അംഗീകൃത സര്‍ക്കാര്‍/സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബാച്ച്‌ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗണ്‍സലിങ്ങിന്റെ ആദ്യ റൗണ്ട് അലോട്‌മെന്റ് പ്രകാരം സ്ഥാപനത്തില്‍ പ്രവേശനം നേടാന്‍ ഒക്ടോബര്‍ 21 വരെ അവസരം ഉണ്ട്.

To advertise here,

വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ ആണ് കൗണ്‍സലിങ് നടത്തുന്നത്. ആദ്യ റൗണ്ട് അലോട്‌മെന്റ് ഫലം vci.admission.nic.in-ല്‍ ലഭിക്കും. ആദ്യ റൗണ്ടില്‍ മൊത്തം 58 കോളേജുകളിലായി (സ്വകാര്യ മേഖലയിലെ അഞ്ചു കോളേജുകള്‍ ഉള്‍പ്പെടെ) 751 പേര്‍ക്കാണ് അലോട്‌മെന്റ് ലഭിച്ചത്.

കേരളത്തില്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തൃശ്ശൂര്‍ (മണ്ണുത്തി) കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ്, പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സീറ്റ് ഓപ്റ്റ് ചെയ്ത് ഓപ്പണ്‍ വിഭാഗത്തില്‍ അലോട്‌മെന്റ് ലഭിച്ചു ഏറ്റവും ഉയര്‍ന്ന നീറ്റ് യുജി റാങ്ക് 9167. 30,000-ല്‍ ഉയര്‍ന്ന നീറ്റ് യുജി റാങ്കുള്ള 33 പേര്‍ക്ക് അലോട്മെന്റ് ലഭിച്ചിട്ടുണ്ട്.

ആദ്യറൗണ്ട് അവസാന റാങ്കുകള്‍

ഓപ്പണ്‍ സീറ്റുകള്‍ ആദ്യം നികത്തപ്പെട്ടത് ചെന്നൈ (തമിഴ്നാട്) മദ്രാസ് വെറ്ററിനറി കോളേജില്‍ ആണ്. ഇവിടെ ഓപ്പണ്‍ വിഭാഗത്തിലെ അവസാന നീറ്റ് യുജി റാങ്ക് 21,811. രണ്ടാം സ്ഥാനത്ത് ബറേലി (യുപി) ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (27,360), മൂന്നാം സ്ഥാനത്ത് ബിക്കാനിര്‍ (രാജസ്ഥാന്‍) കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സും (27,997) ആണ്. സ്വകാര്യ മേഖലയിലെ കോളേജില്‍ സീറ്റ് അലോട്‌മെന്റ് ലഭിച്ച ഏറ്റവും ഉയര്‍ന്ന നീറ്റ് യുജി റാങ്ക് 42,472 .

ആദ്യ റൗണ്ടില്‍ വിവിധവിഭാഗം സ്ഥാപനങ്ങളില്‍ ദേശീയതലത്തിലും കേരളത്തിലെ രണ്ടു വെറ്ററിനറി കോളേജുകളിലും വിവിധ കാറ്റഗറികളില്‍ അവസാനമായി അലോട്മെന്റ് ലഭിച്ചവരുടെ നീറ്റ് യുജി 2025 റാങ്ക് പട്ടികയില്‍ നല്‍കിയിരിക്കുന്നു.

തുടര്‍നടപടികള്‍

അലോട്‌മെന്റ് ലഭിച്ചവര്‍ 21-നകം കോളേജില്‍ പ്രവേശനം നേടണം. പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.

പ്രവേശനം നേടുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ രണ്ടാം റൗണ്ടില്‍ മെച്ചപ്പെട്ട ചോയ്സ് ലഭിക്കുന്നതിലേക്ക്, പുതിയ ചോയ്സ് (റീ- ചോയ്സ്) നല്‍കി പങ്കെടുക്കാം. അവര്‍ക്ക് രണ്ടാം റൗണ്ടില്‍ അപ്ഗ്രഡേഷന് അവസരം ഉണ്ടാകും.

അവര്‍, ആദ്യ റൗണ്ട് അലോട്‌മെന്റ് പ്രകാരം, പ്രവേശനത്തിനു ഹാജരാകുമ്പോള്‍ രണ്ടാം റൗണ്ട് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ആ താത്പര്യം റിപ്പോര്‍ട്ടിങ് സ്ഥാപനത്തിലെ നോഡല്‍ ഓഫീസറെ അറിയിക്കണം (നോഡല്‍ ഓഫീസര്‍മാരുടെ പട്ടിക കൗണ്‍സലിങ് വെബ്‌സൈറ്റില്‍ ഉണ്ട്). ആ താത്പര്യം കൗണ്‍സലിങ് പോര്‍ട്ടലില്‍ നോഡല്‍ ഓഫീസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥി ഉറപ്പാക്കണം. അതിന്റെ രേഖ വിദ്യാര്‍ഥി സൂക്ഷിച്ചുവെക്കണം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് രണ്ടാം റൗണ്ടില്‍ റീചോയ്‌സ് ഫില്ലിങ് നടത്തി പങ്കെടുക്കാം.

പക്ഷേ, അവര്‍ക്ക് രണ്ടാം റൗണ്ടില്‍ മാറ്റം വന്നാല്‍, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും. ആദ്യ റൗണ്ടില്‍ സീറ്റ് ലഭിച്ച്, കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാത്തവര്‍ക്ക് തുടര്‍റൗണ്ടില്‍ പങ്കെടുക്കാന്‍ കഴിയില്ല. പ്രക്രിയയില്‍നിന്ന് അവര്‍ പുറത്താകും.

രണ്ടാം റൗണ്ട്

രണ്ടാം റൗണ്ട് നടപടികള്‍ 22-ന് രാവിലെ 11-ന് തുടങ്ങും. ആദ്യ റൗണ്ടില്‍ രജിസ്റ്റര്‍ചെയ്ത് ഫീസടച്ച് രണ്ടാം റൗണ്ടിന് അര്‍ഹതയുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പക്ഷേ, പുതിയ ചോയ്‌സുകള്‍ നല്‍കണം.

ആദ്യ റൗണ്ടില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് രണ്ടാം റൗണ്ടില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടങ്കില്‍ പുതിയ ചോയ്സ് ഫില്ലിങ് നടത്തണം. അപ്ഗ്രഡേഷന്‍ ഓപ്റ്റ് ചെയ്തവരും പുതിയ ചോയ്‌സുകള്‍ നല്‍കണം.

രണ്ടാം റൗണ്ടിനുള്ള പുതിയ രജിസ്‌ട്രേഷനും (ആദ്യ റൗണ്ടിനു രജിസ്റ്റര്‍ചെയ്യാത്തവര്‍ ആദ്യ റൗണ്ടില്‍ രജിസ്റ്റര്‍ചെയ്ത് ഫീസടയ്ക്കാത്തവര്‍) ഫീസ് അടയ്ക്കലും 23-ന് രാത്രി 11.55 വരെ നടത്താം. ഈ കാലയളവില്‍ ചോയ്സ് ഫില്ലിങ്/ചോയ്സ് ലോക്കിങ് എന്നിവയും നടത്താം.

രണ്ടാം അലോട്‌മെന്റ് ഫലം 25-ന് പ്രഖ്യാപിക്കും. കോളേജില്‍ പ്രവേശനം നേടാന്‍ 25 മുതല്‍ 30 വരെ സമയമുണ്ടാകും.