
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിലെ ‘അക്കാദമിക് സ്കോർ’ എന്താണെന്ന് വിശദീകരിക്കാനാണ് ഈ കുറിപ്പ്.
എ.പി.ഐ. എന്ന ചുരുക്കനാമത്തിൽ അറിയപ്പെടുന്ന അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്‌സ് ആണ് പൊതുവായി ഒരു അധ്യാപകൻ പഠന, ഗവേഷണ പ്രവർത്തനങ്ങളോടൊപ്പം സ്വായത്തമാക്കേണ്ടത്. ഇതിൽ ഒരു ഭാഗമാണ് റിസർച്ച് സ്കോർ. ആറ് ഉപവിഭാഗങ്ങളിലായി ഇതിനെ യു.ജി.സി. നിർവചിച്ചിട്ടുണ്ട്:
#1 പിയർ-റിവ്യൂഡ് അല്ലെങ്കിൽ യു.ജി.സി. ലിസ്റ്റ് ചെയ്ത ജേണലുകളിലെ ഗവേഷണ പേപ്പറുകൾ
ഗവേഷണ സ്വഭാവമുള്ള, ISSN നമ്പറുള്ള, ജേണലുകളിൽ ഒരു അധ്യാപകൻ/ ഗവേഷകൻ പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങളാണ് ഈ ഉപവിഭാഗത്തിൽപ്പെടുന്നത്. 2019 വരെ യു.ജി.സി.യുടെ ലിസ്റ്റിൽപ്പെട്ടവയോ, ഒരു കമ്മിറ്റി പരിശോധിച്ച് ബോധ്യപ്പെട്ടവയോ ആയ മികച്ച പ്രബന്ധങ്ങളാണ് ഇത്തരം ജേണലുകൾ പ്രസിദ്ധീകരണത്തിന് സ്വീകരിക്കുക. ചോരണം അഥവാ പ്ലെജറിസം പരിശോധിക്കുന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ച് പത്തുശതമാനത്തിൽ താഴെയുള്ള വിവരങ്ങൾമാത്രമേ പ്രസ്തുത പ്രബന്ധത്തിന്റെ തയ്യാറാക്കലിൽ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തുന്നു.
2019-നുശേഷം CARE (Consortium for Academic and Research Ethics) ലിസ്റ്റിൽപ്പെട്ട ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബന്ധങ്ങൾമാത്രമേ സ്വീകരിക്കൂ എന്ന തീരുമാനം ഉണ്ടായി. ഇംപാക്ട് ഫാക്ടർ മാറുന്നതിനനുസരിച്ച് പ്രബന്ധകാരന് അഞ്ചുമുതൽ മുപ്പത്തിയഞ്ചുവരെ റിസർച്ച് സ്കോർവരെ ഒരെണ്ണത്തിന് നേടിയെടുക്കാം.
#2 പ്രസിദ്ധീകരണങ്ങൾ (ഗവേഷണ പേപ്പറുകൾ ഒഴികെ)
ഈ ഉപവിഭാഗത്തിൽ, മികച്ച പ്രസാധകർ പുറത്തിറക്കിയ, ISSN അല്ലെങ്കിൽ ISBN നമ്പറുള്ള, അധ്യാപകരുടെ പുസ്തകങ്ങൾ, ഇന്ത്യൻ/ ഫോറിൻ ഭാഷകളിലുള്ള തർജ്ജമകൾ, എഡിറ്റു ചെയ്ത ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പ്രസാധകരാണെങ്കിൽ 12 പോയന്റും ദേശീയ പബ്ലിഷിങ് ഹൗസുകളാണെങ്കിൽ 10 പോയന്റുമാണ് ഒരു പുസ്തകത്തിന്റെപേരിൽ ലഭിക്കുന്ന റിസർച്ച് സ്കോർ. കൂടാതെ, ഏതെങ്കിലും പുസ്തകത്തിൽ ഒരു അധ്യായം സംഭാവനചെയ്തിട്ടുണ്ടെങ്കിൽ ഒരെണ്ണത്തിന് അഞ്ചുപോയന്റ് നേടാം. മൊഴിമാറ്റം നടത്തിയ ഇത്തരം അധ്യായങ്ങൾക്ക് ഒന്നിന് മൂന്നുപോയന്റ് കിട്ടും.
#3 ഐ.സി.ടി. മുൻനിർത്തിയുള്ള അധ്യാപന പഠന രീതികളും ഉള്ളടക്കവും നൂതനമായ കോഴ്‌സുകളുടെയും പാഠ്യപദ്ധതിയുടെയും വികസനവും
നൂതനമായ പാഠ്യക്രമങ്ങൾ വികസിപ്പിക്കുക, പുതിയ കരിക്കുലം തയ്യാറാക്കുക, MOOC പോലുള്ള ഓൺലൈൻ ക്ലാസുകൾക്കുള്ള കോഴ്‌സ് കണ്ടന്റും വീഡിയോ ലക്ചറുകളും നിർമിക്കുക എന്നിങ്ങനെയുള്ള, വിവരസാങ്കേതികതാധിഷ്ഠിത സംഭാവനകൾക്കാണ് ഈ വിഭാഗത്തിലെ റിസർച്ച് സ്കോർ നിർണയമുള്ളത്. രണ്ടുമുതൽ അഞ്ചുവരെ പോയന്റുകൾ ഓരോന്നിനും ലഭിക്കും.
#4 ഗവേഷണ മാർഗനിർദ്ദേശം, ഗവേഷണ പദ്ധതികൾ & കൺസൾട്ടൻസി
ബിരുദാനന്തരബിരുദ തലത്തിലുള്ള ഒരു വിദ്യാർഥിയുടെ ഗവേഷണ ഡിസർട്ടേഷന് മാർഗദർശിയായി പ്രവർത്തിച്ച്, അവന് ഡിഗ്രി ലഭിക്കാൻ സാധിച്ചാൽ അതിൽനിന്ന് ഒരധ്യാപകന് ലഭിക്കുന്ന റിസർച്ച് സ്കോർ രണ്ട് ആണ്. പിഎച്ച്.ഡി. ഗവേഷകവിദ്യാർഥി തീസിസ് പൂർത്തിയാക്കി സമർപ്പിച്ചാൽ അധ്യാപകൻ നേടുന്നത് അഞ്ചുപോയന്റാണ്. പൂർത്തിയാക്കിയ റിസർച്ച് പ്രോജക്ടുകൾക്കും സ്കോർ ലഭിക്കുന്നുണ്ട്. വിവിധ ഏജൻസികൾ ഒരു അധ്യാപകനിൽനിന്നു കൺസൾട്ടൻസി നേടുന്നെങ്കിൽ, പത്തുലക്ഷത്തിൽ താഴെയുള്ള ഒരു കൺസൈൻമെന്റിന് മൂന്നുപോയന്റ് നേടാം.
#5 പേറ്റന്റുകൾ, അവാർഡുകൾ/ഫെലോഷിപ്പ്, പോളിസി ഡോക്യുമെന്റ്
ഗവേഷണപ്രവർത്തനങ്ങളിലൂടെ നേടിയെടുക്കുന്ന കണ്ടുപിടിത്തങ്ങൾക്കും പേറ്റന്റുകൾക്കും റിസർച്ച് സ്കോർ ഉണ്ട്. ദേശീയവും രാജ്യാന്തരവുമായ വിവിധ ഫെലോഷിപ്പുകൾ നേടുന്നതു വഴി ഏഴു പോയന്റുവരെ നേടാം. സംസ്ഥാനങ്ങളും രാഷ്ട്രവും നിർമിച്ചെടുക്കുന്ന വിവിധ പോളിസികളിൽ സംഭാവന ചെയ്ത ഡോക്യുമെന്റുകളുടെ എണ്ണംകൊണ്ട് സമ്പന്നമാണ് ഒരു അധ്യാപകന്റെ ഔദ്യോഗിക ജീവിതമെങ്കിൽ അതിനും പോയന്റുകൾ സമ്മാനമായി ലഭിക്കുന്നുണ്ട്.
#6 ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങൾ / റിസോഴ്സ് പേഴ്സൺ / സെമിനാറുകൾ / കോൺഫറൻസുകളിൽ പേപ്പർ അവതരണം
മികച്ച അക്കാദമിക്കുകളായ അധ്യാപകരെ രാജ്യത്തും വിദേശത്തും നടക്കുന്ന സെമിനാറുകളിലും കോൺഫറൻസുകളിലും ക്ഷണിക്കുന്ന പതിവുണ്ട്. പ്രസ്തുത സമ്മേളനങ്ങളിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവരുമുണ്ട്. ശില്പശാലകളിലും മറ്റും റിസോഴ്‌സ് പേഴ്‌സണായി ക്ഷണിക്കപ്പെടുന്നവരുമുണ്ട്. ഇവയ്ക്കൊക്കെ മൂന്നുമുതൽ ഏഴുവരെ റിസർച്ച് സ്കോർ ലഭിക്കും.
റിസർച്ച് സ്കോറുകൾ നേടുമ്പോൾ അതിന് അടിസ്ഥാനമായ രേഖകൾ അധ്യാപകർക്ക് ലഭിക്കുന്നുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന ഒരു ഉദ്യോഗാർഥിയുടെ പ്രസ്തുത രേഖകൾ പരിശോധിച്ചാണ് അവകാശപ്പെടുന്ന റിസർച്ച് സ്കോർ എത്രയാണെന്ന് നിജപ്പെടുത്തുന്നത്. ഒരധ്യാപകൻ, അഞ്ഞൂറും അതിനുമുകളിലും റിസർച്ച് സ്കോർ നേടി എന്നുപറഞ്ഞാൽ അതിന്നർഥം അദ്ദേഹത്തിന്റെ അക്കാദമിക് തലം മികച്ചതാണെന്നാണ്. വെറും അക്കങ്ങളല്ല, റിസർച്ച് സ്കോർ എന്ന് ചുരുക്കം.
(കേരള കേന്ദ്ര സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlights: how to calculate academic research score
Published: 20 Aug 2022, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented