2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഡല്‍ഹി സര്‍വകലാശാല പ്രവേശന നടപടികള്‍ ആരംഭിച്ചു. കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (CSAS) പോര്‍ട്ടല്‍ ബിരുദ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷനായി ലഭ്യമാക്കിയിട്ടുണ്ട്.

To advertise here,

വിദ്യാര്‍ത്ഥികള്‍ക്ക് CUET-യിലും പന്ത്രണ്ടാം ക്ലാസ്സിലും ഒരേ മാര്‍ക്ക് ലഭിക്കുമ്പോള്‍ ഒരു അധിക ടൈ-ബ്രേക്കറായി പരിഗണിക്കാനുള്ള ഘടകമായി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലെ സ്‌കോറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് അലോട്ട്‌മെന്റുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ പ്രവേശന പോര്‍ട്ടല്‍ ഓട്ടോ-അക്‌സപ്റ്റ് ഓപ്ഷനോടുകൂടി നവീകരിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ് പറഞ്ഞു.

69 കോളേജുകളിലായി 79 ബിരുദ കോഴ്സുകള്‍ ഡല്‍ഹി സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെ 71,624 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. അധ്യയന വര്‍ഷം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. CUET ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ബിരുദ പ്രവേശനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഒന്നുകില്‍ ഒരു ഭാഷയും മൂന്ന് വിഷയങ്ങളും അല്ലെങ്കില്‍ രണ്ട് ഭാഷകളും രണ്ട് വിഷയങ്ങളും ഉപയോഗിച്ച് അപേക്ഷിക്കാം - ഇതില്‍ ഏത് കോമ്പിനേഷനാണോ കൂടുതല്‍ സ്‌കോര്‍ നല്‍കുന്നത് അതാണ് പ്രവേശനത്തിനായി പരിഗണിക്കുക. BSc (ഓണേഴ്‌സ്) കോഴ്സിന് ഭാഷാ വിഷയങ്ങളില്‍ കുറഞ്ഞത് 30% മാര്‍ക്ക് വേണമെന്നുള്ള നേരത്തെയുണ്ടായിരുന്ന നിയമം ഒഴിവാക്കിയിട്ടുണ്ട്. 

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.du.ac.in/