കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച് ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റ് 2025, സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ മത്സരങ്ങള്‍ക്ക് സംസ്ഥാനത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ഇതിനോടകം 250-ലധികം കലാലയങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന ആഗോള ഉച്ചകോടിയുടെ ഭാഗമായാണ് മത്സരങ്ങള്‍.

To advertise here,

'കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നൂതനമായ ആശയങ്ങളും ഊര്‍ജ്ജസ്വലമായ കാഴ്ചപ്പാടുകളും നാളത്തെ കേരളം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും. ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോര്‍ ദ ഫ്യൂച്ചര്‍ എന്നിവ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പുകളാണ്'- ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനും മുന്‍ ഇന്ത്യന്‍ അംബാസഡറുമായ വേണു രാജാമണി പറഞ്ഞു.

'വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന ഈ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഇത്രയധികം കലാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്, കേരളത്തിന്റെ ഭാവിയെക്കുറിച്ച് ക്രിയാത്മകമായി ചിന്തിക്കാന്‍ യുവതലമുറ എത്രമാത്രം താല്‍പ്പര്യം കാണിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഈ പങ്കാളിത്തം തന്നെ പരിപാടിയുടെ ആദ്യ വിജയമാണ്'- ജെയിന്‍ സര്‍വകലാശാല ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടറും പരിപാടിയുടെ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് വ്യക്തമാക്കി.

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഘടകങ്ങള്‍ സംയോജിപ്പിച്ച ഒരു ഹൈബ്രിഡ് ഇന്നൊവേഷന്‍ മത്സരമാണ് ഐഡിയ ഫെസ്റ്റ് 2025. കേരളത്തിലെ കോളേജുകളിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ടീമുകളായി പങ്കെടുക്കാം. നവംബര്‍ ആദ്യവാരം നടക്കുന്ന ഓണ്‍ലൈന്‍ 'ഡിസൈന്‍ തിങ്കിംഗ്' ശില്പശാലയ്ക്ക് ശേഷം നവംബര്‍ 21, 22 തിയതികളില്‍ ക്യാമ്പസിലാണ് മത്സരം. ഒക്ടോബര്‍ 25 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി.

ഐഡിയ ഫെസ്റ്റിന് പുറമെ, വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരമായ സ്പീക്ക് ഫോര്‍ ഫ്യൂച്ചറില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും 11, 12 വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ച്ചപ്പാടില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റില്‍ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തില്‍ തയാറാക്കി സമര്‍പ്പിക്കണം. കൂടാതെ, ‘SpeakForTheFuture’ എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വേണം. 2026 ജനുവരി 10 ആണ് അവസാന തീയതി.

വിജയികള്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ, നയരൂപകര്‍ത്താക്കള്‍ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.futurekerala.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +917034044242 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.