മെഡിക്കല്‍ ബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് നിഷ്‌കര്‍ഷിക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം വിവാദമാവുകയാണ്. 2020 ബാച്ച് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് നെക്സ്റ്റ് പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജൂലൈ 28-ന് നെക്സ്റ്റ് മോക്ക് ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലും എതിര്‍പ്പുകള്‍ വ്യാപകമാവുകയാണ്. രാജ്യത്തെ ആരോഗ്യ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതിനോടകം എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു. പരീക്ഷാ ചുമതല ഡല്‍ഹി എയിംസിന് നല്‍കിയതിനെതിരേയും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. 

To advertise here,

എതിര്‍പ്പിന് കാരണം
മെഡിക്കല്‍ വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിലെത്തിക്കുക എന്നതാണ് നെക്സ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ രാജ്യത്തെ മൊത്തം മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനവും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ആരംഭിച്ചതാണ്. അതുകൊണ്ട് തന്നെ പല കോളേജുകള്‍ക്കും ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരത്തിലേക്കുയരാനായിട്ടില്ല. ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ഏകീകൃത വിദ്യാഭ്യാസനിലവാരം ഉറപ്പാക്കുന്നതുവരെ ഇത്തരമൊരു പരീക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ഐ.എം.എയും മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരേ സ്വരത്തില്‍ പറയുന്നത്. 

രജിസ്‌ട്രേഷനും പിജി പഠനത്തിനും ഒരേ മാര്‍ഗം
നാഷണല്‍ മെഡിക്കല്‍ കമ്മിഷനാണ് പ്രത്യേക റെഗുലേഷനിലൂടെ നെക്സ്റ്റ് പരീക്ഷ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തത്. മെഡിക്കല്‍ വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിലെത്തിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യമെന്ന് എന്‍എംസി അവകാശപ്പെടുന്നു. വിദേശത്തു നിന്ന് ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ വരുന്നവര്‍ക്കുള്ള എഫ്എംജി പരീക്ഷ നെക്സ്റ്റ് നടപ്പിലാക്കുന്നതോടെ ഇല്ലാതാകും. അമേരിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊഴികെ ലോകത്തിലെ ഏത് മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവരും നെക്സ്റ്റ് പരീക്ഷ എഴുതണം. 

നെക്സ്റ്റ് പരീക്ഷയ്ക്ക് നെക്സ്റ്റ് -1, 2 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളുണ്ട്. മെഡിക്കല്‍ ബിരുദകോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്റേണ്‍ഷിപ്പിനും പിജി പ്രവേശനത്തിനുമാണ് നെക്സ്റ്റ്1 (നീറ്റ് പിജി പരീക്ഷ ഒഴിവാക്കി നെക്സ്റ്റ് 1 സ്‌കോര്‍ പരിഗണിക്കും). മൂന്ന് വര്‍ഷമാണ് നെക്സ്റ്റ്-1 സ്‌കോറിന്റെ വാലിഡിറ്റി. ഇന്റേണ്‍ഷിപ്പിന് ശേഷം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ രജിസ്‌ട്രേഷന്‍  ലഭിക്കാനാണ് നെക്സ്റ്റ്-2 

മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പരീക്ഷയാണ് നെക്സ്റ്റ്-1. ഒബ്ജക്റ്റീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍  ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. 60 ശതമാനം പ്രോബ്ലം സോള്‍വിങ്, 30 ശതമാനം കോംപ്രിഹെന്‍ഷന്‍, 10 ശതമാനം റീകാള്‍ എന്നിങ്ങനെയാണ് ചോദ്യത്തിന്റെ ഘടന. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, സൈക്കാട്രി, ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, അനസ്‌തേഷ്യ & റേഡിയോളജി എന്നീ  ആറ്  വിഷയങ്ങളില്‍ നിന്നായി തിയറി, ക്ലിനിക്കല്‍ പ്രാക്ടീസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. 

വിദ്യാര്‍ഥികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം
ധൃതി പിടിച്ചുള്ള നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കാനേ ഉപകരിക്കൂ. പരീക്ഷാ നടത്തിപ്പ് ഡല്‍ഹി എയിംസിന് നല്‍കിയതിലും എതിര്‍പ്പുയരുണ്ട്. എയിംസിന്റെ വിലയിരുത്തല്‍ വിദ്യാര്‍ഥി സൗഹൃദമല്ലെന്നതാണ് ഇതിന് കാരണം. വിദേശ മെഡിക്കല്‍ പഠനം കഴിഞ്ഞെത്തുന്നവര്‍ക്കുള്ള എഫ്എംജി പരീക്ഷയുടെ ഇപ്പോഴത്തെ വിജയശതമാനം 20 ശതമാനത്തില്‍ താഴെയാണ്. പുതിയ രീതിയിലേക്ക് പരീക്ഷ മാറ്റുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനേ ഉപകരിക്കൂ. 

നെക്സ്റ്റിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിക്കുമെന്നത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. ഇപ്പോഴുള്ള നീറ്റ് പിജി പരീക്ഷയ്ക്ക് പകരം നെക്സ്റ്റ്-1 ഏര്‍പ്പെടുത്തുന്നത് അഭികാമ്യമല്ല. ബിരുദപഠന കാലയളവില്‍ പരീക്ഷയ്ക്കാവശ്യമായ തയ്യാറെടുപ്പിന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര അവസരം ലഭിച്ചേക്കില്ല. ഇത് വിദ്യാര്‍ത്ഥികളില്‍ അമിതമായ മാനസിക സമ്മര്‍ദമുണ്ടാക്കും. നെക്സ്റ്റ്-1 വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്റേണ്‍ഷിപ് അനാഥമായി നീളുകയും ചെയ്യും. 

മെഡിക്കല്‍ ബിരുദകോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയശേഷം 75 ശതമാനത്തോളം പേര്‍ക്കും താത്പര്യമുള്ള പിജി പ്രോഗ്രാമുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നത് 1-2 വര്‍ഷത്തെ ചിട്ടയായ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ്. എന്നാല്‍ നെക്സ്റ്റ് 1 റാങ്ക് അനുസരിച്ചുള്ള റാങ്കിങ് രീതി നിലവില്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റാങ്ക് ലഭിക്കണമെന്നില്ല. ഇതു താത്പര്യമുള്ള മെഡിക്കല്‍ പിജിയ്ക്കു പ്രവേശനം ലഭിക്കാന്‍ തടസ്സം സൃഷ്ടിക്കും. മാത്രമല്ല ആറ് മാസത്തിലൊരിക്കല്‍ നെക്സ്റ്റ് പരീക്ഷ നടത്തുമെങ്കിലും, നെക്സ്റ്റ് -1 ന്റെ റാങ്ക് കാലയളവ് മൂന്ന് വര്‍ഷത്തോളം നീണ്ടു നില്‍ക്കും.

ഇപ്പോള്‍ എയിംസ് നടത്തുന്ന മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയുടെ ഡിഫിക്കല്‍റ്റി ഇന്‍ഡക്‌സ്, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നീറ്റ് പിജി പരീക്ഷയെക്കാള്‍ കൂടുതലാണ്. അതിനാല്‍ ശരാശരി വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം നെക്സ്റ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ മികച്ച തയ്യാറെടുപ്പുകള്‍ വേണ്ടിവരും. ബിരുദ പഠന കാലയളവില്‍ ഇതിനായി ഏറെ പ്രയത്‌നിക്കേണ്ടിവരും. 

ഇപ്പോള്‍ നിലവിലുള്ള കോളേജുതലത്തിലെ എക്‌സിറ്റ് പരീക്ഷാരീതി നിലനിര്‍ത്തിക്കൊണ്ട്  മെഡിക്കല്‍ നീറ്റ് പിജി പരീക്ഷ തുടരുന്നതാണ് ഏറെ അഭികാമ്യം. ഒരു ലൈസന്‍സിങ് പരീക്ഷയും പി.ജി. പ്രവേശനപരീക്ഷയും ഒരിക്കലും ഒരുപോലെയാകാന്‍ കഴിയില്ലെന്നും അവയുടെ ഉദ്ദേശ്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും ഐ.എം.എ പറയുന്നതും അതുകൊണ്ടാണ്