2000 മുതൽ 2500 വരെ സ്കോളർഷിപ്പുകളാണ് ലോകവ്യാപകമായി നൽകുന്നത്. രണ്ടുവർഷത്തെ മാസ്റ്റേഴ്സ് പഠനം, ആറുമാസംവീതമുള്ള സെമസ്റ്ററായി നാല് യൂറോപ്യൻ രാജ്യങ്ങളിലായി പഠിക്കാൻ അവസരംലഭിക്കും.

വിഖ്യാത യൂറോപ്യൻ സർവകലാശാലകളിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠനത്തിന് അവസരം നൽകുന്ന ഇറാസ്‌മസ് മുണ്ടസ് ജോയിൻറ് മാസ്റ്റേഴ്സ് സ്കോളർഷിപ്പുകളുടെ ഭാഗമാകാൻ അവസരം. വൈവിധ്യമേറിയ വിഷയങ്ങൾ, ഒാരോ സെമസ്റ്റർ ഓരോ സർവകലാശാലയിൽ തുടങ്ങിയ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്.
യോഗ്യത
60 ശതമാനം മാർക്കോടുകൂടിയുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒന്നോ രണ്ടോ വർഷം തൊഴിൽപരിചയമുള്ളവർക്കും ഗവേഷണത്തിൽ മികവുപുലർത്തുന്നവർക്കും ബിരുദത്തിനുപുറമേ യോഗ്യതകളുള്ളവർക്കും മുൻഗണന ലഭിക്കും. ഇപ്പോൾ അവസാനവർഷം പഠിക്കുന്ന ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം.
ആനുകൂല്യങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിവേഴ്സിറ്റി ഫീസ്, താമസം, ഭക്ഷണം, യാത്രച്ചെലവ്, മെഡിക്കൽ ഇൻഷുറൻസ്, ലാപ്ടോപ് ഉൾെപ്പടെയുള്ള പഠനസമഗ്രികൾ എന്നിവയ്ക്കായി ഏതാണ്ട് 50 ലക്ഷം രൂപയ്ക്കുതുല്യമായ യൂറോ ലഭിക്കും. 2000 മുതൽ 2500 വരെ സ്കോളർഷിപ്പുകളാണ് ലോകവ്യാപകമായി നൽകുന്നത്. രണ്ടുവർഷത്തെ മാസ്റ്റേഴ്സ് പഠനം, ആറുമാസംവീതമുള്ള സെമസ്റ്ററായി നാല് യൂറോപ്യൻ രാജ്യങ്ങളിലായി പഠിക്കാൻ അവസരംലഭിക്കും. ഒരു വിദ്യാർഥി രണ്ടുരാജ്യത്തെ രണ്ട് സർവകലാശാലകളിലെങ്കിലും പഠിക്കുന്നതരത്തിലാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്പിലെ 600-ഓളം സർവകലാശാലകളും ഉന്നത ഗവേഷണസ്ഥാപനങ്ങളും ഫ്രഞ്ച് ഡിവലപ്മെൻറ് ഏജൻസിപോലുള്ള വികസന ഏജൻസികളും ഇറാസ്മസ് മുണ്ടസ് പദ്ധതിയുടെ ഭാഗമാണ്.
മൾട്ടി ഡിസിപ്ളിനറി കോഴ്സുകൾ
ഒരു പ്രത്യേക വിഷയംമാത്രമായി പഠിക്കുന്നതിലുപരി വിഷയത്തിന്റെ സാമൂഹിക-സാമ്പത്തിക വശങ്ങൾകൂടി ഉൾക്കൊള്ളിച്ചുള്ള മൾട്ടി ഡിസിപ്ളിനറി കോഴ്സുകളാണ് അധികവും. മേജറായി ഒരു വിഷയവും മൈനറായി രണ്ടോ മൂന്നോ അനുബന്ധ വിഷയങ്ങളും പഠിക്കണം. ഒരു മാസ്റ്റേഴ്സ് പ്രോഗ്രാമിൽത്തന്നെ മൂന്നോ നാലോ മേജറുകൾ ഉണ്ടാകും. അപേക്ഷിക്കുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന മേജറും മൈനറുകളും ആശ്രയിച്ചാണ് ഏത്/എത്ര സർവകലാശാലകളിലാണ് വിദ്യാർഥി പഠിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്.
ഇറാസ്മസ് മൊബിലിറ്റി
ചുരുക്കത്തിൽ ഒരു മാസ്റ്റേഴ്സ് കോഴ്സ് വിവിധ രാജ്യങ്ങളിലെ പല സർവകലാശാലകളിലായി പഠിക്കാനുള്ള സൗകര്യമാണ് യൂറോപ്യൻ യൂണിയൻ ഒരുക്കുന്നത്. ഈ സംവിധാനം ഇറാസ്മസ് മൊബിലിറ്റി എന്നാണ് അറിയപ്പെടുന്നത്. ഒരു വിദ്യാർഥിയുടെ മൊബിലിറ്റി തീരുമാനിക്കുന്നത് അപേക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന ട്രാക്ക് അനുസരിച്ചാണ്. മേജറും മൈനറുകളും ചേർന്ന കോമ്പിനേഷനെയാണ് ട്രാക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ കോഴ്സിനും മൂന്നോ നാലോ ട്രാക്കുകൾ ഉണ്ടായിരിക്കും. അപേക്ഷയിൽ താത്‌പര്യമുള്ള ട്രാക്ക് മുൻഗണനാടിസ്ഥാനത്തിൽ രേഖപ്പെടുത്തണം.
ഒറ്റ പാക്കേജ്
സാധാരണയായി യൂറോപ്പിലെ സർവകലാശാലകളിൽ പ്രവേശനത്തിനും സ്കോളർഷിപ്പിനും വെവ്വേറെ അപേക്ഷിക്കണം. എന്നാൽ, ഇറാസ്മസ് മുണ്ടസ് കോഴ്സിലേക്കുള്ള പ്രവേശനവും സ്കോളർഷിപ്പും ഒറ്റ പാക്കേജ് ആണ്. സ്കോളർഷിപ്പ് ലഭിച്ചാൽ പ്രവേശനവും ഉറപ്പ്.
ഒരാൾക്ക് ഒന്നിലധികം കോഴ്സുകൾക്ക് അപേക്ഷിക്കാം. ഒാരോ കോഴ്സിനും അത് നടത്തുന്ന കൺസോർഷ്യം നിയന്ത്രിക്കുന്ന സെലക്‌ഷൻ കമ്മിറ്റികളാണുള്ളത്. ഇവർ തമ്മിൽ പരസ്പരബന്ധമില്ല. അതുകൊണ്ട് ഒാരോ കോഴ്സിനും പ്രത്യേകമായി അപേക്ഷിക്കണം. ഒാരോ കോഴ്സിന്റെയും അപേക്ഷിക്കാനുള്ള അവസാന തീയതിയും വ്യത്യസ്തമായിരിക്കും. പൊതുവേ ഒക്ടോബർമുതൽ ജനുവരിവരെയാണ് അപേക്ഷാസമയം.
ഐഇഎൽടിസ് സ്കോർ
എല്ലാ കോഴ്സുകളുടെയും പഠന മാധ്യമം ഇംഗ്ളീഷാണ്. ഇംഗ്ളീഷിലുള്ള പ്രാവീണ്യം ഐഇഎൽടിസ് സ്കോറിലൂടെയാണ് തെളിയിക്കേണ്ടത്. ചുരുങ്ങിയത് 6.5 അക്കാദമിക് ബാൻഡ് സ്കോർ വേണം. അപേക്ഷിക്കുമ്പോൾ ഐഇഎൽടിസ് സ്കോർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർബന്ധമില്ല. രണ്ടുമാസംവരെ ഇതിന് സാവകാശം ലഭിക്കും. ഇതിനിടയിൽ നൽകിയാൽ മതി. വിവരങ്ങൾക്ക്: erasmus-plus.ec.europa.eu
അക്കാദമിക്മികവുമാത്രം പോരാ
അക്കാദമിക് പഠനനിലവാരം മാത്രമല്ല തിരഞ്ഞെടുപ്പിനുള്ള യോഗ്യത. ഇതരവിഷയങ്ങളിലെ പ്രാവീണ്യം, നീതിബോധം, സാമൂഹികപ്രതിബദ്ധത, പരിസ്ഥിതിപ്രശ്നങ്ങളിലെ സമീപനവും ഇടപെടലും -ഇതൊക്കെ മാനദണ്ഡമാകും. അത്യാവശ്യം വിദ്യാർഥിരാഷ്ട്രീയം കളിച്ച്, ലോകകാര്യങ്ങളിലൊക്കെ തർക്കിച്ച്, തരക്കേടില്ലാത്ത വായനയും ചില്ലറ എഴുത്തുമായി നടക്കുന്ന ഒരാൾക്ക് ഡിഗ്രിക്ക് മാർക്ക് കുറഞ്ഞാലും ലോകത്തിലെ ഏറ്റവും മികച്ച ജേണലിസ്റ്റുകളെ വാർത്തെടുക്കുന്ന കോഴ്സായ മുണ്ടസ് ജേണലിസത്തിന് പ്രവേശനംകിട്ടാനുള്ള സാധ്യത കൂടുതലാണ്.
മാസ്റ്റേഴ്സ് പഠനത്തിന് സഹായധനം നൽകുന്ന വെറുമൊരു സ്കോളർഷിപ്പായിട്ടല്ല ലോകം ഇതിനെ കാണുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലേക്ക് ഗവേഷകനായോ ജീവനക്കാരനായോ കടന്നുചെല്ലാനുള്ള പാസ്പോർട്ട് കൂടിയാണിത്. ലോകം ആദരിക്കുന്ന, ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന അക്കാദമിക് അംഗീകാരമാണിത്.
(ഫിഷറീസ് സർവകലാശാല മുൻ പബ്ളിക് റിലേഷൻസ് ഡയറക്ടറും ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് മെൻററുമാണ് ലേഖകൻ)
സാമൂഹികപ്രവർത്തനം മുതൽ റോക്കറ്റ് സയൻസ് വരെ
179 ബിരുദാനന്തരബിരുദ കോഴ്സുകളാണ് ഈ വർഷം സ്കോളർഷിപ്പിന്റെ ഭാഗമാകുന്നത്. ഇതിൽ 27 കോഴ്സുകൾ 2026-2027 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്നവയാണ്. സാമൂഹികപ്രവർത്തനംമുതൽ റോക്കറ്റ് സയൻസ്‌വരെയുള്ള സകലമാന അക്കാദമിക് വിഷയങ്ങളിലും കോഴ്സുകളുണ്ട്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ കോഴ്സുകൾ ചേർക്കുകയും നിലവിലുള്ളവ പരിഷ്കരിക്കുകയും ചെയ്യും.
അൾട്ടർനേറ്റീവ് എനർജി, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോഴ്സുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇങ്ങനെ കൂട്ടിച്ചേർത്തതാണ്. മികച്ച സാമ്പത്തികശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ഇക്കണോമിക്സ് മാസ്റ്റർ പ്രോഗ്രാം, ട്രംപിന്റെ നികുതിപരിഷ്കാരത്തിന് അനുസൃതമായി ഇക്കണോമിക് പോളിസീസ് ഫോർ ഗ്ളോബൽ ബൈഫ്യൂരിഫിക്കേഷനായി ഇക്കൊല്ലം പരിഷ്കരിച്ചിട്ടുണ്ട്. ബെർലിൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് ലോ, വിയന്ന സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് ബിസിനസ്, യൂണിവേഴ്സിറ്റി ഓഫ് റോം, പാരീസ് സോബോൺ യൂണിവേഴ്സിറ്റി തുടങ്ങിയ പത്തോളം സർവകലാശാലകൾ സംയുക്തമായാണ് ഈ കോഴ്സ് നടത്തുന്നത്. ഇറാസ്മസ് മുണ്ടസ് കാറ്റലോഗ് 2026-ൽ (www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en) കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
പാരൻറ് യൂണിവേഴ്സിറ്റി
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ മൂന്നുമുതൽ പത്ത് സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഉൾപ്പെടുന്ന ഒരു കൺസോർഷ്യമാണ് ഓരോ കോഴ്സും നടത്തുന്നത്. ഇതിൽ ഒരു യൂണിവേഴ്സിറ്റിയായിരിക്കും കോഴ്സ് കോഡിനേറ്റർ. കോഡിനേറ്ററായ യൂണിവേഴ്സിറ്റിയായിരിക്കും വിദ്യാർഥിയുടെ പാരൻറ് യൂണിവേഴ്സിറ്റി. മറ്റ് യൂണിവേഴ്സിറ്റികൾ കോഴ്സ് പാർട്ണർമാരാണ്.
പാരൻറ് യൂണിവേഴ്സിറ്റിയിലാണ് വിദ്യാർഥി എൻറോൾ ചെയ്യുക. എന്നാൽ, പാരൻറ് യൂണിവേഴ്സിറ്റിയിൽത്തന്നെയായിരിക്കണം ആദ്യ സെമസ്റ്റർ എന്ന് നിർബന്ധമില്ല. പാരീസ് സോബോൺ യൂണിവേഴ്സിറ്റിയിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥിയുടെ ആദ്യ സെമസ്റ്റർ ബർലിൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലാകാം. ആദ്യ സെമസ്റ്റർ പഠിക്കുന്ന യൂണിവേഴ്സിറ്റിയെ ലാൻഡിങ് യൂണിവേഴ്സിറ്റി എന്ന് വിളിക്കുന്നു.
ലാൻഡിങ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന രാജ്യത്തേക്കുള്ള വിസയ്ക്കാണ് അപേക്ഷിക്കണ്ടത്. വിസസംബന്ധമായ കാര്യങ്ങളിൽ വേണ്ട സഹായം ന്യൂഡൽഹിയിലെ യൂറോപ്യൻ യൂണിയൻ കോൺസുലേറ്റ് ചെയ്തുതരും.
വിസ അപ്പോയ്ൻമെൻറ് ലഭിക്കാനുള്ള കാത്തിരിപ്പൊന്നും ഇറാസ്മസ് മുണ്ടസ് ലഭിക്കുന്നവർക്ക് ബാധകമല്ല. അപേക്ഷിച്ചാലുടൻ വിസ അപ്പോയ്ൻമെൻറ് ലഭിക്കും.
Content Highlights: Erasmus Mundus Joint Masters Scholarship 2026-2027: Opportunity for free Masters study in top European universities with up to ₹50 Lakh funding.
Published: 20 Oct 2025, 08:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented