മോനേ ആ മൊബൈലെടുത്ത്‌ പാഠഭാങ്ങൾ പഠിക്കാൻ നോക്ക്‌...പരീക്ഷക്കാലമായതോടെ വീടുകളിൽനിന്ന്‌ മാതാപിതാക്കൾ മക്കളോട്‌ ഇപ്പോൾ പറയുക ഫോണെടുക്കാനാണ്‌. കാരണം ക്യൂ.ആർ. കോഡ്‌ സ്കാൻ ചെയ്താൽ പാഠഭാഗങ്ങളിപ്പോൾ ടാബിലോ മൊബൈലിലോ തെളിയും. വീഡിയോയും കാണാം. പണ്ടത്തെപ്പോലെ പരീക്ഷപ്പേടിയൊന്നുമില്ല ഇക്കാലത്തെ കുട്ടികൾക്ക്‌

To advertise here,

“പരീക്ഷ വരട്ടെ... പഠിച്ചിട്ടുണ്ട്, ടെൻഷൻ ആയാൽ ഉള്ളതുകൂടി പോകും. എന്തിനാ നമ്മളിപ്പോ ടെൻഷൻ അടിക്കുന്നത്. പരീക്ഷ എന്ന് കേൾക്കുമ്പോൾ പണ്ടത്തെപ്പോലെ പേടിച്ചിരിക്കാനൊന്നും ഞങ്ങളെ കിട്ടില്ല”- തൃശ്ശൂർ മോഡൽ ഗേൾസ്‌ സ്കൂളിലെ കൊമേഴ്സ് വിദ്യാർഥികളായ സ്നേഹയും സുഹൃത്തുക്കളുമെല്ലാം കമ്പയിൻ സ്റ്റ‍ഡിയിലാണ്. ഊണും ഉറക്കവും ഇല്ലാതെ പരീക്ഷയെപ്പേടിച്ചിരുന്നത് പഴങ്കഥയായെന്ന് കുട്ടികൾ പറയുന്നു.

കൃത്യമായ സിലബസ്, ചിട്ടയായ പഠനം, സംശയങ്ങൾക്ക് അപ്പോൾ തന്നെ തീർക്കാൻ അധ്യാപകർ, പരീക്ഷയോടനുബന്ധിച്ച് സ്പെഷ്യൽ ക്ലാസ്, പോരാത്തതിന് “സമഗ്ര” അടക്കമുള്ള വിദ്യാഭ്യാസ പോർട്ടലിന്റെ സഹായവും. അക്കൗണ്ടൻസിയുടെ പ്രാക്ടിക്കൽ പരീക്ഷ ബുധനാഴ്ചയാണ്. മാർച്ച് 10-നാണ് പ്രധാന പരീക്ഷ തുടങ്ങുന്നത്, അതിന് മുമ്പ് മോഡല്‍ പരീക്ഷയുണ്ട്. ഇനി പരീക്ഷക്കാലമാണ്. അന്നന്ന് പഠിക്കണമെന്നൊക്കെ എല്ലാ വർഷവും വിചാരിക്കും പക്ഷേ അവസാന ഒരാഴ്ചയിലാകും പഠനം തലയിൽ കയറുക. മിക്കവരും അങ്ങനെ തന്നെ -സ്നേഹ പറയുന്നു.

ക്യു.ആർ. കോഡ് വഴി പഠിത്തം

പുസ്തകത്തിൽ ഒാരോ വിഷയത്തിന്റെ ഒപ്പവും ക്യു.ആർ. കോഡ് ഉണ്ട്. ഇത് സ്കാൻ ചെയ്താൽ ഇതുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളുടെ വീഡിയോ കാണാം. കണക്ക് പോലെയുള്ള വിഷയങ്ങളിൽ ഇത് കൂടുതൽ പ്രയോജനമാണെന്ന് കുട്ടികൾ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ക്യൂ.ആർ. കോഡ് വഴി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ശ്രവിക്കാനും വീഡിയോ വഴി കാണാനും സാധിക്കും. ഒരു സ്മാർട്ട് ഫോണിന്റെയോ ടാബിന്റെയോ സഹായത്തോടെ സൗകര്യം ഉപയോഗപ്പെടുത്താം.

students

അധ്യാപകർക്ക് കുട്ടികൾക്കാവശ്യമായ നോട്ടുകൾ സമഗ്രയിൽ നിന്ന് തയ്യാറാക്കാം. പ്രോജക്ട്‌, അസൈൻമെന്റുകൾ മുതലായവ തയ്യാറാക്കുന്നതിനും മറ്റ് പഠനപ്രവർത്തനങ്ങൾക്കും വളരെയേറെ സഹായകമാണ്. പഠനവുമായി ബന്ധപ്പെട്ട് ഇ-റിസോഴ്‌സസ്, ടെക്‌സ്റ്റ്‌ ബുക്ക്, ക്വസ്റ്റ്യൻ ബാങ്ക് എന്നിങ്ങനെ മൂന്ന് ഐക്കണുകളിലായി ക്രമീകരിച്ചിട്ടുണ്ട്. ഏതുക്ലാസിലെ പഠനവിഭവങ്ങളാണോ വേണ്ടത് അതിനനുസരിച്ച് മീഡിയം, ക്ലാസ്, സബ്ജക്ട്‌, ചാപ്റ്റർ, ടോപ്പിക് എന്നിവ യഥാക്രമം സെലക്ട്‌ ചെയ്താൽ മതി. പി.ഡി.എഫ്. ഫയലുകളും ചോദ്യങ്ങളുടെ മാതൃകകളുമെല്ലാം ഇതിലുണ്ട്. ആദ്യം വീട്ടുകാർക്ക് പഠിക്കുന്ന സമയത്ത് എന്തിനാ ഫോൺ എന്നായിരുന്നു ചോദ്യം. പക്ഷേ സമഗ്രയുടെ പഠനരീതി കാണിച്ചു കൊടുത്തതോടെ പഠിക്കാനൊക്കെ ഫോൺ തരും.

ടെൻഷനിപ്പോ അധ്യാപകർക്കാ

കുട്ടികൾക്ക് പരീക്ഷപ്പേടിയുണ്ടോ, അവർ പരാതിയുമായി വരാറുണ്ടോ എന്ന് ചോദിച്ചാൽ അധ്യാപകർ പറയും “ഇപ്പോ അവർക്കല്ല ഞങ്ങൾക്കാണ് പേടി. എല്ലാ കുട്ടികളെയും നല്ല മാർക്ക് നേടി വിജയിപ്പിക്കണമെന്നാണ് ആഗ്രഹം. കുട്ടികൾ ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ഉത്തരമെഴുതും. നന്നായി ചോദ്യം വായിച്ച് അർഥമറിഞ്ഞ് എഴുതാൻ പരിശീലനം നൽകുന്നുണ്ട്. കൂൾ ഒാഫ് ടൈം കൃത്യമായി ഇതിന് പ്രയോജനപ്പെടുത്തണമെന്നും അധ്യാപകർ പറയുന്നു. എത്ര സമയം വേണമെങ്കിലും ക്ലാസെടുത്തുകൊടുക്കാൻ തയ്യാറാണെന്ന് അധ്യാപകർ പറയുന്നു.

പരീക്ഷയ്ക്ക് വീട്ടുകാര് ടെൻഷനാക്കാറുണ്ടോയെന്ന് ചോദിച്ചാൽ ഒരു വിദ്യാർഥിയുടെ മറുപടിയിങ്ങനെ....

എല്ലാം എ പ്ലസ് വാങ്ങിക്കണമെന്നൊക്കെ പറയും. പക്ഷേ അവർക്കൊരു ധാരണയുണ്ട് നമ്മൾക്ക് എത്ര കിട്ടുമെന്ന് (ചിരിക്കുന്നു). പരീക്ഷക്കാലത്ത് ലീവെടുത്തൊക്കെ അമ്മ വന്നിരിക്കും. പക്ഷേ കൂട്ടുകാരുമായി സംശയം ചോദിച്ചു പഠിക്കുന്നതാണ് നല്ലത്.

students

പഠനം മാതൃകാചോദ്യങ്ങൾ

പഴയകാല ചോദ്യപേപ്പറുകൾ ചർച്ച ചെയ്താണ് സ്പെഷ്യൽ ക്ലാസിലെ പഠനം. ആവർത്തിച്ചുവരുന്ന ചോദ്യങ്ങൾ ഇരുത്തി പഠിപ്പിക്കും. ഇത് കൃത്യമായി പഠിക്കുന്നവർക്ക് ജയിക്കാനുള്ള മാർക്ക് ഉറപ്പായും ലഭിക്കുമെന്ന് ഗവ. മോഡൽ ബോയ്സിലെ എച്ച്.എം. കെ.ബി. സൗദാമിനി പറയുന്നു. അസൈൻമെന്റുകളും പ്രോജക്ടും മാത്രം നോക്കി ഇന്റേണൽ നൽകുന്ന രീതി മാറി. വിദ്യാർഥിയുടെ ഒാവറോൾ പെർഫോമൻസാണ് ഇപ്പോൾ പരിഗണിക്കുന്നത്.

ഉപ്പുമാവ്, പായസം, അവിൽ നനച്ചത്....

സ്കൂൾ സമയം കഴിഞ്ഞുള്ള സ്പെഷ്യൽ ക്ലാസ് സ്കൂളില്‍ നടക്കുന്നുണ്ട്. മൂന്നര മുതലുള്ള ക്ലാസ് രാത്രി എട്ടുമണി വരെ നീളും. ഇഷ്ടമുള്ളവർ ക്ലാസിലിരുന്നാൽ മതി. ജയിക്കാൻ സ്പെഷ്യൽ ക്ലാസ് വേണം എന്നുള്ള കുട്ടികളെ നിർബന്ധമായി ക്ലാസിലിരുത്താറുണ്ട്. വീട്ടിൽ നിന്ന് രക്ഷിതാക്കൾ എത്തിയാല്‍ മാത്രമേ പെൺകുട്ടികളെ വിടു. കുറച്ച് കൂടി മാർക്ക് നേടണം എന്നാഗ്രഹിക്കുന്നവർ ക്ലാസിൽ ആദ്യമെത്തും. വീട്ടിൽ പോകാതെയിരിക്കുന്നതിനാൽ ചായയ്ക്കൊപ്പം ഉപ്പുമാവ്, അവൽനനച്ചത്, പഴംപൊരി പോലെയുള്ളവ സ്കൂളിൽ നിന്ന് നൽകുന്നുണ്ട്.

പരീക്ഷപ്പേടിക്ക് ഗുഡ്ബൈ

പരീക്ഷപ്പേടി രണ്ടു തരത്തിലുണ്ട്. ഉത്‌കണ്ഠയുടെ , ചെറിയതോതിലുള്ള മാനസിക സമ്മർദമാണ് ആദ്യം. പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും ചെറിയ സമ്മർദ്ദം ഒരു പരിധിവരെ നല്ലതാണ്. തലച്ചോറിനേയും മറ്റ് സംവേദന അവയവങ്ങളെയും ജാഗരൂകരായി നിർത്തും. പരീക്ഷ എന്ന് കേൾക്കുമ്പോഴേ ഊണും ഉറക്കവും നഷ്ടപ്പെട്ട് അമിതമായ ഉത്‌കണ്ഠ കാരണം പഠിച്ചത് അത്രയും മറന്നുപോകുന്ന പരീക്ഷപ്പേടി ആണ് രണ്ടാമത്തേത്. ഇത്തരം കുട്ടികൾക്ക് പരീക്ഷയ്ക്ക് ശരിയായി തയ്യാറെടുക്കാൻ കഴിയില്ല എന്നു മാത്രമല്ല ദൈനംദിന കൃത്യങ്ങൾ പോലും ചെയ്യാന്‍ കഴിയില്ല.

വർധിച്ചതോതിലുള്ള പരീക്ഷപ്പേടി കുട്ടികളെ കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും തള്ളി വിടും. ചില പ്രത്യേക വിഷയങ്ങളോടുള്ള പേടി, ചില വിഷയങ്ങൾ പഠിക്കാനുള്ള പ്രയാസം, മുമ്പ് നടന്ന പരീക്ഷകളിൽ കിട്ടിയ കുറഞ്ഞ നിലവാരം, എല്ലാ പരീക്ഷകളിലും ഒന്നാമനാേയ തീരൂ എന്ന തോന്നൽ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു ഉണ്ടാകാം.ഇതിൽ നിന്ന് അവരെ സഹായിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം.

students

വിജയം കൈപ്പിടിയിലൊതുക്കാം

*ചിട്ടയായ തയ്യാറെടുപ്പാണ് പരീക്ഷയിൽ ഏറ്റവും പ്രധാനം. ലഭ്യമായ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് വിജയം.

*പഠിക്കാനിരിക്കുമ്പോൾ പരാജയത്തെ കുറിച്ച് ചിന്തിക്ക‌േണ്ട. ഞാൻ എത്ര പഠിച്ചിട്ടും കാര്യമില്ല ഒരു ഗുണവും കിട്ടാൻ പോകുന്നില്ല എന്ന ചിന്ത മാറ്റിവയ്ക്കണം.

* കൃത്യമായി ഒരു ടൈംടേബിൾ ഉണ്ടാക്കി പഠിക്കുക.

*പഠിക്കുമ്പോൾ വ്യത്യസ്തമായ പാഠഭാഗങ്ങൾ ഇടകലർത്തി പഠിക്കുന്നത് മടുപ്പ് ഇല്ലാതാക്കും.

* കഠിനമായ വിഷയങ്ങൾ കുറച്ചുനേരം പഠിച്ചതിനുശേഷം എളുപ്പമുള്ള വിഷയങ്ങൾ കുറച്ചു വായിക്കുന്നത് മനസ്സിന് ഉന്മേഷം നൽകും.

* കുറിപ്പുകൾ ഉണ്ടാക്കി പഠിക്കുന്നത് ഒരു നല്ല രീതിയാണ്. ഒരു ഖണ്ഡികയുടെ അർഥം ഒരു വാചകത്തിൽ ചുരുക്കി എഴുതാൻ ശീലിക്കുക. പരീക്ഷയുടെ തൊട്ടുമുൻപ് മുഴുവൻ പുസ്തകവും വായിക്കുന്നതിനു പകരം ഈ കുറിപ്പ് ഒരാവർത്തി വായിച്ചാൽ ഓർമ നിലനിൽക്കും

*ഓരോ പാഠഭാഗവും വായിക്കുന്ന നേരത്ത് അതിൽനിന്നു വരാവുന്ന ചോദ്യങ്ങൾ സ്വയം ചിന്തിച്ച് ഉത്തരങ്ങൾ തയാറാക്കി പഠിക്കുന്നത് നല്ല രീതിയാണ്. കൂട്ടുകൂടി പഠിക്കുന്നതാണ് മറ്റൊരു മികച്ച പഠനരീതി. കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് വർധിക്കും

*എത്ര നന്നായി പഠിച്ച കുട്ടിയാണെങ്കിലും പരീക്ഷയുടെ തലേന്ന് മുഴുവൻ പാഠപുസ്തകവും ഒരാവർത്തി വായിക്കേണ്ടത് ആവശ്യമാണ്. കൂടാതെ സംശയമുള്ള ഭാഗങ്ങൾ മുതിർന്നവരോടോ മറ്റു കുട്ടികളോടോ അധ്യാപകരോടോ ചോദിച്ച് സംശയനിവാരണം ഉറപ്പാക്കണം.

* ഉറങ്ങാതെ പത്തു മണിക്കൂർ പഠിക്കുന്നതും ആവശ്യത്തിന് ഉറങ്ങി ആറുമണിക്കൂർ പഠിക്കുന്നതും ഒരുപോലെയാണ്. രാത്രി ഒരുപാട് വൈകി ഇരിക്കുന്നതിനു പകരം രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നതാണ് ഏറ്റവും നല്ലത്.

“സമഗ്ര” വിദ്യാഭ്യാസ പോർട്ടൽ: പുസ്തകത്തിൽ ഒാരോ വിഷയത്തിന്റെ ഒപ്പവും ക്യു.ആർ. കോഡ് ഉണ്ട്. ഇത് സ്കാൻ ചെയ്താൽ ഇതുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളുടെ വീഡിയോ കാണാം. പി.ഡി.എഫ്. ഫയലുകളും ചോദ്യങ്ങളുടെ മാതൃകകളുമെല്ലാം ഇതിലുണ്ട്

കേരള എസ്‌.എസ്‌.എൽ.സി. ലേണിങ്‌ ആപ്പ്‌ (ബ്രയിൻസ്‌): കേരളത്തിൽ പതിനായിരത്തിലധികം എസ്.എസ്.എൽ.സി. വിദ്യാർഥികൾ ഉപയോഗിക്കുന്നതാണ് െബ്രയിൻസ് ആപ്പ്. ഊർജ്ജതന്ത്രം, രസതന്ത്രം, കണക്ക് വിഷയങ്ങളുടെ 15 മിനിട്ട് വീഡിയോ ലഭിക്കും. ഇംഗ്ലീഷിലും മലയാളത്തിലും വിഷയങ്ങൾ ലഭ്യമാകും. മുൻകാല ചോദ്യപേപ്പറുകളും ഉൾപ്പെടും. ഇതേപോലെ വിവിധ മറ്റ്‌ ആപ്പുകളും പ്ലേസ്റ്റോറിൽ ലഭ്യമാണ്‌.

ഇ പാഠശാല: എൻ.സി.ഇ.ആർ.ടി. യുടെ ആപ്പാണിത്‌. ഡിജിറ്റൽ ഇന്ത്യ കാന്പയിന്റെ ഭാഗമായാണ്‌ ഇ പാഠശാല ആപ്പ്‌ വികസിപ്പിച്ചത്‌. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും കൂടി സംരംഭമാണ്‌. പാഠപുസ്തകങ്ങൾ, പാഠഭാഗങ്ങളുടെ ഓഡിയോ, വീഡിയോ ഉൾപ്പെടെ ലഭിക്കും.

SSLC TOPPER: എസ്.എസ്.എൽ.സി. ടോപ്പർ കേരളയിൽനിന്ന്‌ ഇംഗ്ലീഷ്, മലയാളം സിലബസുകളിലുള്ള പാഠഭാഗങ്ങൾ പഠിക്കാം. മോഡൽ ചോദ്യങ്ങളും മുൻകാല ചോദ്യപ്പേപ്പറുകളും ലഭിക്കും.

കുട്ടികളെ അവരുടെ വഴിക്ക് വിടൂ

പഠനസമയം ഏതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് പൂർണമായി നൽകുക. വൈകി പഠിക്കുന്ന കുട്ടികള്‍ ആ സമയത്തു തന്നെ തുടര്‍ന്നും പഠിക്കട്ടെ. പരീക്ഷ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കുക. ഒരു കാരണവശാലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കാൻ കുട്ടികളെ അനുവദിക്കരുത്. ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക. - ടി. രാജേഷ്, ഹ്യൂമൻ റിസോഴ്സ് മെന്റർ

കുട്ടികൾ കളിക്കട്ടെ, വായിക്കട്ടെ

Nalini Chandran
നളിനി ചന്ദ്രൻ

ഉയർന്ന ക്ലാസുകളിലേക്ക്‌ പോവുന്തോറും കുട്ടികളുടെ മാർക്കിൽ കുറവുണ്ടാവുക എന്നത് സാധാരണ കാര്യമാണ്. എന്നാല്‍ ഈ മാർക്ക് കുറയുന്നതിൽ മാതാപിതാക്കൾക്കാണ് ആധി കൂടുതല്‍. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുക, മുൻ വർഷങ്ങളിലെ മാർക്കുമായി താരതമ്യപ്പെടുത്തുക എന്നതൊക്കെയാണ് അവരുടെ രീതി. കാണാപ്പാഠം പഠിച്ച് ഉയർന്ന മാർക്ക് വാങ്ങുന്നതിലല്ല, ചുറ്റുപാടും കാണുന്ന കാഴ്ചകളിൽ നിന്ന് ഉൾക്കൊണ്ട് അവർ സ്വതന്ത്രമായി എഴുതാനും വായിക്കാനും പ്രാപ്തരാക്കുകയാണ് വേണ്ടത്. പരീക്ഷ എന്നത് ഒരു ഭൂതമല്ല, പരീക്ഷയടുക്കുന്പോൾ അത്തരത്തിലുള്ള ചിന്തയും കുട്ടികളിലേക്ക് നൽകണ്ട. കാണുന്ന കാര്യങ്ങൾ സ്വയമേ ചെയ്യാൻ അവർ പ്രാപ്തരാകട്ടെ. - നളിനി ചന്ദ്രൻ, ഹരിശ്രീ സ്കൂൾ സ്ഥാപക

 

*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌

Coontent Highlights: Exam Preparation Through Mobile Phones