
കോവിഡ് കാലത്ത് വീട്ടിലിരുന്ന് പഠിക്കാന്‍ കുട്ടികളെ സഹായിച്ച ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസ് ഇന്നവസാനിക്കുകയാണ്. ഫസ്റ്റ് ബെല്‍ എന്ന് കേള്‍ക്കുമ്പോഴേ മനസിലോടിയെത്തുന്ന ഒരു മുഖമുണ്ട്. തങ്കുപ്പൂച്ചേ... മിട്ടുപ്പൂച്ചേ.. എന്ന് നീട്ടിവിളിച്ച് കുട്ടികളുടെ മനസില്‍ കയറിക്കൂടിയ സായി ശ്വേത. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിരസമാകുമെന്ന മുന്‍ധാരണ മാറ്റാന്‍ സായി ശ്വേതയിലൂടെ ഫസ്റ്റ് ബെല്ലിനായി. മുന്നില്‍ കുട്ടികളുണ്ടോ എന്ന് കാണുന്നവര്‍ക്ക് പോലും സംശയം തോന്നിപ്പോകുന്ന അവതരണം. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് സായി ശ്വേത. സംസ്ഥാനത്തെ 'അധ്യാപകക്കൂട്ടം' വാട്സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്സ് ചാനലിലെത്തിച്ചത്. ഫസ്റ്റ് ബെല്‍ 2.0 ഇന്ന് അവസാനിക്കുമ്പോള്‍ പോയ രണ്ട് വര്‍ഷത്തെ അനുഭവം പറയുകയാണവര്‍.
ഫസ്റ്റ് ബെല്‍ 2.0 ഇന്ന് അവസാനിക്കുകയാണ്. എന്തു തോന്നുന്നു?
അപ്രതീക്ഷിതമായാണ് ഞാന്‍ ഫസ്റ്റ് ബെല്ലില്‍ എത്തിയത്. ഭയങ്കര പേടി കാരണം ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആദ്യം. പക്ഷേ, രണ്ട് വര്‍ഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ വല്ലാത്തൊരു ആനന്ദമുണ്ട്. 2020 ജൂണിലാണ് ആദ്യ ക്ലാസ് വരുന്നത്. ഈ രണ്ട് വര്‍ഷക്കാലവും കുട്ടികളെന്നോട് കാണിച്ച സ്‌നേഹം ഒരിത്തിരിപോലും കുറഞ്ഞിട്ടില്ല. പോകുന്ന വഴിയേ ഒരിക്കലെങ്കിലും ശ്വേത ടീച്ചറല്ലേ എന്ന ചോദ്യം ഞാന്‍ കേള്‍ക്കാതിരുന്നിട്ടില്ല. ആ ഇഷ്ടക്കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, പ്രായമുള്ളവര്‍ക്കും അമ്മമാര്‍ക്കുമെല്ലാം ഉണ്ട് എന്നതിലാണ് ഏറെ സന്തോഷം
ഫസ്റ്റ് ബെല്ലില്‍ വന്നതിന് ശേഷം മറക്കാന്‍ പറ്റാത്ത അനുഭവം പറയാമോ ?
ഒരു ദിവസം ഒരു അമ്മ വിളിച്ച് എന്നെ ഫോണില്‍ വിളിച്ചു. മകന്‍ എങ്ങോട്ട് വിളിച്ചിട്ടും വരുന്നില്ല ടീച്ചറേയെന്ന് പറഞ്ഞു. കളിക്കാന്‍ പോലും പോവുന്നില്ലെന്ന് ഏറെ വിഷമത്തോടെയാണവര്‍ പറഞ്ഞത്. ഇക്കാര്യം എന്തിനാണ് എന്നോട് പറഞ്ഞതെന്ന് ആദ്യമെനിക്ക് മനസിലായില്ല. ആ അമ്മയാണ് പറഞ്ഞത് അവനെന്നെ കാത്തിരിക്ക്യാണെന്ന്. ഫസ്റ്റ് ബെല്ലിന്റെ ലാസ്റ്റ് ക്ലാസിന്റെ അവസാനം കുട്ടികളോടായി ഞാന്‍ നോട്ട് ബുക്ക് നോക്കാന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുട്ടികള്‍ നോട്ടെല്ലാം കൃത്യമായി എഴുതാന്‍ വെറുതെ പറഞ്ഞതാണ്. എന്നോട് ആ കാര്യം വിട്ടുപോയിട്ടുണ്ടായിരുന്നു.
' ടീച്ചര്‍ക്ക് സമയല്ലാത്തതാ അമ്മേ, എല്ലാ വീട്ടിലും പോണ്ടേ? ഞാനെവിടേലും കളിക്കാനൊക്കെ പോയാല് ടീച്ചറെന്നെ കണ്ടില്ലെങ്കിലോ, അതോണ്ട് ഞാനെവിടേക്കൂല്ല.' എനിക്കാകെ സങ്കടം വന്നു. പിന്നെ ഞാന്‍ ആ മോനെ വിളിച്ചു. 'ടീച്ചറ് വരുമ്പോ മോനെ വിളിക്കാ ട്ടോ' അതിന് ശേഷമാണ് അവന്‍ വീടിന് പുറത്തിറങ്ങിയത്. മറക്കാന്‍ പറ്റാത്തൊരനുഭവമാണത്. കുട്ടികള്‍ക്ക് കാണണമെന്ന് പറഞ്ഞ് ഒരുപാട് സ്‌കൂളില്‍ ഞാന്‍ പോയിട്ടുണ്ട്. കുട്ടികളൊക്കെ ഓടിവരുമ്പോ ശ്വേതടീച്ചറേന്നല്ല വിളിക്കാറ്. തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയുമാണവര്‍ക്ക്. തങ്കുപ്പൂച്ചേന്റെ ടീച്ചറല്ലേന്നാ അവരെന്നോട് ചോദിക്കാറ്. സിബിഎസ്ഇ കുട്ടികളുടെ പരിപാടികള്‍ക്കും പോയിട്ടുണ്ട്. അവരൊക്കെ ഫസ്റ്റ് ബെല്‍ ക്ലാസ് കാണുന്നവരാണെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി
കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group
തിരുവനന്തപുരത്ത് എനിക്ക് ഒരു അനുമോനുണ്ട്. ഓട്ടിസ്റ്റിക്കാണ് അവന്‍. അനുമോന്റെ അമ്മ ഒരിക്കലെന്നെ വിളിച്ചിട്ട് പറഞ്ഞു മോന് ഭയങ്കര ഇഷ്ടമാണ് ടീച്ചറിനെ എന്ന്. ഫസ്റ്റ് ബെല്ലിന്റെ ആദ്യത്തെ ക്ലാസില്‍ തങ്കുപ്പൂച്ചയുടെ കഥ പറയുന്നത് കണ്ടതാണ്. പിന്നെ എന്നും ആ സമയമാകുമ്പോള്‍ കൃത്യമായി അവന്‍ ടിവിക്ക് മുന്നിലെത്തും. ഒരു ദിവസം എനിക്ക് ക്ലാസില്ലായിരുന്നു. അന്ന് മോന് ആകെ ടെന്‍ഷനായി. അതിന്‌ശേഷം അവരെന്റെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് കാണിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇടക്കിടെ വിളിക്കാറുണ്ട്. നേരിട്ട് കണ്ടിട്ടില്ല ഇതുവരെ. പോയികാണണം.
ഒരു ദിവസം വിക്ടേഴ്‌സില്‍ ക്ലാസെടുക്കുന്ന നിഷ ടീച്ചര്‍ എനിക്കൊരു വീഡിയോ അയച്ചുതന്നു. ഫസ്റ്റ് ബെല്ലിലെ എന്റെ ക്ലാസ് കേട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞുവാവ. ആറ് മാസമേ ഉള്ളൂ അവള്‍ക്ക്. ഞാനവരെ അപ്പോതന്നെ വിളിച്ചു. എത്രകരച്ചിലാണെങ്കിലും ടീച്ചറിന്റെ ശബ്ദം കേട്ടാ മതി മിഴിമോള് നിര്‍ത്താതെ ചിരിക്കുമെന്ന് അമ്മ പറഞ്ഞപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഭക്ഷണം കൊടുക്കുമ്പോഴും വാശിപിടിക്കുമ്പോഴുമൊക്കെ അവര്‍ അതാണത്രേ
മോളെ കാണിക്കാറ്. മിഴിമോളെയും പോയി കാണണം. കുഞ്ഞിവാവ വരെ തിരിച്ചറിയുന്നു. വലിയൊരു ഭാഗ്യമല്ലേ ഇത്. അങ്ങനെ കരുതാനാണിഷ്ടം
പഠനം ഓണ്‍ലൈനാകുമ്പോള്‍ കുട്ടികള്‍ക്ക് അടുപ്പം കുറയുമെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. അങ്ങനെ തോന്നിയോ ?
ഒരിക്കലുമില്ല. കുട്ടികള്‍ക്കുള്ള സ്‌നേഹം കൂടുകയാണ് ചെയ്തത്. വീഡിയോ കോളും ക്ലാസുകളുമെല്ലാമായി അവര്‍ക്കെന്നോട് നല്ല അടുപ്പമായിരുന്നു. കുട്ടികള്‍ തമ്മിലും നല്ല അടുപ്പമായിരുന്നു. ഒക്ടോബര്‍-നവംബറിലാണല്ലോ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. ഓണ്‍ലൈനില്‍ എല്ലാവരും ഒരുമിച്ചായിരുന്നതുകൊണ്ട് ക്ലാസുകള്‍ ബാച്ചാക്കിയതായിരുന്നു അവര്‍ക്ക് വിഷമം. എല്ലാവരും ഒന്നിച്ചായപ്പോഴേക്കും സ്‌കൂള്‍ അടച്ചതിന്റെ പരിഭവത്തിലാണ് കുട്ടികള്‍. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ സ്‌നേഹം കുറയുന്നതായി തോന്നിയിട്ടില്ല. പക്ഷേ അവരോട് വായിക്കാനൊക്കെ പറയുമ്പോള്‍ സകൂളിലേതുപോലൊരു സംതൃപ്തി കിട്ടുന്നില്ല. സ്‌കൂളില്‍ നിന്ന് നേടേണ്ട ചിലകാര്യങ്ങളുമുണ്ടല്ലോ. അതുകൊണ്ട് അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കണമെന്ന് തന്നെയാണ് ആഗ്രഹം
അടുത്ത വര്‍ഷം ഫസ്റ്റ് ബെല്‍ ഉണ്ടാകുമോ
അടുത്ത വര്‍ഷം ഫസ്റ്റ് ബെല്‍ ഉണ്ടാകുമോ എന്നറിയില്ല. ഉണ്ടെങ്കിലും ഈ ക്ലാസ് തന്നെ ആയിരിക്കാം ചിലപ്പോള്‍ റിപ്പീറ്റ് ചെയ്യുന്നുണ്ടാവുക. നിലവില്‍ അതേക്കുറിച്ച് നിര്‍ദേശങ്ങളൊന്നും തന്നിട്ടില്ല. അധ്യാപകര്‍ക്കായുള്ള പരിശീലന കോഴ്‌സ് നടക്കുന്നുണ്ട് ഇപ്പോള്‍.
Content Highlights: sai swetha talks about first bell digital class experience
Published: 30 Apr 2022, 05:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented