വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശം എന്നതിന് പുറമെ നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തികൂടിയാണെന്ന് യുനെസ്‌കോ ഡൽഹി ഓഫീസ് ഡയറക്ടറും ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ പ്രതിനിധിയുമായ ഡോ. ടിം കേർട്ടിസ്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്‌റ്റെയിനബിൾ ആന്റ് റെസിലിയന്റ് ഫ്യൂച്ചേഴ്സിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വിദ്യാഭ്യാസം എന്ന ശക്തിയെ കൃത്യമായി ഉപയോഗിക്കുന്നതിന് യുനെസ്‌കോ പലരുമായും സഹകരിച്ചു പ്രവർത്തിക്കാറുണ്ടെങ്കിലും അമൃത സർവ്വകലാശാല പോലുള്ള സ്ഥാപനങ്ങളുമായുള്ള സഹകരണങ്ങളാണ് മികച്ച ഉദാഹരണങ്ങളായി ചൂണ്ടിക്കാനുള്ളതെന്നും അതുകൊണ്ടുതന്നെയാണ് വളരെക്കാലമായി അമൃതയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃതപുരി ക്യാമ്പസിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കർണാടക സ്റ്റേറ്റ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്പ്മെന്റ് കമ്മീഷണറുമായ ഉമാ മഹാദേവൻ ദാസ്ഗുപ്ത ഐ എ എസ്, നബാർഡ് ചെയർമാൻ കെ വി ഷാജി എന്നിവർ മുഖ്യാതിഥികളായി.

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി അജിത് കുമാർ, പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി നായർ, അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ എന്നിവർ പങ്കെടുത്തു.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും അതിനായി ജിയോ-എനേബിൾഡ് സൂചികകൾ കണ്ടെത്തുന്നതിനും പൊതുജനത്തെ പ്രയോജനപ്പെടുത്തുന്നതിനായി തയ്യാറാക്കിയ സസ്‌റ്റെയിനബിലിറ്റി  ആന്റ് റെസിലിൻസ് ബൈ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ആന്റ് എംപവർമെന്റ് (ശ്രീ) ഡിജിറ്റൽ പ്ലാറ്റ്ഫോം ഡോ. ടിം കേർട്ടിസ് കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിൽ വച്ച് പുറത്തിറക്കി. സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരും ദിവസങ്ങളിൽ പുറത്തിറക്കും.

placeholder
ഫോട്ടോ: സ്വാമി പൂർണാമൃതാനന്ദ പുരി, ഡോ. പി അജിത് കുമാർ എന്നിവരുടെ കയ്യിൽ നിന്നും ഡോ. ടിം കേർട്ടിസ് സ്നേഹോപഹാരം സ്വീകരിക്കുന്നു
 

അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയിനബിൾ ഫ്യൂച്ചേഴ്സ് യുനെസ്‌കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേണിങ് ഫോർ സസ്‌റ്റെയിനബിൾ ഇന്നൊവേഷൻ ആന്റ് ഡെവലപ്പ്മെന്റ്, ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ സസ്‌റ്റെയിനബിൾ ഇന്നൊവേഷൻ ആന്റ് റെസിലിയന്റ് ഫ്യൂച്ചേഴ്സ് എന്നിവരുമായി സഹകരിച്ച് ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 1 വരെ നാല് ദിവസങ്ങളിലായി നടത്തുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ 9 ട്രാക്കുകളിലായി കാലാവസ്ഥ, പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിരത തുടങ്ങി വിവിധ വിഷയങ്ങളിലാണ് കോൺഫറൻസിൽ കൈകാര്യം ചെയ്യുന്നത്. പൂർണമായും കാർബൺ ന്യൂട്രൽ രീതിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട കോൺഫറൻസിൽ നാല് ദിവസങ്ങളിലായി പ്രഗൽഭരായ എൺപതോളം പേരുടെ പ്രഭാഷണങ്ങൾ, ഹാക്കത്തോണുകൾ, സിമ്പോസിയങ്ങൾ, എൻ ജി ഓ കോൺക്ലെയ്‌വ്, ശില്പശാലകൾ, പ്രബന്ധാവതരണങ്ങൾ, ചർച്ചകൾ എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേരാണ് കോൺഫറൻസിന്റെ ഭാഗമായി അമൃതപുരിയിലെത്തുന്നത്.