ആലത്തൂർ: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽനേടാൻ 'കർമചാരി' പദ്ധതിക്ക് ഈമാസം തുടക്കമാകും. വിദ്യാർഥികളിൽ തൊഴിലിന്റെ മഹത്ത്വവും മൂല്യവും വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പുകളുടെ സഹകരണത്തോടെയാണിത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, കോളേജ് തലത്തിലാണ് ആദ്യം നടപ്പാക്കുക. ഇതുസംബന്ധിച്ച് തൊഴിലുടമകളുമായി ധാരണയായി. തൊഴിൽ കണ്ടെത്താനും തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാനുമായി ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കും. വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ ജോലി നൽകുമ്പോൾ തൊഴിൽനിയമങ്ങളുടെ പരിധിയിൽ ലഭിക്കേണ്ട വേതനമുൾപ്പെടെയുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ച് രൂപരേഖയായി.

To advertise here,

സ്വകാര്യമേഖലയിലെ സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഭക്ഷണ ഔട്ട് ലെറ്റുകൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ തൊഴിലവസരം ഒരുക്കുക. ഐ.ടി. അധിഷ്ഠിത ജോലികൾക്കും അവസരമുണ്ട്.

പഠനകാലത്ത് തൊഴിൽനൈപുണ്യം നേടുന്നതിനുള്ള 'കണക്ട് ടു വർക്ക്' സ്‌കോളർഷിപ്പുമായി കർമചാരി പദ്ധതിയെ ബന്ധിപ്പിക്കും. സാമ്പത്തികബുദ്ധിമുട്ടില്ലാതെ തൊഴിൽനൈപുണ്യം നേടുന്നതിന് പ്രതിമാസം 1,000 രൂപവീതം സ്റ്റെപ്പൻഡ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.

പുതിയ കാലത്തിനനുയോജ്യമായ ഡ്രോൺ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിന് എഴുകോൺ പോളിടെക്‌നിക് കാമ്പസിൽ ഈമാസം ഇന്നൊവേഷൻ കേന്ദ്രം പ്രവർത്തനമാരംഭിക്കും. ചാലയിൽ സ്‌കിൽ കോംപ്ലക്സിന് സ്ഥലംകണ്ടെത്തി. 45 കോടി രൂപ ചെലവിൽ നിർമാണം മാർച്ചിൽ ആരംഭിക്കും. വ്യവസായവകുപ്പിന്റെ സഹകരണത്തോടെ 482 കോടിരൂപ ചെലവിവൽ ഗവ. ഐ.ടി.ഐ.കൾ നവീകരിക്കും. തൊഴിലന്വേഷകർക്കായി കരമനയിലും ചേലക്കരയിലും കരിയർ ഡിവലപ്‌മെന്റ് സെന്ററുകൾ ഫെബ്രുവരിൽ തുറക്കും.

മാതൃകാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ജർമനിയിൽ പഠന-തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന ഇൻഡോ-ജർമൻ ട്രെയ്‌നിങ് ഫെയർ ഈ മാസം അവസാനവാരം സംഘടിപ്പിക്കും.