
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 85 ശതമാനം കുട്ടികള്‍ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയെഴുതി. സാധാരണ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷകള്‍ ഇക്കുറി ഒറ്റദിവസമായാണ് നടത്തിയത്. കേരളത്തിലും ഗള്‍ഫിലും ഉള്‍പ്പെടെ 336 കേന്ദ്രങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടന്നത്.
തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുള്ള പൂന്തുറയില്‍നിന്നുള്ള കുട്ടികള്‍ക്കായി വലിയതുറ സെയ്ന്റ് ആന്റണീസ് എച്ച്.എച്ച്.എസില്‍ സജ്ജീകരണമൊരുക്കിയിരുന്നു. പരീക്ഷാ ചുമതലയുള്ള അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റണിഞ്ഞാണ് എത്തിയത്. 60 വിദ്യാര്‍ഥികള്‍ അവിടെ പരീക്ഷയെഴുതി. വിദ്യാര്‍ഥികളുടെ താപനില പരിശോധിച്ചാണ് പ്രവേശിപ്പിച്ചത്. ഉയര്‍ന്ന താപനിലയുള്ളവരെ പ്രത്യേകം ഇരുത്തി. ഹാന്‍ഡ് വാഷും സാനിറ്റൈസറും സജ്ജീകരിച്ചിരുന്നു. ഡല്‍ഹി കേന്ദ്രത്തില്‍ 206 പേരും മുംബൈയില്‍ 65 പേരും ദുബായ് കേന്ദ്രത്തില്‍ 311 കുട്ടികളും പരീക്ഷയെഴുതി.
കണ്ടെയ്ന്‍മെന്റില്‍ കുടുങ്ങിയ കീം
തിരുവനന്തപുരം: വ്യാഴാഴ്ച നടന്ന പ്രവേശനപരീക്ഷയ്ക്ക് എത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്നുള്ള കുട്ടികളാണ് ഏറെ ബുദ്ധിമുട്ടിയത്. അത്തരം ദുരിതയാത്രകളിലൂടെ...
പത്തനംതിട്ട: കണ്ടെയ്ന്‍മെന്റ് സോണായ പത്തനംതിട്ട നഗരസഭയിലെ തൈക്കാവ് സ്‌കൂളില്‍ 300 കുട്ടികളില്‍ രാവിലെയും ഉച്ചകഴിഞ്ഞുമുള്ള സെഷനുകളില്‍ 96 കുട്ടികള്‍ പരീക്ഷയെഴുതിയില്ല. പൊതുഗതാഗതമില്ലാത്തത് കുട്ടികളെ വലച്ചു. കോവിഡ് പോസിറ്റീവായ അടൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രി വാര്‍ഡില്‍ പ്രത്യേക ക്രമീകരണമൊരുക്കി.
ആലപ്പുഴ: കണ്ടെയ്ന്‍മെന്റ് സോണിലായിരുന്ന എസ്.എല്‍.പുരത്തെ ജി.എസ്.എം.എം.എച്ച്.എസില്‍ 300 കുട്ടികളായിരുന്നു പരീക്ഷയെഴുതേണ്ടിയിരുന്നത്. ഇതില്‍ 239 പേരും ഹാജരായി.
പരീക്ഷാകേന്ദ്രം തെറ്റിക്കയറിയ ഒരു വിദ്യാര്‍ഥിയെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വി. മനേഷ് ബൈക്കില്‍ പരീക്ഷാകേന്ദ്രത്തിലെത്തിച്ചു.
എറണാകുളം: 8943 പേരാണ് പരീക്ഷയെഴുതിയത്. 2358 പേര്‍ എത്തിയില്ല. പരീക്ഷയ്ക്ക് പോവുകയായിരുന്നുവെന്ന് പറഞ്ഞിട്ടും പലയിടത്തും പോലീസ് തടഞ്ഞുവെന്ന് ആക്ഷേപമുണ്ട്.

പാലക്കാട്: കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്നുള്ള 15 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതരസംസ്ഥാനങ്ങളില്‍നിന്നുവന്ന വിദ്യാര്‍ഥികളെ പ്രത്യേക ക്ലാസ് മുറികളില്‍ ഇരുത്തിയാണ് പരീക്ഷയെഴുതിപ്പിച്ചത്.
കോഴിക്കോട്: ഓട്ടോറിക്ഷകളും മറ്റും ഓടാതിരുന്നതിനാല്‍ യാത്രാക്ലേശമുണ്ടായി. ഭക്ഷണവും മറ്റും രക്ഷിതാക്കള്‍ പാഴ്സലായി വാങ്ങിക്കൊണ്ടുവന്ന് കൊടുക്കുകയായിരുന്നു.
മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണിലായ പൊന്നാനിമേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. തുണയായി. പൊന്നാനിയില്‍നിന്ന് മൂന്നു പ്രത്യേക സര്‍വീസുകളാണ് രാവിലെ 6.30 മുതല്‍ കോഴിക്കോട്, തൃശ്ശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലേക്ക് നടത്തിയത്. വൈകുന്നേരം അഞ്ചരയോടെ ബസുകള്‍ തിരിച്ചുപോരുകയും ചെയ്തു.
Content Highlights: 85 percent students attended KEAM 2020
Published: 17 Jul 2020, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented