കൊച്ചി: കേരളത്തിന്റെ കലാലയ യുവത്വത്തിനു മുന്നില്‍ ആശയങ്ങളുടെയും വാക്കുകളുടെയും പോരാട്ട വേദിയായ ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ സംവാദ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിലെ എച്ച്.എസ്. ആദര്‍ശ് ചാമ്പ്യന്‍. തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെ തേജസ് കൃഷ്ണയാണ് റണ്ണറപ്പ്. ജേതാവായ ആദര്‍ശിന് 2.5 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സമ്മാനം ലഭിച്ചപ്പോള്‍ 1.5 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് തേജസിന് ലഭിച്ചത്.

To advertise here,

ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ച കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ധീരജ് ശ്രീകുമാര്‍, ബെനറ്റ് വര്‍ഗീസ്, തൃശ്ശൂര്‍ നെഹ്റു കോളേജ് ഓഫ് ഫാര്‍മസിയിലെ നസറിന്‍ നൗഷാദ്, കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ ദിയ ട്രീസ തോമസ്, കേരള യൂണിവേഴ്സിറ്റിയിലെ കെ.ആര്‍. പ്രിവിയ, കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിലെ പ്രണവ് മോഹന്‍ എന്നിവര്‍ക്ക് 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

വെള്ളിയാഴ്ച ആലുവ സെയ്ന്റ് സേവ്യേഴ്സ് കോളേജില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യാതിഥിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നേരത്തേ നടന്‍ വിനു മോഹന്‍ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥിയായി. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ 'മാതൃഭൂമി'യുമായി ചേര്‍ന്ന് നടത്തുന്ന സ്പീക്ക് ഫോര്‍ ഇന്ത്യ സംവാദ പരിപാടിയുടെ പല തലങ്ങളിലായി നടന്ന മത്സരങ്ങളില്‍നിന്ന് വിജയിച്ചു കയറിവന്ന എട്ടു പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പോരാടിയത്.

'ഡിജിറ്റല്‍ വ്യക്തിഗത ഡേറ്റാ സംരക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം' എന്ന വിഷയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെയിലെ ആദ്യ റൗണ്ട് മത്സരം നടന്നത്. രണ്ടാം റൗണ്ടില്‍ 'മനുഷ്യന്‍ കാടുകയറിയതോ, മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയതോ' എന്ന വിഷയത്തിലായിരുന്നു സംവാദം.

ഫെഡറല്‍ ബാങ്കിന്റെ ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മത്സരം നടത്തിയത്. 3500-ലേറെ പേരാണ് വിവിധ ഘട്ടങ്ങളിലായി നടന്ന സ്പീക്ക് ഫോര്‍ ഇന്ത്യ സംവാദ മത്സരത്തില്‍ പങ്കെടുത്തത്.