ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.), വിവിധ മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെയും എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലെയും (ഇ.ആർ.പി.) 2024-2025 ഓഗസ്റ്റ് സെഷനിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എം.എസ്‌സി., ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി., എം.­ടെക്., എം.ഡിസ്., എം. മാനേജ്മെൻറ്, പിഎച്ച്.ഡി., എം.ടെക്. (റിസർച്ച്) തുടങ്ങിയ പ്രോഗ്രാമുകളിലാണ് അവസരം.

To advertise here,

എം.എസ്‌സി. പ്രോഗ്രാമുകളും യോഗ്യതയും

(i) ലൈഫ് സയൻസസ്: അപേക്ഷകർക്ക് ഫിസിക്കൽ, കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ സയൻസസിൽ (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ് ഉൾപ്പെടെ) ഫസ്റ്റ് ക്ലാസ്/തത്തുല്യ ബാച്ച്‌ലർ/തത്തുല്യ ബിരുദം വേണം. ഇവർക്ക് ബയോടെക്നോളജി (ബി.ടി.)/കെമിസ്ട്രി (സി.വൈ.)/മാത്തമാറ്റിക്സ് (എം.എ.)/ഫിസിക്സ് (പി.എച്ച്.) വിഷയങ്ങളിലൊന്നിൽ 2024 ജാം സ്കോർ വേണം.

ഫസ്റ്റ് ക്ലാസ്/തത്തുല്യ ബി.ഇ./ബി.ടെക്. ബിരുദക്കാർക്കും അപേക്ഷിക്കാം. അവർക്ക് ബയോടെക്നോളജി (ബി.ടി.), ബയോ മെഡിക്കൽ എൻജിനിയറിങ് (ബി.എം.), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഇ.സി.), ഇക്കോളജി (ഇ.വൈ.), മാത്തമാറ്റിക്സ് (എം.എ.), ഫിസിക്സ് (പി.എച്ച്.), ലൈഫ് സയൻസസ് (എക്സ്.എൽ.) എന്നിവയിലൊന്നിലെ ഗേറ്റ് സ്കോർ വേണം.

ലൈഫ് സയൻസസ് തിരഞ്ഞെടുപ്പിൽ, ജാം 2024/ഗേറ്റ് 2022/2023/2024 സ്കോർ പരിഗണിച്ച് ഇൻറർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇൻറർവ്യൂ മികവ് പരിഗണിച്ചാകും അന്തിമ സെലക്‌ഷൻ.

(ii) കെമിക്കൽ സയൻസസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്‌സി./തത്തുല്യ ബിരുദം. പ്ലസ്ടു/പി.യു.സി. തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കെമിസ്ട്രി (സി.വൈ.) പേപ്പറിൽ 2024 ജാം യോഗ്യത വേണം. ഈ സ്കോർ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.

(i) ബയോളജിക്കൽ സയൻസസ്: ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ് ഉൾപ്പെടെ) സയൻസസിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബാച്ച്‌ലർ/തത്തുല്യ ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബി.ഇ./ബി.ടെക്. ബിരുദം. ബയോടെക്നോളജി (ബി.ടി.)/കെമിസ്ട്രി (സി.വൈ.)/മാത്തമാറ്റിക്സ് (എം.എ.)/ഫിസിക്സ് (പി.എച്ച്.) വിഷയങ്ങളിലൊന്നിൽ 2024 ജാം സ്കോർ വേണം.

(ii) കെമിക്കൽ സയൻസസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസോടെ നേടിയ ബി.­എസ്‌സി./തത്തുല്യ ബിരുദം. പ്ലസ്ടു/പി.യു.സി. തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകർക്ക് കെമിസ്ട്രി (സി.വൈ.)/ഫിസിക്സ് (പി.എച്ച്.) പേപ്പറിൽ 2024 ജാം യോഗ്യത വേണം.

(iii) മാത്തമാറ്റിക്കൽ സയൻസസ്: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസ്/തത്തുല്യ, ബി.എസ്‌സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. മാത്തമാറ്റിക്സ് (എം.എ.)/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (എം.എസ്.)-ൽ 2024-ലെ ജാം യോഗ്യത വേണം.

(iv) ഫിസിക്കൽ സയൻസസ്: ഫിസിക്സ് ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/തത്തുല്യ, ബി.എസ്‌സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. ഫിസിക്സ് (പി.എച്ച്.)-ൽ 2024-ലെ ജാം യോഗ്യത/ജസ്റ്റ് 2024 യോഗ്യത വേണം.

നാലു വിഷയങ്ങളിലെയും ഷോർട്ട് ലിസ്റ്റിങ്ങിന് ജാം 2024 സ്കോർ പരിഗണിക്കും. കൂടാതെ, ഫിസിക്സിന് ജസ്റ്റ് 2024 സ്കോറും.

കെമിസ്ട്രി സെലക്‌ഷൻ, ഇൻറർവ്യൂ അടിസ്ഥാനമാക്കിയും മറ്റു വിഷയങ്ങളുടേത് യോഗ്യതാ പ്രോഗ്രാം പരീക്ഷാമികവ്, ഇൻറർവ്യൂ മികവ് എന്നിവ സംയുക്തമായി പരിഗണിച്ചായിരിക്കും.

മാസ്റ്റർ ഓഫ് ഡിസൈൻ

എം.ഡിസ്.-ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് ഡിപ്പാർട്ട്‌മെൻറ്: എൻജിനിയറിങ്/ടെക്നോളജി/ഡിസൈൻ/ആർക്കിടെക്ചർ എന്നിവയിലൊന്നിൽ കുറഞ്ഞത് സെക്കൻഡ് ക്ലാസ് ബാച്ച്‌ലർ ബിരുദം വേണം. ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് 2022/2023/2024/സീഡ് 2024 സ്കോറും വേണം.

മാസ്റ്റർ ഓഫ് മാനേജ്മെന്റ്

എം.എംജിടി.-മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്): കുറഞ്ഞത് ഫസ്റ്റ് ക്ലാസ്/തത്തുല്യ എൻജിനിയറിങ്/ടെക്നോളജി/തത്തുല്യ ബാച്ച്‌ലർ ബിരുദം. ഓഗസ്റ്റ് ഒന്നിന് സാധുവായ, ഗേറ്റ് 2022/2023/2024/കാറ്റ് 2023/ജിമാറ്റ് സ്കോർ വേണം.

മറ്റു പ്രവേശനങ്ങൾ

വിവിധ എൻജിനിയറിങ് വകുപ്പുകളിലായി എം.­ടെക്., പിഎച്ച്.ഡി., സയൻസ് ഫാക്കൽട്ടിയിലും ഇൻറർ ഡിസിപ്ലിനറി മേഖലകളിലും പിഎച്ച്.­ഡി., എൻജിനിയറിങ് ഫാക്കൽട്ടിയിലും ചില സയൻസ് ഫാക്കൽട്ടിയിലും ഇൻറർ ഡിസിപ്ലിനറി­­മേഖലകളിലും എം.ടെക്. (റിസർച്ച്) എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ലഭ്യമായ വിഷയങ്ങൾ/മേഖലകൾ, ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട കുറഞ്ഞ വിദ്യാഭ്യാസയോഗ്യത, ആവശ്യമായ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത, വിവിധ പ്രോഗ്രാമുകളിലെ തിരഞ്ഞെടുപ്പുരീതി, മറ്റു വിശദാംശങ്ങൾ തുടങ്ങിയവ അഡ്മിഷൻ നോട്ടീസിൽ ലഭിക്കും.

എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം

എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം (ഇ.ആർ.പി.) സ്കീമിൽ പിഎച്ച്.ഡി., എം.ടെക്. (റിസർച്ച്) അവസരങ്ങളുണ്ട്. റിസർച്ച് ആൻഡ് ഡിവലപ്മെൻറ് ഓർഗനൈസേഷൻ/ഇൻഡസ്ട്രി പ്രൊഫഷണലുകൾ; അംഗീകൃത എൻജിനിയറിങ്, അഗ്രിക്കൾച്ചറൽ, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, മെഡിക്കൽ കോളേജുകൾ/സർവകലാശാലകൾ എന്നിവയിലെ ഫാക്കൽട്ടി അംഗങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. റെഗുലർ അപേക്ഷകർക്കു ബാധകമായ വിദ്യാഭ്യാസയോഗ്യത വേണം. നിശ്ചിത ദേശീയതല യോഗ്യതാപരീക്ഷാ വിജയം നിർബന്ധമല്ലെങ്കിലും അഭികാമ്യമാണ്. ബിരുദമെടുത്ത ശേഷം കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിലവിലെ സ്ഥാപനത്തിൽ നേടിയിരിക്കണം. വിശദമായ വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ലഭിക്കും. ഇൻറർവ്യൂ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

അപേക്ഷ

wwww.iisc.ac.in/admissions/ (അപ്ലൈ ഓൺലൈൻ ലിങ്ക്) വഴി മാർച്ച് 22 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. പട്ടിക/ഭിന്നശേഷിക്കാർക്ക് 400 രൂപ. എല്ലാ വിഭാഗം ഇ.ആർ.പി. അപേക്ഷകർക്കും അപേക്ഷാഫീസ് 2000 രൂപയാണ്. സ്പോൺസേഡ് വിഭാഗക്കാർക്ക് (എം.ടെക്.) 800 രൂപ. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ/സെമസ്റ്ററിൽ പഠിക്കുന്ന, ബിരുദം ലഭിക്കാൻവേണ്ട നടപടിക്രമങ്ങൾ (പരീക്ഷ, പ്രോജക്ട് ഡിസർട്ടേഷൻ, വൈവ-വോസേ മുതലായവ) ജൂലായ് 31-നകം പൂർത്തിയാക്കാമെന്നും യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഒക്ടോബർ 31-നകം ഹാജരാക്കാമെന്നും പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.