
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ പരീക്ഷകൾ ജൂൺ 21-ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികളും ആന്റിജൻ പരിശോധന നടത്തണം. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളിൽ ഇരുത്തും. പരീക്ഷാഹാളിൽ രണ്ടുമീറ്റർ അകലത്തിൽ വിദ്യാർഥികളെ ഇരുത്തണം.
പരീക്ഷാ ക്രമീകരണങ്ങൾ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകൾ കോളേജ് തുറന്നാലും ഓൺലൈനായിത്തന്നെ നടത്തും. പ്രാക്ടിക്കൽ ക്ലാസുകളും ക്ലിനിക്കൽ ക്ലാസുകളുമാണ് ജൂലായ് ആദ്യം തുടങ്ങുക.
പരീക്ഷയ്ക്കായി ഹോസ്റ്റലിൽ വരേണ്ട വിദ്യാർഥികൾ കഴിവതും നേരത്തേ കോവിഡ് പരിശോധന നടത്തി എത്തണം. ഹോസ്റ്റലിലുള്ളവരും വീട്ടിൽനിന്നു വരുന്നവരും തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല. പോസിറ്റീവായ വിദ്യാർഥികളെ തിയറി പേപ്പർ എഴുതാൻ അനുവദിക്കുമെങ്കിലും പ്രാക്ടിക്കലിൽ പങ്കെടുക്കാൻ ഉടൻ അനുവാദമുണ്ടാകില്ല. പോസിറ്റീവായവർ 17 ദിവസം കഴിഞ്ഞ് പ്രിൻസിപ്പൽമാരെ വിവരമറിയിക്കണം. ഇവർക്ക് പ്രത്യേകം പ്രാക്ടിക്കൽ പരീക്ഷ നടത്തും.
പരീക്ഷ നടത്തേണ്ട സ്ഥാപനങ്ങൾ കൺടെയ്ൻമെന്റ് സോണിലാണെങ്കിൽ അടിയന്തരമായി സർവകലാശാലയെ അറിയിക്കണം. അവർക്ക് പരീക്ഷ നടത്താൻ സർക്കാർ പ്രത്യേക അനുമതി നൽകും. കൺടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പോകാം. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കിൽ അത്യാവശ്യമുള്ള വാഹനസൗകര്യങ്ങൾ കോളേജ് തന്നെ ഒരുക്കണം.
ആരോഗ്യ സർവകലാശാലാ വി.സി. ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, പ്രോ. വി.സി. ഡോ. സി.പി. വിജയൻ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അനിൽ കുമാർ, രജിസ്ട്രാർ ഡോ. മനോജ് കുമാർ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. ഇക്ബാൽ എന്നിവർ പങ്കെടുത്തു.
Content Highlights: Health University exam from June 21, the class will be started by July 1
Published: 19 Jun 2021, 12:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented