അലഹബാദ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. CUET UG 2025ല്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ സമര്‍ത്ഥ് പോര്‍ട്ടലായ alldunivcuet.samarth.edu.in വഴി ഇപ്പോള്‍ അപേക്ഷിക്കാം.

To advertise here,

ജൂണ്‍ 30-ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന അപേക്ഷാ നടപടികള്‍ സാങ്കേതിക തകരാറുകള്‍ കാരണം വൈകിയിരുന്നു. പുതുക്കിയ രജിസ്ട്രേഷനുള്ള അവസരം ഇപ്പോള്‍ ജൂലായ് 26 വരെ ലഭ്യമാണ്. CUET UG 2025ല്‍ പങ്കെടുത്ത് യോഗ്യത നേടിയ അപേക്ഷകര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. അപേക്ഷിക്കുന്നതിന് മുമ്പ്, സര്‍വകലാശാല വ്യക്തമാക്കിയ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് അപേക്ഷകര്‍ ഉറപ്പുവരുത്തണം.

രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫീസ് താഴെ പറയുന്നവയാണ്:

  1. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 300 രൂപ
  2. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 150 രൂപ

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പ്രോഗ്രാമിനും അപേക്ഷകര്‍ വെവ്വേറെ ഫീസ് അടയ്ക്കണം. കൗണ്‍സിലിങ് ഘട്ടത്തിലേക്ക് കടക്കുന്നതിന് ഫീസ് അടയ്ക്കേണ്ടത് അത്യാവശ്യമാണ്.

രജിസ്റ്റര്‍ ചെയ്യുന്ന വിധം

  1. alldunivcuet.samarth.edu.in സന്ദര്‍ശിക്കുക
  2. 'ന്യൂ രജിസ്‌ട്രേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
  3. വിശദാംശങ്ങള്‍ (CUET അപേക്ഷാ നമ്പര്‍, ജനനത്തീയതി) പൂരിപ്പിച്ച് നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കുക
  4. നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
  5. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക
  6. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കോഴ്‌സ് തിരഞ്ഞെടുക്കുക
  7. രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക
  8. ഫോം സമര്‍പ്പിച്ച് സ്ഥിരീകരണ പേജിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക

അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍

  1. അപേക്ഷകര്‍ താഴെ പറയുന്ന രേഖകള്‍ ശരിയായ ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം:
  2. CUET UG 2025 അഡ്മിറ്റ് കാര്‍ഡും സ്‌കോര്‍കാര്‍ഡും
  3. 10, 12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റുകളും സര്‍ട്ടിഫിക്കറ്റുകളും
  4. ഏറ്റവും പുതിയ പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോയും ഒപ്പും (JPG/JPEG ഫോര്‍മാറ്റില്‍)
  5. ബാധകമെങ്കില്‍, സാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് (EWS/OBC/SC/ST)

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം