തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യത സംബന്ധിച്ച സുപ്രീം കോടതി വിധി അധ്യാപകരില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍, പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എം. വിജിന്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

To advertise here,

2025 സെപ്റ്റംബര്‍ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രകാരം, 2010 ഓഗസ്റ്റ് 23-ലെ എന്‍.സി.ടി.ഇ. (NCTE) വിജ്ഞാപനം അനുസരിച്ചുള്ള അധ്യാപക യോഗ്യത നിര്‍ബന്ധമാണ്. ആര്‍.ടി.ഇ. (RTE) നിയമം വരുന്നതിനു മുന്‍പ് നിയമിക്കപ്പെട്ടവര്‍ക്കും ഇത് ബാധകമാണ്. സര്‍വീസ് അവസാനിക്കാന്‍ അഞ്ചു വര്‍ഷം മാത്രം ബാക്കിയുള്ളവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുണ്ട്. യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ലെന്നും വിധിയില്‍ പറയുന്നു. കൂടാതെ, യോഗ്യത നേടാന്‍ രണ്ടു വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ യോഗ്യത നേടാത്തവരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്.

സുപ്രീം കോടതി വിധി നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ തൊഴില്‍ സുരക്ഷയെയും കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തില്‍, 2019-20 അധ്യയന വര്‍ഷം വരെ സര്‍വീസില്‍ പ്രവേശിച്ച കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്ക് യോഗ്യത നേടാന്‍ സമയം നീട്ടി നല്‍കിയിരുന്നു. അവര്‍ക്കായി ഈ മാസം വീണ്ടും പരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍, 2012-13 വര്‍ഷം മുതല്‍ കെ-ടെറ്റ് ഇല്ലാതെ സര്‍വീസില്‍ തുടരുന്ന 1734 അധ്യാപകര്‍ കേരളത്തിലുണ്ടെന്ന് കണക്കാക്കുന്നു.

നിയമാനുസൃതമായ സെലക്ഷന്‍ പ്രക്രിയയിലൂടെ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനം പിന്നീട് വരുന്ന ഒരു നിയമത്തിന്റെ പേരില്‍ റദ്ദാക്കപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജീവിക്കാനുള്ള അവകാശവുമായി ചേര്‍ന്നുപോകുമോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍, സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.