ഗണിതശാസ്ത്ര ചരിത്രത്തിലെ വലിയൊരു ചതിയുടെ കഥയാണിത്. മൂന്നാംകൃതി സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു കണ്ടുപിടിത്തത്തിന്റെ ഖ്യാതി, താര്‍താഗ്ലിയ എന്ന ശാസ്ത്രജ്ഞനില്‍നിന്ന് ചതിയനായ ജിറോലാമോ കാര്‍ഡാനോ തട്ടിയെടുത്തതിന്റെ കഥ
മറ്റു ശാസ്ത്രശാഖകളിലെന്നപോലെ നവോത്ഥാന കാലഘട്ടം യൂറോപ്യന്‍ ഗണിതശാസ്ത്രത്തിലും വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. ഇറ്റലിയില്‍ ഈ മാറ്റത്തിനു ചുക്കാന്‍ പിടിച്ചത് താര്‍താഗ്‌ളിയ എന്നറിയപ്പെടുന്ന നിക്കോളോ ഫൊണ്ടാനാ ആയിരുന്നു. ഫൊണ്ടാനായ്ക്ക് 12 വയസ്സുള്ളപ്പോള്‍ ഫ്രഞ്ചുസൈന്യം ജന്മനാടായ ബ്രസിയ ആക്രമിക്കുകയും ഒരു സൈനികന്റെ വാളുകൊണ്ടുള്ള വെട്ടേറ്റ് അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മുറിയുകയും ചെയ്തു. അതില്‍പ്പിന്നെ അദ്ദേഹം വിക്കി വിക്കിയാണ് സംസാരിച്ചിരുന്നത്. അങ്ങനെയാണ് താര്‍താഗ്‌ളിയ എന്ന പേരുവീണത്. താര്‍താഗ്‌ളിയ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം വിക്കന്‍ എന്നാണ്. ഈ കാലത്താണ് ഫെറോ എന്നു പേരായ ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ മൂന്നാംകൃതി സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയതായി അവകാശപ്പെട്ടത്. എന്നാല്‍, ഇത് പൂര്‍ണമായും ശരിയായിരുന്നില്ല.
ഇതിന്റെ കുറവുകള്‍ പരിഹരിച്ച് ശരിയായ ഫോര്‍മുല കണ്ടെത്താനുള്ള ശ്രമത്തിലായി താര്‍താഗ്‌ളിയ. അതില്‍ അദ്ദേഹം വിജയിക്കുകയും ഗണിതശാസ്ത്രലോകത്ത് ഈ കണ്ടുപിടിത്തം ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
താര്‍താഗ്‌ളിയ ത്രിമാന സമവാക്യങ്ങളുടെ മൂല്യങ്ങള്‍ കാണാനുള്ള ഫോര്‍മുല കണ്ടുപിടിച്ച വിവരം ഗണിതശാസ്ത്രത്തില്‍ പേരെടുക്കാന്‍ കൊതിച്ചുകഴിഞ്ഞിരുന്ന ജിറോലാമോ കാര്‍ഡാനോ അറിയാനിടയായി. അദ്ദേഹം താര്‍താഗ്‌ളിയക്ക് സ്തുതിവചനങ്ങള്‍ നിറഞ്ഞ ഒരു കത്തയച്ചു. അദ്ദേഹം പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തില്‍ താര്‍താഗ്‌ളിയയുടെ രഹസ്യ ഫോര്‍മുല കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അതുവഴി താന്‍ താര്‍താഗ്‌ളിയക്ക് നല്‍കാന്‍ പോകുന്ന പണവും പ്രശസ്തിയും സ്ഥാനമാനങ്ങളുമൊക്കെ കത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, താര്‍താഗ്‌ളിയ ആ പ്രലോഭനങ്ങളിലൊന്നും വീണില്ല.
കാര്‍ഡാനോ കത്തെഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. മിലാനിലെ പട്ടാളമേധാവിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് അദ്ദേഹം താര്‍താഗ്‌ളിയയെ സ്വന്തം വസതിയിലേക്കു ക്ഷണിച്ചു. സാമ്പത്തികമായി ക്ഷീണിച്ചുനില്‍ക്കുന്ന സമയമായതുകൊണ്ട് നല്ല ഒരു ജോലി പ്രതീക്ഷിച്ച് താര്‍താഗ്‌ളിയ വസതിയിലെത്തി. എന്നാല്‍, അവിടെ പട്ടാളമേധാവി ഇല്ലായിരുന്നു. താര്‍താഗ്‌ളിയ കുപിതനായി. അദ്ദേഹത്തിന് അമിതമായി മദ്യം നല്‍കി പാതിരാത്രിയോടെ ചതിയനായ കാര്‍ഡാനോ ആ രഹസ്യഫോര്‍മുല ചോര്‍ത്തിയെടുത്തു.
താര്‍താഗ്‌ളിയയുടെ കണ്ടുപിടിത്തംകൂടി ഉള്‍പ്പെടുത്തി കാര്‍ഡാനോ തന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തി. പുസ്തകം ഒരു വന്‍വിജയമായിരുന്നു. താര്‍താഗ്‌ളിയ സൂക്ഷിച്ച രഹസ്യഫോര്‍മുലയുടെ ഖ്യാതി മുഴുവന്‍ കാര്‍ഡാനോ തട്ടിയെടുത്തു.
കോപവും നിരാശയും നിറഞ്ഞതായിരുന്നു താര്‍താഗ്‌ളിയയുടെ അന്ത്യദിനങ്ങള്‍. എന്നാല്‍, അതിലും കഷ്ടമായിരുന്നു ചതിയനായ കാര്‍ഡാനോയുടെ അവസ്ഥ. കുടുംബജീവിതം തകര്‍ന്നു. മക്കളെല്ലാം വഴിപിഴച്ചുപോയി. 1576-ല്‍ കാര്‍ഡാനോ ആത്മഹത്യ ചെയ്യുകയായിരുന്നു.
Content Highlights: story of betrayal in mathematics
Published: 23 Aug 2022, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented