പോലും ഉത്തരം നൽകാനായില്ല," ആകാശ് കുറിക്കുന്നു. എന്നാൽ ആ തോൽവി അച്ഛനെ നിരാശനാക്കിയില്ല. ഐ.ഐ.ടിയെയും അവിടെനിന്ന് പഠിച്ചിറങ്ങിയവരെയും അദ്ദേഹം എന്നും ബഹുമാനത്തോടെയാണ് കണ്ടത്.
അച്ഛന്റെ പരാജയമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'സമ്മാനം' എന്നാണ് ആകാശ് വിശേഷിപ്പിക്കുന്നത്. "ആ പരാജയം എന്നെ എല്ലാത്തരം മാനസിക സമ്മർദ്ദങ്ങളിൽ നിന്നും സ്വതന്ത്രനാക്കി. തോറ്റാൽ ഞാൻ അച്ഛനെപ്പോലെയാകും അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഇനി ജയിച്ചാൽ കുടുംബത്തിലെ ആദ്യത്തെ ഐ.ഐ.ടിയനാകാം. തോൽവിയിൽ നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു, എന്നാൽ ജയിച്ചാൽ വലിയ നേട്ടവും. പ്രതീക്ഷകളുടെ ഭാരമില്ലാതെ, ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് എന്നെ സഹായിച്ചു,"- ആകാശ് എഴുതുന്നു.
താൻ ജയിക്കാത്ത പരീക്ഷ ജയിക്കാൻ മകനെ നിർബന്ധിക്കില്ലെന്നായിരുന്നു അച്ഛന്റെ പക്ഷമെന്നും കുറിപ്പിൽ പറയുന്നു. 2012-ൽ ആദ്യ ശ്രമത്തിൽ തന്നെ ആകാശ് ഐ.ഐ.ടി ജെ.ഇ.ഇ കരസ്ഥമാക്കി.
1980-ൽ അച്ഛൻ അന്ന് പരീക്ഷ ജയിച്ചിരുന്നെങ്കിൽ തന്റെ ജീവിതം ഒരുപക്ഷേ മറ്റൊന്നായേനെ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ആകാശ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Akash Sampurnanand Pandey, an IIT BHU alumnus and New York-based software engineer, shared how his father's failure in the 1980 IIT entrance exam freed him from societal expectations and pressure, paving the way for his own success in clearing IIT JEE on his first attempt in 2012.
Published: 05 Aug 2026, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented