കൊച്ചി: സിബിഎസ്ഇ പ്ലസ്ടു മൂല്യനിർണയം സംബന്ധിച്ച പരാതികൾ വ്യാപകമാകുന്നു. പരീക്ഷാഫലത്തിൽ ക്രമക്കേടുണ്ടെന്നും ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വെബ്സൈറ്റിലെ തകരാറു കാരണം  പുനർമൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ലെന്നുമുള്ള പരാതികളാണ് സാമൂഹികമാധ്യമങ്ങളിലടക്കം ഉയർന്നിരിക്കുന്നത്.

To advertise here,

മെയ് 13-ന് സിബിഎസ്ഇ ഫലം വന്നപ്പോൾ കഴിഞ്ഞ ഏഴ് വർഷങ്ങളിലെ പരീക്ഷാഫലത്തിലെ ഏറ്റവും കുറവ് വിജയശതമാനമായിരുന്നു ഉണ്ടായിരുന്നത്. ഇതേതുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതികളുമായി രംഗത്തെത്തിയിരുന്നു.

പരീക്ഷാഫലത്തെ കുറിച്ചുള്ള ആശങ്കകൾക്കൊപ്പം ഒഎസ്എം രീതിയിൽ മാർക്ക് കണക്കുകൂട്ടിയപ്പോൾ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പരാതികൾ ഉയർന്നു. ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ പേപ്പറുകളാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ഉത്തരക്കടലാസുകൾ മാറി ലഭിച്ചു എന്ന അവകാശവാദമുയർത്തി എക്‌സിൽ പോസ്റ്റ് വന്നിരുന്നു.

ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും പേപ്പർ വെരിഫിക്കേഷനുമായി അടയ്‌ക്കേണ്ട തുകയിൽ വലിയ മാറ്റങ്ങളാണ് വന്നത്. ഒരു രൂപ മുതൽ 64,000 രൂപവരെ ഓരോ പേപ്പറിനും ഈടാക്കുന്ന നിലയിലുള്ള തകരാറുകൾ വെബ്‌സൈറ്റിൽ കാണുന്നുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ശ്രമിക്കുമ്പോഴും സാങ്കേതികത്തകരാറുള്ളതിനാൽ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കാത്തവരുമുണ്ട്. പണം അടച്ചിട്ടും സിബിഎസ്ഇ പോർട്ടലിൽ നിന്ന് കൺഫർമേഷൻ മെസ്സേജ് ലഭിക്കുന്നില്ല എന്നും പരാതികളുണ്ട്. ഓരോ ദിവസവും നിരവധി രക്ഷിതാക്കളും വിദ്യാർഥികളുമാണ് പരാതികളുമായി രംഗത്തെത്തുന്നത്.

ഈ വിഷയം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു മേൽ വലിയരീതിയിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ-യോട് വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി മദ്രാസ് ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കുകയും പണമടക്കുന്നതിലുള്ള തകരാറുകൾ പരിഹരിക്കാൻ നാല് പൊതുമേഖലാ ബാങ്കുകളുടെ സഹായവും തേടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

വെബ്‌സൈറ്റിലെ തകരാർ പരിഹരിച്ചിട്ടുണ്ടെന്നാണ് സിബിഎസ്ഇ അവകാശപ്പെടുന്നത്. സോഷ്യൽമീഡിയയിലടക്കം വിദ്യാർഥികൾ പരാതി പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരക്കടലാസ് കിട്ടിയാൽ മാത്രമേ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. മെയ് 26 മുതൽ 29 വരെയാണ് പുനർമൂല്യനിർണയം നടക്കുന്നത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിബിഎസ്ഇ പരീക്ഷാ ഫലത്തിലും പിഴവുകൾ വന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യവും ശക്തമാവുകയാണ്.