നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ (എൻ.സി.ഇ.ആർ.ടി.) കീഴിൽ അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ എന്നീ കേന്ദ്രങ്ങളിലുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.) നടത്തുന്ന വിവിധ അധ്യാപക പരിശീലന കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

പ്ലസ്ടു കഴിഞ്ഞവർക്ക്

• ബിരുദവും (ബി.എസ്‌സി./ബി.എ.) ബി.എഡ്. ബിരുദവും ചേർന്നുള്ള നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എസ്‌സി. ബി.എഡ്., ബി.എ. ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പ്ലസ്ടു നിശ്ചിതവിഷയങ്ങളോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.

• ഇന്റഗ്രേറ്റഡ് ബി.എസ്‌സി. ബി.എഡ്. (ഫിസിക്കൽ സയൻസ്) പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയും ബി.എസ്‌സി. ബി.എഡ്. (ബയോളജിക്കൽ സയൻസ്) പ്രവേശനം നേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങളും പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കണം.

• ബി.എ. ബി.എഡ്. പ്രവേശനത്തിന് സയൻസ്/കൊമേഴ്‌സ്/ആർട്‌സ് സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഭുവനേശ്വർ, മൈസൂരു കേന്ദ്രങ്ങളിൽ കോഴ്‌സ് ഉണ്ട്.

• ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് എന്നിവയിൽ ഒന്നിലെ എം.എസ്‌സി.ക്കൊപ്പം ബി.എഡും ചേർന്നുള്ള ആറുവർഷ ഇന്റഗ്രേറ്റഡ് എം.എസ്. സി.എഡ്. പ്രോഗ്രാമിലേക്ക് പ്രവേശനം നേടുന്നവർ പ്ലസ്ടുതലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കം. മൈസൂരുവിലാണ് കോഴ്‌സ്. രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാം. ഈ മൂന്നു പ്രോഗ്രാമുകൾക്കും പ്ലസ്ടു 2022-ലോ 2023-ലോ ജയിച്ചവർക്കും 2024-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

ബിരുദം കഴിഞ്ഞവർക്ക്

• രണ്ടുവർഷ ബി.എഡ്.: സയൻസ് ബാച്ച്‌ലർ/മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കിൽ സയൻസ്/മാത്തമാറ്റിക്സ് വിഷയത്തോടെയുള്ള, ബി.ടെക്./ബി.ഇ. ഉള്ളവർക്ക് സയൻസ് ആൻഡ് മാത്തമാറ്റിക്സ് ഗ്രൂപ്പ് ബി. എഡിനും സോഷ്യൽ സയൻസസ്/ഹ്യുമാനിറ്റീസ് ബാച്ച്‌ലർ/മാസ്റ്റേഴ്‌സ് ബിരുദം ഉള്ളവർക്ക് സോഷ്യൽ സയൻസ് ആൻഡ് ലാംഗ്വേജ് ഗ്രൂപ്പിലേക്കും അപേക്ഷിക്കാം. പ്രോഗ്രാം അഞ്ച് കേന്ദ്രങ്ങളിലുമുണ്ട്.

• രണ്ടുവർഷ എം.എഡ്.: ബി.എഡ്./ ബി.എ. ബി. എഡ്./ബി.എ. എഡ്./ബി.എസ്‌സി. ബി.എഡ്./ബി.എസ് സി.എഡ്./ബി.എൽ.എഡ്., ആർട്‌സ്/സയൻസ് ബാച്ച്‌ലർ ബിരുദം + ഡി.എൽ.എഡ്. എന്നിവയിലൊന്ന് ഉള്ളവർക്ക് അപേക്ഷിക്കാം. അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു കേന്ദ്രങ്ങളിൽ പ്രോഗ്രാം ഉണ്ട്.

• പ്ലസ്ടു/ബിരുദം യോഗ്യതവേണ്ട പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷകർക്ക് യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) മൊത്തത്തിൽ വേണം.

• ബി.എഡ്. - എം.എഡ്. ഇന്റഗ്രേറ്റഡ് പ്രോഗ്രാം (മൂന്നുവർഷം) പ്രവേശനത്തിന്, 55 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം), സയൻസ്/സോഷ്യൽ സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബി.എഡ്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല. ഭോപാലിലാണ് കോഴ്‌സ്. രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാം.

വിശദമായ യോഗ്യതാവ്യവസ്ഥകൾ cee.ncert.gov.in/ ലെ ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലുള്ള ബി.എഡ്., എം.എഡ്., ബി.എസ് സി./ബി.എ. ബി.എഡ്. പ്രോഗ്രാമുകൾക്ക് അപേക്ഷാർഥിയുടെ താമസസ്ഥലം പരിഗണിച്ച് നിശ്ചിതകേന്ദ്രത്തിലേക്കേ അപേക്ഷിക്കാനാകൂ. കേരളത്തിലെ അപേക്ഷകർക്ക് മൈസൂരുവിലേക്ക് അപേക്ഷിക്കാം.

പൊതു പ്രവേശനപരീക്ഷ

ജൂൺ 16-ന് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പൊതു പ്രവേശനപരീക്ഷ (സി.ഇ.ഇ.) ഉണ്ടാകും. പ്രോഗ്രാമിനനുസരിച്ച് മൂന്നു ലവലുകളിൽ പ്രവേശനപരീക്ഷകൾ നടത്തും. പ്ലസ്ടു യോഗ്യതയായുള്ള പ്രോഗ്രാമുകൾക്ക് ലവൽ 1, ബി.എഡ്./ഇന്റഗ്രേറ്റഡ് ബി.എഡ്., എം.എഡ്. എന്നിവയ്ക്ക് ലെവൽ 2, എം. എഡിന് ലെവൽ 3. ലാംഗ്വേജ് പ്രൊഫിഷ്യൻസി ഇൻ ഇംഗ്ലീഷ് (20 ചോദ്യങ്ങൾ), ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് (30), റീസണിങ് എബിലിറ്റി (30) എന്നീ മേഖലകളിലെ ചോദ്യങ്ങൾ മൂന്നു ലവലുകളിലും ഉണ്ടായിരിക്കും.

ശരിയുത്തരത്തിന് രണ്ട് മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ 0.5 മാർക്ക് വീതം നഷ്ടപ്പെടും. എറണാകുളം പരീക്ഷാകേന്ദ്രമാണ്. പരീക്ഷയുടെ സിലബസ്, മുൻവർഷത്തെ ചോദ്യപ്പേപ്പർ എന്നിവ വെബ്‌സൈറ്റിലുണ്ട്. പ്രവേശന പരീക്ഷയിലെ മാർക്കിന് 60-ഉം പോസ്പക്ടസിൽ വിശദീകരിച്ചിട്ടുള്ള രീതിയിൽ കണക്കാക്കുന്ന, യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട മൊത്തം മാർക്കിന് 40-ഉം ശതമാനം വെയ്റ്റേജ് നൽകി റാങ്ക് പട്ടിക തയ്യാറാക്കും.കൗൺസലിങ്, പ്രവേശനം എന്നിവ ബന്ധപ്പെട്ട റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. ഓരോ സ്ഥാപനവും സെലക്ട് ലിസ്റ്റും വെയിറ്റിങ്‌ ലിസ്റ്റും തയ്യാറാക്കി പ്രസിദ്ധീകരിക്കും.