ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) സംവിധാനത്തിനുകീഴിലുള്ള കാർഷിക സർവകലാശാലകളിലെ അഗ്രിക്കൾച്ചർ, അനുബന്ധ വിഷയങ്ങളിലെ (വെറ്ററിനറി സയൻസസ് ഒഴികെ), അണ്ടർ ഗ്രാജ്വേറ്റ് (യുജി) പ്രോഗ്രാമുകളിലെ 2025-ലെ അഖിലേന്ത്യാ ക്വാട്ട പ്രവേശനം കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (സിയുഇടി) (ഐസിഎആർ-യുജി) അടിസ്ഥാനമാക്കിയായിരിക്കും. മൊത്തം 13 ബിരുദതലപ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്.

To advertise here,

പ്രോഗ്രാമുകൾ

• ബിഎസ്‌സി ഓണേഴ്സ് -അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, സെറികൾച്ചർ, നാച്വറൽ ഫാമിങ്, അഗ്രി ബിസിനസ് മാനേജ്മെൻറ് (പ്രക്രിയയിലേക്ക് വന്ന പുതിയ പ്രോഗ്രാം), ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസസ്, ബിടെക് -അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡെയറി ടെക്‌നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി

വിവിധ സർവകലാശാലകളിലെ/സ്ഥാപനങ്ങളിലെ ഈ പ്രോഗ്രാമുകളിലെ 20 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ ഈ പരീക്ഷവഴിയാകും നികത്തുന്നത്

• റാണി ലക്ഷ്മിബായ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (ജാൻസി), ഐസിഎആർ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കർനാൾ), ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (പ്യൂസാ, ബിഹാർ), ഐസിഎആർ -ഐഎആർഐ (ന്യൂഡൽഹി), ഹബ്ബുകൾ എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും ഈ പരീക്ഷവഴി നികത്തും

പരീക്ഷയുടെ പരിധിയിൽവരുന്ന സർവകലാശാലകളുടെ/സ്ഥാപനങ്ങളുടെ താത്‌കാലിക പട്ടിക icar.org.in ലെ സിയുഇടി (ഐസിഎആർ -യുജി) 2025 ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

സീറ്റുകൾ, കേരളത്തിലെ സ്ഥാപനങ്ങൾ

സൂചിപ്പിച്ച കോഴ്സുകളിൽ 12 എണ്ണത്തിലായി മൊത്തം 5842 ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ 2024-ൽ ദേശീയതലത്തിലുണ്ടായിരുന്നു. താത്‌കാലിക സീറ്റ് ലഭ്യത ബുള്ളറ്റിനിലുണ്ട്.

പരീക്ഷയുടെ പരിധിയിൽവരുന്ന കേരളത്തിലെ സർവകലാശാലകൾ, കോഴ്സുകൾ, ഐസിഎആർ ക്വാട്ട സീറ്റ് ലഭ്യത എന്നിവ ഇപ്രകാരമാണ്:

• കേരള കാർഷിക സർവകലാശാല തൃശ്ശൂർ: ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ (ഐസിഎആർ ക്വാട്ട സീറ്റുകൾ -83); ബിഎസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി (6); ബിടെക് അഗ്രിക്കൾച്ചറൽ എൻജി. (10); ബിടെക് ഫുഡ് ടെക്നോളജി (6)

• കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്, കൊച്ചി: ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസസ് (16)

• കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, വയനാട്: ബിടെക് ഡെയറി ടെക്നോളജി (8)

പൊതുയോഗ്യതാ വ്യവസ്ഥകൾ

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, അഗ്രിക്കൾച്ചർ എന്നിവയിൽ മൂന്നുവിഷയങ്ങളെങ്കിലും കോർ വിഷയങ്ങളായി പഠിച്ച്, 10+2 സീനിയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, അംഗീകൃത ബോർഡിൽനിന്ന്‌ മൊത്തത്തിൽ 50 ശതമാനം മാർക്കുവാങ്ങി (പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 40 ശതമാനം) ജയിച്ചിരിക്കണം. മാർക്ക് അടുത്ത പൂർണസംഖ്യയിലേക്ക് ക്രമീകരിക്കാൻ പറ്റില്ല.

സിബിഎസ്ഇ, സിഐഎസ്‌സിഇ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് എന്നിവ നടത്തുന്ന പ്ലസ്‌ടുതല പരീക്ഷകൾ, കേരള ഹയർസെക്കൻഡറി, കേരള വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ എന്നിവയും അംഗീകൃതപരീക്ഷകളിൽ ഉൾപ്പെടും. യോഗ്യതാപരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. അലോട്മെൻറ് ലഭിച്ചാൽ പ്രവേശനവേളയിൽ ബന്ധപ്പെട്ട സർവകലാശാലയിൽ യോഗ്യതനേടിയതിന്റെ രേഖ ഹാജരാക്കണം.

മെട്രിക്കുലേഷനുശേഷം ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. ഐസിഎആർ/സ്ഥാപനതല യോഗ്യതാവ്യവസ്ഥകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

2025 ഓഗസ്റ്റ് 31-ന് കുറഞ്ഞത് 16 വയസ്സുണ്ടായിരിക്കണം. പ്രവേശനം നൽകുന്ന സർവകലാശാലകൾക്ക് അവരുടേതായ പ്രവേശനവ്യവസ്ഥകൾ (ഉയർന്ന പ്രായപരിധി, ഒരു പ്രോഗ്രാമിലെ പ്രവേശനത്തിന് യോഗ്യതാകോഴ്സിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, ജെൻഡർ സ്പെസിഫിക് പ്രിഫറൻസുകൾ എന്നിവപോലെ) ഉണ്ടാകാം. സർവകലാശാലാ വെബ്സൈറ്റിൽ അവ പരിശോധിക്കണം. അവിടെ പ്രവേശനം തേടുന്ന വിദ്യാർഥി അവ തൃപ്തിപ്പെടുത്തേണ്ടിവരും.

പരീക്ഷാഘടന

ഒരാൾക്ക് ഭാഷകൾ, ഡൊമൈൻ വിഷയങ്ങൾ, ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെ പരമാവധി അഞ്ച് വിഷയങ്ങൾ/ ടെസ്റ്റുകൾ വരെ തിരഞ്ഞെടുക്കാം എന്നതാണ് പൊതുവായ വ്യവസ്ഥ.

ചേരാനുദ്ദേശിക്കുന്ന സ്ഥാപനം/കോഴ്സ് എന്നിവയ്ക്കു ബാധകമായ വിഷയത്തിന്/വിഷയങ്ങളുടെ ടെസ്റ്റ് അഭിമുഖീകരിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങൾ cuet.nta.nic.in/universities ൽ ലഭിക്കും. അതിൽ ‘അദർ ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂഷൻസ്’ വിഭാഗത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) ലിങ്കിൽ, ഐസിഎആർ പ്രവേശനത്തിന്‌ ബാധകമായ ഡൊമൈൻ വിഷയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് പ്രോഗ്രാമുകൾക്ക് മാപ് ചെയ്തിരിക്കുന്ന ഡൊമൈൻ വിഷയങ്ങൾ അഗ്രിക്കൾച്ചർ, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയാണ്. ഈ ഡൊമൈൻ വിഷയങ്ങളിൽ കുറഞ്ഞത് മൂന്നുവിഷയങ്ങളാണ് പ്ലസ്‌ടുതലത്തിൽ പഠിച്ചിരിക്കേണ്ടത്. ഇവയിൽ, പഠിച്ച മൂന്നുവിഷയങ്ങളെങ്കിലും സിയുഇടിയിൽ അഭിമുഖീകരിക്കണം.

പരീക്ഷകളുടെ സമയം, ചോദ്യഘടന, സിലബസ്, പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയവ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.പരീക്ഷ മേയ് എട്ടിനും ജൂൺ ഒന്നിനും ഇടയ്ക്ക് നടത്തും.

അപേക്ഷ

മാർച്ച് 22-ന് രാത്രി 11.50 വരെ cuet.nta.nic.in/ വഴി നൽകാം. ബാധകമായ അപേക്ഷാഫീസ് 23-ന് രാത്രി 11.50-നകം അടയ്ക്കണം.അപേക്ഷയിലെ പിശകുകൾ തിരുത്താൻ 24 മുതൽ 26-ന് രാത്രി 11.50 വരെ അവസരമുണ്ടാകും.

അലോട്മെന്റ് ഐസിഎആർ നടത്തും

പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി ഐസിഎആറിന് കൈമാറും. സീറ്റ് അലോട്മെൻറിനുള്ള കൗൺസലിങ് ഐസിഎആർ നടത്തും. അതിന്റെ വിവരങ്ങൾ icar.org.in ൽ പ്രസിദ്ധീകരിക്കും.