ന്യൂഡൽഹി: ത്രിഭാഷാ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) തിങ്കളാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിലെ പത്താം ക്ലാസ് വിദ്യാർഥികളെ മൂന്ന് ഭാഷകൾ പഠിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

To advertise here,

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കുള്ള ഒറ്റത്തവണ ഇളവെന്ന നിലയിൽ, നിലവിലെ ബാച്ചിലുള്ളവർ മൂന്ന് ഭാഷകൾ പഠിക്കണമെങ്കിലും അവർക്ക് രണ്ട് വിദേശ ഭാഷകളും ഒരു ഇന്ത്യൻ ഭാഷയും തിരഞ്ഞെടുത്ത് പഠിക്കാമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കുന്നു.

ജൂലായ് ഒന്ന് മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് കുറഞ്ഞത് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഒരു മാസത്തിലേറെ മുൻപ് സി.ബി.എസ്.ഇ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. സി.ബി.എസ്.ഇയുടെ മുൻ ഉത്തരവിനെതിരെ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചിരുന്നു.

"നിലവിലെ പത്താം ക്ലാസ് ബാച്ചിന് ത്രിഭാഷാ നയം ബാധകമായിരിക്കില്ല. നിലവിലെ ഏഴ് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ബാച്ചുകൾ പത്താം ക്ലാസിലേക്ക് എത്തുമ്പോൾ മൂന്നാമത്തെ ഭാഷയിൽ ബോർഡ് പരീക്ഷ എഴുതേണ്ടതില്ല’- എന്ന് സി.ബി.എസ്.ഇ അക്കാദമിക്സ് ഡയറക്ടർ പ്രജ്ഞാ എം. സിങ് പറഞ്ഞു.

ഒരു തവണ മാത്രമുള്ള ഇളവെന്ന നിലയിൽ, 2026-27 അധ്യയന വർഷത്തിൽ നിലവിൽ ഒൻപതാം ക്ലാസിലുള്ള വിദ്യാർഥികൾക്ക് രണ്ട് തദ്ദേശീയമല്ലാത്ത ഭാഷകളുമായി മുന്നോട്ട് പോകാം, കൂടാതെ മൂന്നാമത്തെ ഭാഷയായി ഒരു ഇന്ത്യൻ ഭാഷ കൂടി ചേർത്താൽ മതിയാകുമെന്നും വിശദീകരണത്തിൽ പറയുന്നു. 

ഏപ്രിൽ മാസത്തിലാണ് ആറാം ക്ലാസ് മുതൽ ഘട്ടങ്ങളായി ത്രിഭാഷാ ഫോർമുല നടപ്പിലാക്കുമെന്നും 2026-27 അക്കാദമിക് സെഷൻ മുതൽ ഒൻപതാം ക്ലാസിലെ ഗണിതത്തിനും ശാസ്ത്രത്തിനും രണ്ട് തട്ടുകളുള്ള  സമ്പ്രദായം കൊണ്ടുവരുമെന്നും സി.ബി.എസ്.ഇ പ്രഖ്യാപിച്ചത്. ഈ പുതിയ ഘടന പ്രകാരം മാത്തമാറ്റിക്സിനും സയൻസിനും രണ്ട് ലെവലുകൾ ഉണ്ടായിരിക്കും നിർബന്ധിതമായ 'സ്റ്റാൻഡേർഡ്' കോഴ്സും, താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന 'അഡ്വാൻസ്ഡ്' കോഴ്സും.

എല്ലാ വിദ്യാർഥികളും പൊതുവായ ഒരു 80 മാർക്കിന്റെ പരീക്ഷ എഴുതുമ്പോൾ ഉയർന്ന വൈദഗ്ധ്യം ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ആഴത്തിലുള്ള ആശയപരമായ അറിവും ചിന്താശേഷിയും പരിശോധിക്കുന്ന അധിക അഡ്വാൻസ്ഡ് ലെവൽ പേപ്പർ കൂടി എഴുതാവുന്നതാണ്. പുതിയ ടു-ലെവൽ സമ്പ്രദായത്തിന് (സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ്) കീഴിലുള്ള ആദ്യത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷ, 2026-27 ലെ ഒൻപതാം ക്ലാസ് ബാച്ചിനായി 2028-ൽ നടത്തുമെന്നാണ് സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, വിദേശ ഭാഷ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ പഠിച്ചതിന് ശേഷം മാത്രമേ മൂന്നാമത്തെ ഭാഷയായോ അല്ലെങ്കിൽ നാലാമത്തെ അധിക ഭാഷയായോ അത് തിരഞ്ഞെടുക്കാൻ സാധിക്കൂ എന്ന് മേയ് 15-ന് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.