വിദ്യാർഥിപ്രവേശനത്തിൽ ഇടിവുവന്നിട്ടുണ്ടെന്നാണ് ഈയിടെ പുറത്തുവന്ന അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേയിലെ വെളിപ്പെടുത്തൽ. പഠിക്കാൻ കുട്ടികൾ പുറത്തേക്കുപോവുന്ന വെല്ലുവിളികൂടി നേരിടുകയാണ് കേരളം. കാലത്തിനൊത്ത് മാറാൻ നാലുവർഷബിരുദം, സ്വകാര്യ സർവകലാശാല തുടങ്ങിയ പരിഷ്കാരങ്ങളിലേക്ക് സംസ്ഥാനം ചുവടുവെക്കുന്ന സാഹചര്യത്തെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, ‘മാതൃഭൂമി’ പ്രതിനിധി പി.കെ. മണികണ്ഠനുമായി സംസാരിക്കുന്നു
ഉന്നത വിദ്യാഭ്യാസത്തിൽ വിദ്യാർഥിപ്രവേശനം കുറഞ്ഞതെങ്ങനെ
= കേരളത്തിന്റെ ജി.ഇ.ആർ. (ഗ്രോസ് എൻറോൾമെന്റ് റേഷ്യോ) കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തുശതമാനം വർധിച്ചിട്ടുണ്ടായിരുന്നു. വിദൂരവിദ്യാഭ്യാസം ഇപ്പോൾ പ്രധാനമായും എസ്.എൻ. ഓപ്പൺ സർവകലാശാലയെ ആധാരമാക്കിയാണല്ലോ നടക്കുന്നത്. കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസത്തിൽ ചേർന്നവരുടെ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇങ്ങനെ വിദൂരപഠനം നടത്തുന്നവരുടെ കണക്കുകൾ ചേർക്കപ്പെടാതിരുന്നതാണ് സർവേയിൽ വിദ്യാർഥിപ്രവേശനം കുറയാനുള്ള കാരണം.
കുട്ടികൾ പഠിക്കാൻ പുറത്തേക്കുപോവുന്നതിന് കണക്കുണ്ടോ. അത് വെല്ലുവിളിയല്ലേ
= വർഷത്തിൽ ഏകദേശം 35,000 കുട്ടികളാണ് കേരളത്തിൽനിന്ന് പഠനത്തിനായി പുറത്തേക്കുപോവുന്നത്. ഇത് കേവലം നാലുശതമാനമേ വരുന്നുള്ളൂ. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നൊക്കെ കേരളത്തെക്കാൾ കൂടുതൽ പേർ പഠനത്തിനായി പുറത്തേക്കുപോവുന്നുണ്ട്. 12 ശതമാനമാണ് പഞ്ചാബിലും ആന്ധ്രാപ്രദേശിലും. ഇതൊരു ആഗോളപ്രതിഭാസമാണ്.
അതിർത്തിരേഖകൾക്കപ്പുറത്തേക്ക് പോവുക എന്നത് ആഗോളീകരണത്തിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്ന പ്രതിഭാസമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സാധ്യതകളുണ്ടിപ്പോൾ. വിമാനസർവീസുകളുടെതന്നെ എണ്ണം വർധിച്ചല്ലോ. വിദ്യാഭ്യാസവായ്പകളുടെ ലഭ്യതയും വർധിച്ചു. ചരക്കുകളും വസ്തുക്കളുംപോലെ മനുഷ്യവിഭവസ്രോതസ്സും പുറത്തേക്കൊഴുകുന്നത് ആഗോളീകരണയുഗത്തിൽ പുതിയ കാര്യമല്ല. ഇത് നമുക്ക് ഒഴിവാക്കാൻ പറ്റുന്നതല്ല.
കുടിൽവ്യവസായംപോലെയാണ് കുട്ടികളെ വിളിച്ച് ഏജൻസികൾ കൊണ്ടുപോവുന്നത്. പലതിനും ഗുണനിലവാരമില്ല. അംഗീകാരമില്ലാതെ കടലാസിൽ പ്രവർത്തിക്കുന്നതാണ് പലതും. ദൃശ്യമാധ്യമങ്ങളിലും മറ്റും കണ്ട് അതാണ് ജീവിതനിലവാരമെന്ന് കുട്ടികൾ തെറ്റിദ്ധരിക്കുന്നു. കുട്ടികൾക്കുമേലുള്ള കർശനനിരീക്ഷണവും നിയന്ത്രണവുമൊന്നും ഇക്കാലത്തും വീട്ടുകാർ അവസാനിപ്പിച്ചിട്ടില്ല. അപ്പോൾ കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അതും കുടിയേറ്റത്തിനുള്ള ഒരു മുഖ്യകാരണമാണ്. ഉന്നത വിദ്യാഭ്യാസത്തിൽ ഏറ്റവും മികച്ച കോഴ്‌സുകളും അടിസ്ഥാനസൗകര്യവും ഉറപ്പാക്കുക, നമ്മുടെ കുട്ടികൾക്കുമാത്രമല്ല, വിദേശവിദ്യാർഥികൾക്കും ഇവിടേക്കുവരാനുള്ള പ്രോത്സാഹനമൊരുക്കുക എന്നിവയൊക്കെയാണ് നമുക്ക് ചെയ്യാനാവുക.
കുടിയേറ്റത്തിനുകാരണം നിലവാരത്തകർച്ചയാണോ
= നിലവാരക്കുറവൊന്നും നമുക്കില്ല. കാലങ്ങളായി എത്രയോ ധിഷണാശാലികളായ കുട്ടികൾ വിദേശങ്ങളിലേക്ക് പോവുന്നില്ലേ. കേരളത്തിൽനിന്നുള്ളവർ മികച്ച മസ്തിഷ്കങ്ങളാണെന്ന് അമേരിക്കയും ബ്രിട്ടനുമൊക്കെ സമ്മതിക്കുന്നു. പല സ്ഥാപനങ്ങളുടെയും നേതൃത്വം മലയാളികൾക്കാണ്. ഇവിടത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ അടയാളംകൂടിയാണത്. മോശമാണെങ്കിൽ ഇവർക്കൊന്നും പോവാൻ പറ്റില്ലല്ലോ. പി.ജി.ക്കും ഗവേഷണത്തിനുമൊക്കെ പോവുമ്പോൾ വിദേശത്ത് പ്രവേശനംലഭിക്കുന്നത് ഇവിടത്തെ മികവിന്റെ അടിസ്ഥാനത്തിലാണല്ലോ.
പക്ഷേ, കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണല്ലോ
= കോവിഡനന്തര സാഹചര്യത്തിൽ 40,000 സീറ്റുകൾ നമ്മൾ വർധിപ്പിച്ചു. അവയാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. അത്രപോലുമില്ല. യഥാർഥത്തിൽ അത്രയും സീറ്റ് വർധിപ്പിക്കേണ്ടിയിരുന്നില്ല. മലബാറിൽ സീറ്റിന്റെ കുറവുവന്നപ്പോൾ ചെയ്തതാണത്.
തൊഴിലിനുംകൂടി വേണ്ടിയാണല്ലോ കുടിയേറ്റം
= തൊഴിലും വിദ്യാഭ്യാസവും ബന്ധിപ്പിക്കുന്ന പദ്ധതി നാം തുടങ്ങിയിട്ടുണ്ട് -ഏൺ വൈൽ യു ലേൺ, ഇൻഡസ്ട്രി ഓൺ കാമ്പസ്, കണക്ട് കരിയർ ടു കാമ്പസ് തുടങ്ങിയവ. നാലുവർഷബിരുദംകൂടി വരുന്നതോടെ ഇതിൽ കൂടുതൽ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. അധ്യാപകരുടെ മനോഭാവവും മാറണം. അവർക്കാണിതിൽ പ്രചോദനംനൽകി മുന്നിൽ നിൽക്കാൻ സാധിക്കേണ്ടത്. അധ്യാപകർ തുറന്ന സമീപനം സ്വീകരിക്കാൻ തയ്യാറാവണം.
പിടിച്ചുനിർത്താൻ കോഴ്‌സുകളിൽ കാലോചിതപരിഷ്കാരം വരുമോ
= കോഴ്‌സുകളിലെ സങ്കുചിതത്വം മാറ്റുകയാണിപ്പോൾ നമ്മൾ; വിദേശത്തുള്ളപോലെ ഇടയ്ക്കുപോയി തിരിച്ചുവരാവുന്നതരത്തിൽ.ഇപ്പോൾ പുതിയ കോഴ്‌സുകൾ ധാരാളമായി വന്നിട്ടുണ്ട്. നാലുവർഷബിരുദം തുടങ്ങുമ്പോൾ പുതിയ കോമ്പിനേഷനുകൾ വരും. നിലവിലുള്ള കോഴ്‌സുകൾ കൂടുതൽ പ്രായോഗികപരിജ്ഞാനവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കും.
രാജ്യത്ത് വിദേശസർവകലാശാലകളും കേരളത്തിൽ സ്വകാര്യ സർവകലാശാലയും വരുന്നു. രണ്ടും തമ്മിൽ ബന്ധിപ്പിക്കുമോ
= സ്വകാര്യ സർവകലാശാല സംസ്ഥാനസർക്കാർ പരിഗണിച്ചുവരുന്നു. സ്വാഭാവികമായും മത്സരം കൂടും. വിദേശ സർവകലാശാലകളുടെ കാര്യത്തിൽ കേന്ദ്രം അന്തിമതീരുമാനമെടുക്കട്ടെ. കേരളത്തിൽ എന്തുവേണമെന്ന് അപ്പോൾ ആലോചിക്കാം. വിദേശസർവകലാശാല വന്നാൽ വിദ്യാഭ്യാസരംഗം വാണിജ്യവത്കരിക്കപ്പെടും. നന്നായി പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകൾ ഇന്ത്യയിലൊന്നും കേന്ദ്രങ്ങൾ തുറക്കാൻ തത്‌പരരാവില്ല. ഓക്സ്ഫഡിനും കേംബ്രിജിനും ഇന്ത്യയിൽ തുടങ്ങേണ്ട ആവശ്യമില്ലല്ലോ. വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന മൂന്നാംകിട സർവകലാശാലകളേ വരാൻ സാധ്യതയുള്ളൂ. ആഗോളീകരണം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയാണ് വിദ്യാഭ്യാസക്കച്ചവടത്തിന്റെ കാരണം. അതേസമയം, കുടിയേറ്റപ്രശ്നങ്ങൾ വിദേശരാജ്യങ്ങൾക്കുമുണ്ട്. ബ്രിട്ടനും കാനഡയുമൊക്കെ ഇപ്പോൾ വിദ്യാർഥികളെ നിയന്ത്രിച്ചുതുടങ്ങി.
Content Highlights: Minister R Bindu about Student Migration
Published: 01 Feb 2024, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented