വെള്ളരിക്കുണ്ട്: സ്വപ്നങ്ങൾ ചിറകിലൊതുക്കിയായിരുന്നു അഖിൽ ജോയന്റെ മത്സരങ്ങൾ. കളിക്കളത്തിലും ജീവിതത്തിലും. റോപ്പ് പുൾഅപ്പിലെ ലോക റെക്കോഡിലേക്കുവരെ എത്തിയ ഈ യുവതാരത്തിന്റെ അകാലവേർപാടിന്റെ ഞെട്ടലിലാണ് വെള്ളരിക്കുണ്ടുകാർ.

To advertise here,

19-ാംവയസ്സിൽ മർച്ചന്റ് നേവിയിൽ ചേർന്ന അഖിൽ റഷ്യ, യുക്രെയിൻ യുദ്ധത്തിനിടെ കപ്പലിൽ മിസൈൽ പതിച്ച് മരിച്ചുവെന്ന വിവരം നാടിനെ കണ്ണീരിലാഴ്ത്തി. വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാലിപ്ലാക്കൽ ജോയന്റെയും സാലിയുടെയും ഏകമകനാണ്. വെള്ളരിക്കുണ്ട് സെയ്ന്റ് ജൂഡ്സ് സ്‌കൂളിലായിരുന്നു പഠനം. മറ്റു കായിക ഇനങ്ങൾക്കൊപ്പം വടംവലിയിലും റോപ്പ് പുള്ളപ്പിലും കൂടുതൽ മികവുകാട്ടി. സാമ്പത്തികമായി പിന്നാക്കത്തിലായിരുന്ന കുടുംബത്തിന് സ്വന്തമായൊരുവീട് എന്നതായിരുന്നു അഖിലിന്റെ പ്രധാന സ്വപ്നം. ഒരുവർഷം മുമ്പ് പുതിയ വീടൊരുക്കി ഗൃഹപ്രവേശം നടത്തി. ഈവർഷം വന്നപ്പോൾ വിവാഹത്തിനുള്ള ഒരുക്കങ്ങളായിരുന്നു. അടുത്ത വരവിന് വിവാഹം നടത്താനുള്ള തീരുമാനത്തിലായിരുന്നു.

ഒരുമാസം മുമ്പാണ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വിവാഹസ്വപ്നങ്ങൾ പങ്കുവെച്ച് സന്തോഷത്തോടെയാണ് അഖിൽ ജോലിസ്ഥലത്തേക്ക് തിരികെപോയത്. കപ്പലിൽ പതിച്ച റഷ്യയുടെ മിസൈൽ അഖിൽഉൾപ്പെടെ ഒമ്പതുപരുടെ മരണത്തിനിടയാക്കി. എട്ടുപേർ രക്ഷപെട്ടിരുന്നു. 

കൂടുതൽ വിശദാംശങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. ഏകമകൻ ദുരന്തത്തിൽപ്പെട്ടതിന്റെ ദുഖത്തിൽ തളർന്നിരിക്കുകയാണ് ജോയനും ഭാര്യ സാലിയും കുടുംബാംഗങ്ങളും.