
മാവൂർ (കോഴിക്കോട്): അപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ചേച്ചിയുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അനിയത്തി കൂടെനിന്നപ്പോൾ 483-ാം റാങ്കുമായി വിജയം നേടി പെരുവയൽ ചെറുകുളത്തൂർ സ്വദേശിനി ഡോ. ആതിര സുഗതൻ. 2016-ലുണ്ടായ വാഹനാപകടത്തിൽ അരയ്ക്കുതാഴെ തളർന്ന ആതിരയുടെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അനിയത്തി അനഘ നഴ്സിങ് പഠിച്ചത്. തുടർന്ന് പരിചരിച്ചും പിന്തുണച്ചും അനഘ കൂടെനിന്നു.
ബെംഗളൂരുവിൽ ബി.ഡി.എസിന് പഠിക്കവേ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആതിര രണ്ടുമാസത്തോളം ഓർമ്മപോലുമില്ലാതെ കിടപ്പിലായിരുന്നു. ചെറുകുളത്തൂർ ദേവിനിലയത്തിൽ എൽ.ഐ.സി. എജന്റുമാരുമായ സുഗതന്റെയും മിനിയുടെയും മൂത്തമകളാണ് ആതിര.
അബ്സൊല്യൂട്ട് ഐ.എ.എസ്. അക്കാദമി സ്ഥാപകനായ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രോജക്ട് ചിത്രശലഭം’ എന്ന സൗജന്യ സിവിൽ സർവീസ് പരിശീലനപദ്ധതിയിലൂടെയാണ് ആതിര പഠനരംഗത്തെത്തിയത്. അഞ്ചുവർഷം മുൻപ് പ്രോജക്ട് ചിത്രശലഭം പദ്ധതിയിലെ ആദ്യപഠിതാവായിരുന്നു ആതിര. മൂന്നുവർഷത്തോളം ഇവിടെയും അവസാനവർഷം സമ്മിറ്റ് അക്കാദമിയിൽ നിന്നുമാണ് പരിശീലനം പൂർത്തിയാക്കിയത്.
വീൽച്ചെയറിലായ അവസ്ഥയിൽനിന്ന് സിവിൽ സർവീസ് എന്ന സ്വപ്നത്തിലെത്താൻ കാരണം കേരള പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ വെള്ളപ്പാലത്ത് രാജേന്ദ്രനാണെന്ന് ആതിര പറഞ്ഞു. അദ്ദേഹത്തിന്റെ സംഘടനയിൽ ഭിന്നശേഷിക്കാരെ സഹായിക്കുന്നതിൽ െവാളന്റിയറായിരുന്നു ആതിര. തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ.എ. എസ്. അക്കാദമിയിൽ പ്രീലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ ഡോ. ആതിര മലയാളം ഐച്ഛികമായെടുത്ത് മലയാളത്തിലാണ് ഇന്റർവ്യൂവിനെ നേരിട്ടത്. ഡോ. ജോബിൻ എസ്. കൊട്ടാരം തന്നെയായിരുന്നു മലയാളം ഓപ്ഷണൽ പഠിപ്പിച്ചത്.
വീടിനടുത്തുള്ള ചെറുകുളത്തൂർ ജി.എൽ.പി.സ്കൂൾ, മെഡിക്കൽ കോളേജ് സേവിയോ ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ആതിരയുടെ സ്കൂൾ വിദ്യാഭ്യാസം.
Content Highlights: How Sisterly Love Fueled This Civil Service Success Story
Published: 07 Mar 2026, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented