കൊച്ചി: ''ഒരു സംശയവും വേണ്ട, നമ്മള്‍ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ഥി സമൂഹമുള്ള നാടാണ്...' ഹൈക്കോടതി ജഡ്ഡി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കുകള്‍ കാതോരമെത്തുമ്പോള്‍ ആകാംക്ഷയുടെയും ആവേശത്തിന്റെയും ട്രാക്കിലായിരുന്നു അവരെല്ലാം. വാക്കുകളുടെ പെരുമഴയ്ക്കുശേഷം ആരാകും സംവാദത്തിന്റെ വിജയതേജസ്സായി ഉദിക്കുകയെന്ന ചോദ്യത്തിന് ഉത്തരമാകാന്‍ പിന്നെ അധിക നേരത്തിന്റെ കാത്തിരിപ്പുണ്ടായിരുന്നില്ല. ഒരു നിമിഷം ആകാംക്ഷ യുടെ നിശ്ശബ്ദത നിറഞ്ഞ ആ വേദിയില്‍ ജസ്റ്റിസിന്റെ 'വിധിപ്രഖ്യാപനം വന്നു... വിജയി ആദര്‍ശ്. അതിനുമുന്‍പ് ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ സി.എം. ശശിധരന്‍ റണ്ണറപ്പിനെ പ്രഖ്യാപിച്ചിരുന്നു... തേജസ് കൃഷ്ണ
ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ യുടെ ഒന്‍പതാം എഡിഷനില്‍ തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റിയിലെ എച്ച് എസ്. ആദര്‍ശ് വാക്കത്തിന്റെ വിജയകിരീടം ചൂടുമ്പോള്‍ അരികില്‍ പുഞ്ചിരിയോടെ റണ്ണറപ്പ് ട്രോഫിയുമായി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെ എസ്.ഡി. തേജസ് കൃഷ്ണയുമുണ്ടായിരുന്നു. എട്ടുപേര്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫിനാലെയിലെ മറ്റു പോരാളികളായ കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ധീരജ് - ശ്രീകുമാര്‍, ബെനറ്റ് വര്‍ഗീസ്, തൃശ്ശൂര്‍ നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസിയിലെ നിന്‍ നൗഷാദ്, കൊല്ലം ഗവ. മെഡിക്കല്‍ കോളജിലെ റിയ ട്രീസ തോമസ്, കേരള യൂണിവേഴ്‌സിറ്റിയിലെ കെ.ആര്‍. പ്രിവിയ, കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിലെ പ്രണവ് മോഹന്‍ എന്നിവരും മികച്ച വാക്‌പോരാട്ടത്തിന്റെ സാക്ഷ്യപത്രങ്ങളുമായി വേദിയിലെ നക്ഷത്രത്തിളക്കങ്ങളായി.
'ഡിജിറ്റല്‍ വ്യക്തിഗത ഡേറ്റ സംരക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം' എന്ന വിഷയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെയിലെ ആദ്യ റൗണ്ട് മത്സരം നടന്നത്. ഡിജിറ്റല്‍ ഡേറ്റ എന്നത് പുതിയ കാലത്തിന്റെ ഇന്ധനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിഷയത്തെ അനുകൂലിച്ച് സംസാരിച്ചവര്‍ വാക്‌പോരാട്ടത്തിനു തുടക്കമിട്ടത്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്ശങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിശ്വാസ്യതയാണ് ഡേറ്റയുടെ അടിസ്ഥാനമെന്നും അത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്നും മറുവാദക്കാര്‍ ചൂണ്ടിക്കാട്ടി.
'മനുഷ്യന്‍ കാടുകയറിയതോ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയതോ' എന്ന വിഷയത്തില്‍ സംവാദത്തിന്റെ രണ്ടാം റൗണ്ട് പോരാട്ടം മുറുകിയപ്പോഴും മികച്ച ആശയങ്ങളുടെ പെരുമഴ തന്നെയാണ് പെയ്തത്. മനുഷ്യന്‍ അവന്റെ വികാസത്തിനു വേണ്ടി പ്രകൃതിയുടെ എല്ലാ തലങ്ങളിലേക്കും സഞ്ചരിക്കുന്നവനാണെന്നാണ് അനുകൂലിച്ചു സംസാരിച്ചവരുടെ വാദം. തന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നത് മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രം കൂടിയാണന്നും ഇവര്‍ വാദിച്ചു. എന്നാല്‍, ആവശ്യത്തിന് വനമേഖല ഇല്ലാതെ വരുമ്പോള്‍ മൃഗങ്ങളും കാടിറങ്ങുന്നത് സ്വാഭാവികമായ ഒന്നാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ്, സെയ്ന്റ് തെരേസാസ് കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. ലതാനായര്‍ എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിധികര്‍ത്താക്കള്‍. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജണല്‍ ഹെഡുമായ ബിനു തോമസ്, 'മാതൃഭൂമി' ഡയറക്ടര്‍ - ഓപ്പറേഷന്‍സ് എം.എസ്. ദേവിക, വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷന്‍സ് പി.പി മിനി, ആലുവ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മിലോണ്‍ ഫ്രാന്‍സ്, തൃശ്ശൂര്‍ കേരളവര്‍മ കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ട. മേധാവി എന്‍.ആര്‍. അനില്‍കുമാര്‍, 'മാതൃഭൂമി' ജനറല്‍ മാനേജര്‍ - പബ്ലിക് റിലേഷന്‍സ് കെ.ആര്‍. പ്രമോദ്, ജനറല്‍ മാനേജര്‍ - മീഡിയ സൊല്യൂഷന്‍സ് ടി. സുദീപ് കുമാര്‍, എജിഎം മീഡിയ സൊല്യൂഷന്‍സ് വിഷ്ണു നാഗപ്പള്ളി, ഡെപ്യൂട്ടി ചീഫ് മാനേജര്‍ കെ. അനീഷ് എന്നിവരും സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.
സ്പീക്ക് ഫോര്‍ ഇന്ത്യ ഒരു മത്സരമല്ലെന്നും ആശയങ്ങളുടെയും ചിന്തകളുടെയും ഉത്സവമാണനും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹൈഡുമായ സി.എം. ശശിധരന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ തെളിയിക്കാനും ഭാവിയില്‍ നല്ലൊരു മനുഷ്യനായി രൂപപ്പെടാനുമുള്ള വേദിയാണ് സ്പീക്ക് ഫോര്‍ ഇന്ത്യയുടേത്. 2014-ല്‍ ആരംഭിച്ച ഈ പരിപാടിയില്‍ഇതുവരെ രാജ്യത്താകമാനം രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളില്‍ ഈ പരിപാടി നടത്തുന്നുണ്ട്. ഏറ്റവും മികച്ചയാളെയാണ് ഓരോ തവണയും തിരഞ്ഞെടുക്കാറുള്ളത്. രാജ്യത്തിന്റെ ഭാവിയാണ് യുവതലമുറ. അവരെ മികച്ച രീതിയില്‍ വാര്‍ ത്തെടുക്കാനുള്ള ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ശ്രമമാണ് സ്പീക്ക് ഫോര്‍ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ചിന്തിക്കാനും പ്രതികരിക്കാനും അറിയുന്ന യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പീക്ക് ഫോർ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ബിനു തോമസ് പറഞ്ഞു. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 2014-ലാണ് സ്പീക്ക് ഫോർ ഇന്ത്യ എന്ന പരിപാടി ആരംഭിച്ചത്. കോവിഡിനെ തുടർന്ന് രണ്ട് വർഷം പരിപാടി നടത്താനായി കഴിഞ്ഞില്ല. ജയവും പഠനവും മാത്രമേ ഈ മത്സരത്തിലുള്ളുവെന്നും പരാജയമില്ലെന്നുമുള്ള മത്സരാർഥികളുടെ നിരീക്ഷണത്തെ ബിനു തോമസ് അഭിനന്ദിച്ചു.
നല്ല ചിന്തകളും പുതിയ ആശയങ്ങളും സംവാദങ്ങളിലൂടെയാണ് പുറത്തേക്കു വരുന്നതെന്ന് നടൻ വിനു മോഹൻ പറഞ്ഞു. ലോകത്തുണ്ടായ നല്ല സൃഷ്ടികളും കണ്ടുപിടിത്തങ്ങളും ഇത്തരം നല്ല ചിന്തകളിലൂടെയാണ് ഉണ്ടായത്. നമ്മുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്ത വളർത്തിയെടുക്കുകയാണ് വിദ്യാർഥികൾ ചെയ്യേണ്ടത്. ആരെങ്കിലും തെളിച്ച വഴിയിലൂടെ പോകാതെ നമ്മൾ സ്വയം വഴി കണ്ടെത്തി മുന്നോട്ടു പോകാനുള്ള ആശയം ഉള്ളിലുണ്ടാകണം. അത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ചിന്തിക്കുകയും നല്ല സംവാദത്തിലൂടെ അത് വളർത്തിയെടുക്കുകയും ചെയ്യണം.
നല്ല മൂർച്ചയുള്ള വാക്കുകളും ചിന്തകൾ ഉണർത്തുന്ന നല്ല സംവാദങ്ങളും എന്നുമുണ്ടാകണം. സംവാദങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാക്കുകളുടെ ശക്തികൊണ്ടാണ് ആയിരക്കണക്കിന് വിദ്യാർഥികളിൽനിന്ന് എട്ടുപേർ ഫൈനൽ വേദിയിലെത്തിയതെന്നും വിനു മോഹൻ പറഞ്ഞു.
Content Highlights: Adarsh Wins Federal Bank Speak for India
Published: 08 Jun 2025, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented