ഹരിപ്പാട്: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) കാർഷികബിരുദ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ട പ്രവേശനം നീളുന്നു. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) അടിസ്ഥാനമാക്കിയാണ് അലോട്‌മെന്റ്. സിയുഇടി ഫലം ജൂലായ് നാലിനു പ്രസിദ്ധീകരിച്ചിരുന്നു. രണ്ടുമാസത്തോളമായിട്ടും കൗൺസലിങ് തീയതിപോലും പ്രഖ്യാപിച്ചിട്ടില്ല.

To advertise here,

കഴിഞ്ഞവർഷം ജൂലായ് 26-നാണ് സിയുഇടി ഫലംവന്നത്. ഓഗസ്റ്റ് ഏഴിന് ഐസിഎആർ പ്രവേശന നടപടി തുടങ്ങി. എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ രാജ്യത്തെ പ്രധാന അഖിലേന്ത്യാക്വാട്ട പ്രവേശന കൗൺസലിങ്ങുകളെല്ലാം പുരോഗമിക്കുകയാണ്. എന്നിട്ടും ഇത്തവണത്തെ ഐസിഎആർ പ്രവേശനം സംബന്ധിച്ച് അറിയിപ്പില്ല. ഇതിനാൽ കൃഷിയിലും അനുബന്ധ കോഴ്‌സുകളിലും ബിരുദപഠനം ആഗ്രഹിക്കുന്നവർ സ്വകാര്യസ്ഥാപനങ്ങളിലോ മറ്റു കോഴ്‌സുകളിലോ ചേരുകയാണ്.

സ്വകാര്യസ്ഥാപനങ്ങളിൽ ചേരുന്നവർക്ക് പിന്നീട് ഐസിഎആർ കൗൺസലിങ്ങിൽ അലോട്‌മെന്റ് ലഭിച്ചാലും പ്രവേശനം ബുദ്ധിമുട്ടാകും. ചില സ്വകാര്യസ്ഥാപനങ്ങൾ ഫീസ് പൂർണമായും അടച്ചാലേ സർട്ടിഫിക്കറ്റുകളും മറ്റും മടക്കിനൽകൂ.

74 സ്ഥാപനങ്ങളിലേക്കാണ് അഖിലേന്ത്യാക്വാട്ടയിൽ പ്രവേശനം. 2024-ൽ ആകെ 5,842 സീറ്റിലായിരുന്നു. ഐസിഎആർ സർവകലാശാലകളിലെയും കേന്ദ്രസർവകലാശാലകളിലെയും എല്ലാ സീറ്റിലും സംസ്ഥാന കാർഷിക സർവകലാശാലകളിലെ 20 ശതമാനം സീറ്റിലുമാണ് ഐസിഎആർ കൗൺസലിങ് വഴി പ്രവേശനം നൽകുന്നത്. അഗ്രിക്കൾച്ചർ, ഹോർട്ടിക്രോപ്, ഫോറസ്ട്രി, നാച്വറൽ ഫാമിങ്, സെറികൾച്ചർ, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷൻ ആൻഡ് ഡയറ്റീഷൻ, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഫിഷറീസ് സയൻസ് എന്നീ ബിഎസ്‌സി കോഴ്‌സുകളിലും ബിടെക് അഗ്രിക്കൾച്ചർ എൻജിനിയറിങ്, ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ കോഴ്‌സുകളിലുമാണ് പ്രവേശനം.