ജക്കാർത്ത (ഇന്തോനേഷ്യ): ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകൾ മുൻനിർത്തി തയാറാക്കിയ ടൈംസ് ഹയർ എഡ്യൂക്കേഷൻ സുസ്ഥിരതാ ഇംപാക്ട് റേറ്റിങ് 2026-ൽ അമൃത സർവ്വകലാശാലക്ക് മികച്ച നേട്ടം. ഇൻഡസ്ട്രി, ഇന്നവേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ അമൃത ഇന്ത്യയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യവസായവൽക്കരണം നൂതന ഗവേഷണങ്ങൾ എന്നിവയ്ക്കുള്ള സർവകലാശാലയുടെ സംഭാവനകൾ മുൻനിർത്തിയാണ് അംഗീകാരം. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ സർവകലാശാലകളുടെ പങ്കിനെ വിലയിരുത്തുന്ന ലോകത്തിലെ ഏക പ്ലാറ്റ്‌ഫോമാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ.

To advertise here,

ലോകമെമ്പാടുമുള്ള 115-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് അമൃത ആഗോളതലത്തിൽ 37-ാം റാങ്ക് നിലനിർത്തിയത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഗ്ലോബൽ സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് കോൺഗ്രസ് 2026-ലാണ് ഫലം പ്രഖ്യാപിച്ചത്.

വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) റാങ്കിങ്ങിലും അമൃത ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലിംഗസമത്വം, ദാരിദ്ര്യനിർമാർജനം, ശുദ്ധജലവും ശുചിത്വവും, ശുദ്ധവുമായ ഊർജം എന്നീ അഞ്ച് വിഭാഗങ്ങളിൽ അമൃത ലോകത്തിലെ ആദ്യ 25 സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ചു. കൂടാതെ ഇൻഡസ്ട്രി, ഇന്നവേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, കാലാവസ്ഥാ വ്യതിയാനം എന്നീ വിഭാഗങ്ങളിൽ ആഗോളതലത്തിൽ ആദ്യ 50-ലും, ആരോഗ്യവും സുസ്ഥിതിയും വിഭാഗത്തിൽ ആദ്യ 100 റാങ്കിലും അമൃത ഇടം നേടി. സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങളുടെ വിജയമാണ് ഈ നേട്ടമെന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ-വൈസ് ചാൻസലറും സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി. രമേശ് വ്യക്തമാക്കി.
അമൃത സർവ്വകലാശാല ഗവേഷണങ്ങളുടെ മൂല്യം അളക്കുന്നത് അത് എത്ര മികച്ച ജേണലുകളിൽ പ്രസിദ്ധീകരിച്ചു എന്നതിലല്ല, മറിച്ച് അത് സമൂഹത്തിന്റെ താഴേത്തട്ടിലുള്ള എത്ര പേർക്ക് പ്രയോജനപ്പെടുത്താൻ സാധിച്ചു എന്നതിലാണ്. ഇന്ത്യയിലെ 2,800 ഗ്രാമങ്ങളിൽ അമൃത നടത്തിയ പ്രവർത്തനങ്ങൾ ഇതിന് തെളിവാണെന്നും ഡോ. മനീഷ പറഞ്ഞു.