ന്യൂഡൽഹി: കഴിഞ്ഞ സെപ്റ്റംബർ 30-നുശേഷം നടത്തിയ എല്ലാ മെഡിക്കൽ ബിരുദ പ്രവേശനങ്ങളും അസാധുവാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.). മെഡിക്കൽ പ്രവേശന നടപടികളുടെ കട്ട് ഓഫ് തീയതിയുമായി ബന്ധപ്പെട്ട് 2019-ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻ.എം.സി. നടപടി. 2023-ലെ മെഡിക്കൽ പ്രവേശനനടപടികൾ പൂർത്തിയാക്കി പട്ടിക സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച സമയപരിധി ഒക്ടോബർ 20-ന് അവസാനിച്ചതോടെയാണ് കടുത്തനടപടി കൈക്കൊണ്ടത്.

To advertise here,

ഇതോടെ സെപ്റ്റംബർ 30-നുശേഷം പ്രവേശനംനേടിയ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. കേരളത്തിലെ സ്ഥാപനങ്ങൾ കൃത്യസമയം പാലിച്ചതിനാൽ പ്രശ്നങ്ങളില്ല. എന്നാൽ, മറ്റുസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളിവിദ്യാർഥികൾ സമയപരിധിക്കുശേഷം പ്രവേശനം നേടിയവരുടെ പട്ടികയിലാണെങ്കിൽ ബാധകമാകും.കട്ട് ഓഫ് തീയതിക്കുശേഷം കൗൺസിലിങ് നടത്തിയ മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്ക് എൻ.എം.സി. നോട്ടീസ് അയച്ചു. തമിഴ്നാട്ടിൽ അറുന്നൂറോളം വിദ്യാർഥികളുടെ പ്രവേശനം അസാധുവായിട്ടുണ്ട്. സംസ്ഥാന ക്വാട്ടയിൽ രണ്ടായിരത്തിലേറെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി തമിഴ്നാട് മെഡിക്കൽ കൗൺസിൽ അറിയിച്ചു. മഹാരാഷ്ട്രയിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനംനേടിയ ഇരുനൂറോളം വിദ്യാർഥികൾക്ക് പഠനത്തിനുള്ള അവസരം നഷ്ടമായി.

മെഡിക്കൽ പ്രവേശനനടപടികൾ വർഷംമുഴുവൻ നീട്ടുകയും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ വലിയതുക തലവരിപ്പണം വാങ്ങി സ്വകാര്യ-കല്പിത സർവകലാശാലകൾ അനർഹരെ തിരുകിക്കയറ്റുന്ന പതിവ് 2015-വരെ ഉണ്ടായിരുന്നു. ഇതിനെതിരേ 2016-ൽ സുപ്രീംകോടതിയിൽ ഹർജി ഫയൽചെയ്തു. ഇതേത്തുടർന്നാണ് പ്രവേശനനടപടികൾ അവസാനിപ്പിക്കാനുള്ള അന്തിമതീയതി സെപ്‌റ്റംബർ 30 എന്ന് സുപ്രീംകോടതി നിജപ്പെടുത്തിയത്. ഇതിനുശേഷം സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും അവയിൽ പ്രവേശനം നടത്തേണ്ടതില്ലെന്നും നിർദേശിച്ചു. ഇളവ് ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ് വിദ്യാർഥികൾ.

കേരളം പ്രവേശനം പൂർത്തിയാക്കി -ആരോഗ്യ സർവകലാശാല

ഈവർഷത്തെ മെഡിക്കൽ ബിരുദ പ്രവേശനനടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കിയതായി കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മോഹനൻ പറഞ്ഞു. സാധാരണയായി സർക്കാർ കോളേജുകളിലും സംസ്ഥാന സർക്കാരിന്റെ പരിധിയിൽവരുന്ന സ്വകാര്യ മെഡിക്കൽ കോളേജുകളിലും പ്രവേശനം കൃത്യസമയത്ത് പൂർത്തിയാക്കാറുണ്ട്.

കല്പിത സർവകലാശാലകളിലാണ് പൊതുവേ നടപടികൾ വൈകിക്കാറുള്ളത്. കേരളത്തിൽ അമൃത സ്കൂൾ ഓഫ് മെഡിസിനാണ് ഏക കല്പിത മെഡിക്കൽ സർവകലാശാല. അമൃതയും പ്രവേശനനടപടി പൂർത്തിയാക്കിയെന്ന് വി.സി. അറിയിച്ചു.