ന്യൂഡൽഹി:എം.ബി.ബി.എസ്. അവസാനവർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ (ദേശീയ എക്സിറ്റ് ടെസ്റ്റ്) 2024 മുതൽ പ്രാബല്യത്തിൽവരുന്ന പശ്ചാത്തലത്തിൽ കരട് മാർഗരേഖ പുറത്തിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. വർഷത്തിൽ ഒറ്റത്തവണയാകും പരീക്ഷ നടക്കുക. മെഡിക്കൽ ബിരുദപ്രവേശനത്തിന് ഏകീകൃത സ്വഭാവം നൽകുകയാണ് ലക്ഷ്യം. നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് സംസ്ഥാന-ദേശീയ മെഡിക്കൽ രജിസ്റ്ററിൽ പേര് ചേർത്തശേഷം പ്രാക്ടീസ് ചെയ്യാം. ഒപ്പം പി.ജി. മെഡിക്കൽ പ്രവേശനത്തിനും നെക്സ്റ്റ് സ്കോർ മാനദണ്ഡമാകും. മൂന്നാംവർഷം അല്ലെങ്കിൽ അവസാനവർഷം പാസായവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. നീറ്റ്-പി.ജി., വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്.എം.ജി.ഇ.) തുടങ്ങിയ പരീക്ഷകൾ നിർത്തലാക്കും. comments.regulations@nmc.org.in എന്ന ഇ-മെയിൽ അടുത്തമാസം 28-നുള്ളിൽ പൊതുജനാഭിപ്രായം അറിയിക്കാമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
ആർക്ക് അപേക്ഷിക്കാം
ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന എൻ.എം.സി. അംഗീകാരമുള്ള മെഡിക്കൽ കോളേജുകളിലെ ബിരുദവിദ്യാർഥികൾ, വിദേശ മെഡിക്കൽ വിദ്യാർഥികൾ, ഉപരിപഠനം ആഗ്രഹിക്കുന്ന മെഡിക്കൽ ബിരുദധാരികൾ.
പരീക്ഷയ്ക്ക് രണ്ടുഘട്ടം
പരീക്ഷയ്ക്ക് രണ്ടുഘട്ടമാണുള്ളത്. ആദ്യഘട്ട തിയറി പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ഡിസംബർ രണ്ടാംവാരം നടക്കും. ഫലം ജനുവരി രണ്ടാംവാരം പ്രഖ്യാപിക്കും. അവസാന വർഷ എം.ബി.ബി.എസ്. പ്രാക്ടിക്കൽ പരീക്ഷ ജനുവരി ആദ്യവാരം നടക്കും. ജനുവരി നാലാംവാരം ഫലം പ്രഖ്യാപിക്കും. ഫെബ്രുവരി ഒന്നുമുതൽ 28 വരെ ഇന്റേൺഷിപ്പ്. രണ്ടാംഘട്ട പരീക്ഷ മാർച്ച് രണ്ടാംവാരം നടക്കും. ഏപ്രിൽ ആദ്യവാരം ഫലം പ്രഖ്യാപിക്കും. പി.ജി. പ്രവേശനം മേയിൽ ആരംഭിച്ച് ജൂണിൽ അവസാനിക്കും. പി.ജി. പ്രവേശനം ജൂലായ് ഒന്നിന് ആരംഭിക്കും.
തിയറി പരീക്ഷയ്ക്ക് അവസാന രണ്ടുവർഷ എം.ബി.ബി.എസ്. പാഠ്യപദ്ധതിയെ ആസ്പദമാക്കി ആറ് പേപ്പറുകളുണ്ടാകും. ആദ്യ ശ്രമത്തിൽ പേപ്പറുകളിൽ ഏതെങ്കിലും പാസാകാതിരുന്നാൽ വീണ്ടും ആവർഷം ഒരവസരംകൂടി നൽകും. ആദ്യ ഘട്ടം എത്രതവണ വേണമെങ്കിലും എഴുതാം. എന്നാൽ, രണ്ടാംഘട്ടം എം.ബി.ബി.എസിന് പ്രവേശനം നേടി പത്തുവർഷത്തിനുള്ളിൽ പാസാകണം. രണ്ടാം ഘട്ടം പ്രാക്ടിക്കൽ, വൈവ എന്നിവ ഉൾപ്പെട്ടതാണ്. ഏഴു ക്ലിനിക്കൽ വിഷയങ്ങളാകും ഇതിലുണ്ടാവുക. വർഷത്തിൽ ഒറ്റത്തവണ മാത്രമാണിത് നടത്തുക. ഏഴു വിഷയങ്ങളിൽ മൂന്നിൽത്താഴെ എണ്ണത്തിൽ പാസായില്ലെങ്കിൽ ആവർഷം ഒരവസരംകൂടി നൽകും.
Content Highlights: National Exit Test (NEXT) for MBBS Students
Published: 30 Dec 2022, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented