
പുല്പള്ളി: പൊതുവിദ്യാലയങ്ങളിൽനിന്നുള്ള പട്ടികവർഗ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ല. ഈ അധ്യയനവർഷം ജില്ലയിൽ സ്കൂൾ പഠനം പാതിവഴിയിലുപേക്ഷിച്ചത് 838 പട്ടികവർഗ വിദ്യാർഥികളാണ്. ഹയർസെക്കൻഡറിതലത്തിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടായത്. ജില്ലയിൽ 453 വിദ്യാർഥികളാണ് ഹയർസെക്കൻഡറി ക്ലാസുകളിൽ പഠനം പാതിയിലുപേക്ഷിച്ചത്.ഒന്നുമുതൽ പത്താംതരംവരെ 385 കുട്ടികൾ കൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അധ്യയനവർഷം ക്ലാസ് ആരംഭിച്ച ജൂണിൽ സ്കൂളിലെത്തിയതും പിന്നീട് ഹാജർനില 50 ശതമാനമായി ചുരുങ്ങുകയും അതിനുശേഷം വരാതാവുകയും ചെയ്ത കുട്ടികളുടെ കണക്കാണിത്.
ഹൈസ്കൂൾതലംവരെ താലൂക്ക് തിരിച്ചുള്ള കണക്കുപ്രകാരം വൈത്തിരിയിൽ 115, സുൽത്താൻബത്തേരിയിൽ 110, മാനന്തവാടിയിൽ 160 കുട്ടികളാണ് സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോയിട്ടുള്ളത്. ഹയർസെക്കൻഡറിതലത്തിൽ വൈത്തിരിയിൽ 129, സുൽത്താൻബത്തേരിയിൽ 164, മാനന്തവാടിയിൽ 160 കുട്ടികളാണ് പാതിവഴിയിൽ പഠനം നിർത്തിയത്. ബിരുദതലത്തിൽ 24 വിദ്യാർഥികളും ബിരുദാനന്തരബിരുദത്തിൽ നാലു വിദ്യാർഥികളും പഠനം നിർത്തിയവരിൽ ഉൾപ്പെടും. കാർഷിക വിളവെടുപ്പ് കാലംകൂടി തുടങ്ങുന്നതോടെ വിദ്യാലയങ്ങളിലെത്താത്ത കുട്ടികളുടെ എണ്ണം കൂടുകയാണ്.
ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പണിയസമുദായത്തിനിടയിൽനിന്നുള്ള കുട്ടികളാണ് കൊഴിഞ്ഞുപോകുന്നതിലേറെയും. ജില്ലയിലെ പട്ടികവർഗവിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ പൂർണവിജയത്തിലെത്തുന്നില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
സംവിധാനങ്ങളെല്ലാമുണ്ട്, എന്നിട്ടും...
വിദ്യാലയങ്ങളിൽ പട്ടികവർഗ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താനും ഇവരുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാനുമായി ജില്ലയിലെ വിവിധ സ്കൂളുകളിലായി 241 മെന്റർ അധ്യാപകരെ നിയമിച്ചിരുന്നു. പട്ടികവർഗമേഖലയിൽ പ്രവർത്തിക്കാൻ 15 കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെയും 366 പ്രമോട്ടർമാരെയും പട്ടികവർഗ വികസനവകുപ്പ് നിയമിച്ചിട്ടുണ്ട്.
കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്രഭാഷയിലുള്ള പാഠ്യസമ്പ്രദായമടക്കമുള്ള ഒട്ടേറെ പരീക്ഷണങ്ങളും ജില്ലയിൽ നടത്തിയിരുന്നു. വിദ്യാർഥികൾക്ക് ഊരുകളിൽനിന്ന് സ്കൂളുകളിലേക്ക് യാത്രാസൗകര്യമൊരുക്കുന്ന വിദ്യാവാഹിനി, സൗജന്യ യൂണിഫോം, ഭക്ഷണം, വിവിധ പഠന ഗ്രാന്റുകൾ എന്നിവയെല്ലാം സർക്കാർതലത്തിൽ ലഭ്യമാക്കിയിട്ടും എന്തുകൊണ്ടാണ് കുട്ടികൾ സ്കൂളിൽപ്പോകാൻ മടികാണിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.
സാമൂഹിക ചുറ്റുപാടുകൾ, പഠനത്തോടുള്ള വിമുഖത, ആത്മവിശ്വാസക്കുറവ്, കുടുംബപശ്ചാത്തലം, മാതാപിതാക്കളുടെ അജ്ഞത, ഊരുകളിൽ വർധിച്ചുവരുന്ന ലഹരിയുപയോഗം തുടങ്ങിയവയെല്ലാമാണ് കുട്ടികൾ പഠനം നിർത്തുന്നതിന്റെ കാരണങ്ങളായി പറയുന്നത്.
പഠനം പാതിവഴിയിൽ നിർത്തുന്ന പട്ടികവർഗ വിദ്യാർഥികളുടെ കണക്കുകൾ അധികൃതർ എല്ലാ വർഷവും മുടങ്ങാതെ എടുക്കാറുണ്ട്. കൊഴിഞ്ഞുപോക്ക് പരിഹരിക്കാൻ പദ്ധതികളും ഫണ്ടും അനുവദിക്കുന്നുണ്ട്. പക്ഷേ, അവരെ കൃത്യമായി സ്കൂളിലെത്തിക്കാൻ ഇപ്പോഴും പൂർണമായി സാധിക്കുന്നില്ല.
Content Highlights: 838 tribal students dropped out of school in Pulpalli this year.
Published: 12 Dec 2024, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented