
പ്ലസ്ടു കഴിഞ്ഞ് മാനേജ്മെന്റ് പഠനമേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കായി, റോഹ്‌തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.
കോഴ്സ് ഘടന
ഓരോ വർഷവും മൂന്നു ടേമുകൾ ഉണ്ടാകും. മൊത്തം 15 ടേമുകൾ. ആദ്യ ഭാഗത്ത് ഫൗണ്ടേഷൻ കോഴ്സുകൾക്കും രണ്ടാം ഭാഗത്ത് മാനേജ്‌മെന്റ് കോഴ്സുകൾക്കും ഊന്നൽനൽകുന്നു. ഓരോ അക്കാദമിക് വർഷത്തിന്റെയും അവസാന കാലയളവിൽ ഇന്റേൺഷിപ്പ് ഉണ്ടാകും.
അണ്ടർ ഗ്രാജ്വേറ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെന്റ് പഠനം സംയോജിപ്പിക്കുന്ന പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ+മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.+എം.ബി.എ.) ബിരുദം ലഭിക്കും.
മൂന്നുവർഷത്തെ പഠനത്തിനുശേഷം കുറഞ്ഞത് അഞ്ച് സി.ജി.പി.എ. നേടുന്നപക്ഷം രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദപഠനം തുടരാം. മൂന്നുവർഷം കഴിയുമ്പോൾ സി.ജി.പി.എ. അഞ്ചിൽ താഴെ പക്ഷേ, കുറഞ്ഞത് നാല് എങ്കിലും നേടുന്നവർക്ക് ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) ബിരുദവുമായി പുറത്തുവരാം (എക്സിറ്റ് ഓപ്ഷൻ). മൂന്നുവർഷ പഠനം കഴിയുമ്പോൾ അതുവരെയുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കും എക്സിറ്റ് ഓപ്ഷൻ സ്വീകരിക്കാം. മൂന്നാംവർഷത്തിൽ നിശ്ചിത സമയപരിധിക്കകം താത്പര്യം അറിയിക്കണം. അവർക്കും ബി.ബി.എ. ബിരുദം ലഭിക്കും. ആദ്യ മൂന്നുവർഷം പ്രതിവർഷ ഫീ 6,22,045 രൂപയാണ്. മറ്റ് ചാർജുകൾ/ഡിപ്പോസിറ്റ് എന്നിവയും ഉണ്ടാകും. നാല്, അഞ്ച് വർഷങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ അന്നത്തെ ഫീ/ചാർജുകൾ ബാധകമായിരിക്കും.
യോഗ്യത
പത്താം ക്ലാസ്/സെക്കൻഡറി പരീക്ഷയും പന്ത്രണ്ടാം ക്ലാസ്/ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷയും 60 ശതമാനം മാർക്കോടെ (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) ജയിച്ചിരിക്കണം. സ്ട്രീം ഏതുമാകാം. ഏറ്റവും മികച്ച സ്‌കോറുള്ള അഞ്ച് വിഷയങ്ങളിലെ മാർക്കായിരിക്കും ഇതിനായി പരിഗണിക്കുക.
2026 ജൂൺ അവസാനത്തോടെ യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 2026 ജൂൺ 30-ന് 20 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 25 വയസ്സ്.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ആയി നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.പി.എം.എ.ടി.) മേയ് 10-ന് രാവിലെ ഒൻപതിന് നടത്തും. പരീക്ഷാദൈർഘ്യം രണ്ടുമണിക്കൂർ.
ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി എന്നീ മേഖലകളിൽനിന്നും നാല് മാർക്ക് വീതമുള്ള 40 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
ഈ ടെസ്റ്റ് അടിസ്ഥാനമാക്കി മിനിമം യോഗ്യതാ വ്യവസ്ഥ, ഐ.പി. മാറ്റ് സ്‌കോർ എന്നിവ പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പേഴ്സണൽ ഇന്റർവ്യൂ ഉണ്ടാകും. ഇന്റർവ്യൂ ജൂൺ ഒന്നാം/രണ്ടാം വാരം ആയിരിക്കും. അക്കാദമിക്സ്, ജനറൽ അവയർനസ്, കമ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയവ ഈ ഘട്ടത്തിൽ വിലയിരുത്തും.
ഐ.പി.എം.എ.ടി. സ്കോർ (55 ശതമാനം വെയ്റ്റേജ്), പേഴ്സണൽ ഇന്റർവ്യൂ (15), ക്ലാസ് 10 അക്കാദമിക് മികവ് (10), ക്ലാസ് 12 അക്കാദമിക് മികവ് (20) എന്നിവ പരിഗണിച്ച് മെറിറ്റ് പട്ടിക തയ്യാറാക്കും. ജൂലായ് രണ്ടാംവാരം സെലക്‌ഷൻ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. സെഷൻ ഓഗസ്റ്റ് മൂന്നാംവാരം തുടങ്ങും.
അപേക്ഷ
www.iimrohtak.ac.in വഴി ഏപ്രിൽ ആറുവരെ അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 4937 രൂപ.
Content Highlights: Pursue your management dreams! Apply for the 5-year Integrated Program in Management (IPM) at IIM Rohtak after 12th.
Published: 15 Feb 2026, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented