കാലിക്കറ്റ് സർവകലാശാലയിൽ വി സി ആയി ചുമതലയേറ്റ ഡോ.പി.രവീന്ദ്രനുമായി നടത്തിയ അഭിമുഖം
താത്കാലികസ്ഥാനത്തിൽ നിന്നും സ്ഥിരം പദവിയിലേക്ക് - എന്ത് തോന്നുന്നു?
താത്കാലിക വിസി എന്നത് വൈസ് ചാൻസലറുടെ എല്ലാ അധികാരവുമുള്ള പദവി തന്നെയാണ്. അതിൽ ആകെയുള്ള പ്രശ്‌നമെന്നത് നമുക്ക് ലഭ്യമായിട്ടുള്ള സമയം എത്രയാണ് എന്നതറിയാത്തതാണ്. പല പദ്ധതികളും മറ്റും ആലോചിക്കുമ്പോഴും നടപ്പാക്കുമ്പോൾ ഇത് പ്രശ്‌നമായി വരും. ആദ്യം ഈ സ്ഥാനത്ത് വരുമ്പോൾ മൂന്നോ നാലോ മാസത്തേക്ക് എന്നാണ് ഞാൻ കരുതിയത്. പക്ഷേ പല കാരണങ്ങളാൽ അത് ഒന്നരവർഷമായി. പക്ഷേ അത് മുൻകൂട്ടി അറിയാത്തതിനാൽതന്നെ പലതും ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ നാലു വർഷം എന്ന സമയപരിധി നമുക്ക് ലഭിച്ചിട്ടുണ്ട്. മുൻപ് ഇവിടെതന്നെ ഉണ്ടായിരുന്നതുകൊണ്ടും ഒന്നരവർഷം ഈ ചുമതല വഹിച്ചതുകൊണ്ടും സർവകലാശാലയെപ്പറ്റി ഒരു ഗ്രാഹ്യമുണ്ട്. ലഭിച്ച ഈ സമയത്തിനകത്ത് ഭരണാധികാരികളേയും വിദ്യാർഥികളേയും ജീവനക്കാരേയുമൊക്കെ ഒറ്റക്കെട്ടായി ഒരുമിച്ച് നിർത്തി സർവകലാശാലയെ അടുത്തഘട്ടത്തിലേക്ക് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന ചർച്ചയും പ്രവർത്തനങ്ങളും ആവിഷ്‌കരിക്കാം എന്നാണ് ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ഒന്നര വർഷം പല എതിർപ്പുകളും വിവാദങ്ങളും നേരിട്ടുണ്ട്. അവയെ എങ്ങനെ നോക്കിക്കാണുന്നു?
സർവകലാശാലാ സംവിധാനത്തിനകത്ത് എല്ലായ്‌പ്പോഴും നമ്മളെ അംഗീകരിച്ചുകൊള്ളണമെന്നില്ല. എതിർപ്പുകൾ ഉണ്ടാവും. എതിർക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഒരുമിച്ച് കൊണ്ടുപോകാനാണ് ഇതുവരെ ഞാൻ ശ്രമിച്ചിട്ടുള്ളത്. വിസി എന്ന നിലയിൽ സർവകലാശാലയെ ഭാവിയെ മുൻനിർത്തി ഉന്നതികളിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം. രാഷ്ട്രീയ-സാമൂഹ്യപരമായ പലകാരണങ്ങൾ കൊണ്ടും വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായി അങ്ങനെ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരേയും ഒന്നിച്ചുനിർത്താനാണ് ശ്രമിച്ചിട്ടുള്ളത്. തുടർന്നും അങ്ങനെയായിരിക്കും. അതിനെ എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
തുടർന്നും ഇത്തരം പ്രശ്‌നങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
പ്രശ്‌നങ്ങൾ തുടർന്നും ഉണ്ടായേക്കാം. അറിയില്ല. കാരണം സർവകലാശാലയാണ്, ഇത്തരത്തിലുള്ള പ്രശ്‌നങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അതിനെക്കുറിച്ചും മുൻകൂട്ടി പറയാൻ ഞാൻ ആളല്ല. പക്ഷേ അവയെ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് കരുതുന്നു.
അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞൻ, അക്കാദമീഷ്യൻ. ഈ അനുഭവങ്ങൾ ഈ പദവിയെ ഏതൊക്കെതരത്തിൽ സഹായിച്ചിട്ടുണ്ട് / സഹായിക്കും?
ഞാൻ മദ്രാസ് ഐഐടിയിൽ നിന്നാണ് പിഎച്ച്ഡി കഴിഞ്ഞത്. അതിനുശേഷം ജർമനി, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തു. വളരെ വ്യത്യസ്തങ്ങളായ ഒരുപാട് അനുഭവങ്ങൾ ഇവിടെ നിന്നെല്ലാം ഉണ്ടായിട്ടുണ്ട്. സർവകലാശാലകൾ എങ്ങനെയായിരിക്കണം, അക്കാദമികവത്കരിക്കുന്നത് എങ്ങനെയാവണം തുടങ്ങിയ വിഷയങ്ങളിൽ ഈ അനുഭവങ്ങളിൽനിന്നും എനിക്കൊരു ഗ്രാഹ്യമുണ്ട്. കാമ്പസുകളെ അക്കാദമിക മികവിലേക്ക് ഉയർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഞാൻ ലക്ഷ്യംവെക്കുന്നത്.
നമ്മുടെ കാമ്പസുകൾ മിക്കവാറും പൊളിറ്റിക്കൽ കാമ്പസുകളാണ്. പലപ്പോഴും അക്കാഡമിക് കാമ്പസുകൾ ആണെന്ന് പറയാൻ കഴിയാത്ത വിധത്തിൽ അവർ കൈവിട്ടു പോകുന്നുണ്ട്. അത് പാടില്ല. ആത്യന്തികമായി വിദ്യാർഥികൾ പഠിക്കാനാണ് കാമ്പസിൽ എത്തുന്നത്. അതിന് കഴിയുന്നില്ലെങ്കിൽ അത് ശരിയല്ല. അവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാനും ഭാവിയെ മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്ന അന്തരീക്ഷം നിലനിർത്തേണ്ടതുണ്ട്. ബ്യൂറോക്രാറ്റിക് ആയ ഒരു സംവിധാനത്തിലാണ് നമ്മൾ നിലനിൽക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത് കുറവാണ്. അത് അവിടങ്ങളിൽ ഗവേഷണം പോലുള്ള മേഖലകളെ എങ്ങനെ സഹായിക്കുന്നു എന്ന് എനിക്കറിയാം.
സമയമാണ് എല്ലാവരെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സുഹൃത്ത്. സമയം നഷ്ടപ്പെടുന്നത് അക്കാദമിക്കുകളെ സംബന്ധിച്ചത് വലിയ ദുരന്തമാണ്. അത് ഒഴിവാക്കാൻ ശ്രമിക്കും. അതിനർത്ഥം നിയമം വിട്ട് പ്രവർത്തിക്കും എന്നല്ല. എന്നാൽ അതിനെ ലഘൂകരിച്ച് സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ അവസരം ഒരുക്കും. ജർമ്മനിയിലും ജപ്പാനിലുമൊക്കെ ബ്യൂറോക്രസിയുണ്ട്. എന്നാൽ അവിടങ്ങളിൽ എല്ലാവർക്കും സഹായകമായ രീതിയിലാണ് അത് പ്രവർത്തിക്കുന്നത്. ഇവിടെ പലപ്പോഴും അത് പ്രശ്‌നമായി പ്രവർത്തിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അതിൽ നിന്നും മാറി ചിന്തിക്കണം. വിദേശ സർവകലാശാലകളിൽ നിന്നുള്ള അനുഭവങ്ങൾ ഇതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എന്നെ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട സർവകലാശാലയുടെ അമരക്കാരനായി പൂർണ അർത്ഥത്തിൽ ചുമതലയേറ്റു. എന്തൊക്കെ മാറ്റങ്ങൾ, ഇടപ്പെടലുകൾ നടപ്പാക്കണമെന്നാണ് കരുതുന്നത്?
440 കോളേജുകൾ, 600 ഏക്കറോളം വരുന്ന കാമ്പസിനകത്ത് 1500 ഓളം ജീവനക്കാർ, 220 ഓളം അധ്യാപകർ, 3000ത്തിലധികം വിദ്യാർഥികൾ എല്ലാം ചേർന്ന ഒരു വലിയ സർവകലാശാലയാണിത്. വലിയൊരു വെല്ലുവിളി തന്നെയാണ് ഇതെല്ലാം ഒന്നിച്ചു കൊണ്ടുപോകൽ. ആ വെല്ലുവിളി സർവകലാശാല സമൂഹം ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്. ഇതിനു നേതൃത്വം നൽകലാണ് വിസിയുടെ ചുമതല. ചെയ്യാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് കാമ്പസിന് ഒരു ചുറ്റുമതിൽ കെട്ടലാണ്. ഇന്റർ ഡിസിപ്ലിനറി ആയിട്ടുള്ള കോഴ്‌സുകളും മറ്റും ലഭ്യമാക്കലാണ് മറ്റൊന്ന്.
വിദ്യാർഥിക്ക് കൂടുതൽ ചോയിസുകൾ നൽകുക എന്നത് പ്രധാനമാണ്. പുതിയ വിദ്യാഭ്യാസനയം മുന്നോട്ട് വെച്ച ഒരു വലിയ കാര്യമാണ് കുട്ടിക്ക് വേണ്ടത് തിരഞ്ഞെടുത്തു പഠിക്കാം എന്ന ആശയം. ഇതിനായി നല്ല കോഴ്‌സുകൾ ലഭ്യമാക്കുകയും അവയുടെ ഗുണമേന്മ ഉറപ്പാക്കുകയും അവ സമയ ബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഒപ്പം സർവകലാശാലയുടെ ഗവേഷണാന്തരീക്ഷം വർദ്ധിപ്പിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. കാലിക്കറ്റ് സർവകലാശാലയുടെ കാമ്പസിലും കോളേജുകളിലുമായി പഠിച്ചിറങ്ങി നല്ല നിലയിലെത്തിയ വലിയൊരു വിഭാഗം പൂർവ്വ വിദ്യാർഥികൾ നമുക്കുണ്ട്. ഇവരെ ഒത്തുച്ചേർത്ത് സർവകലാശാലയുടെ വളർച്ചയ്ക്കായി ഈ കൂട്ടായ്മയെ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കേണ്ടതുണ്ട്. ഒപ്പം വ്യക്തികളെയും സംഘടനകളെയും ഒക്കെ ചേർത്തുനിർത്തി അവരെ എങ്ങനെ സർവകലാശാല സമൂഹത്തിന് ഗുണകരമായ ഉപയോഗിക്കാം എന്ന് ആലോചിക്കേണ്ടതുണ്ട്.
ഇവിടെ ഒരു സയൻസ് സെന്റർ, എംപ്ലോയ്‌മെന്റ് ആൻഡ് പ്ലേയ്‌സ്‌മെന്റ് സെന്റർ, അടിസ്ഥാന വികസന സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങിയവയൊക്കെ ലക്ഷ്യങ്ങളാണ്. പത്തു കൊല്ലത്തിനിടയിൽ സർവകലാശാല കാമ്പസിൽ 15,000 കുട്ടികൾ പഠിക്കുന്ന സാഹചര്യം ഉണ്ടാവണം എന്നാണ് ഞാൻ സ്വപ്നം കാണുന്നത്.
ശാസ്ത്രീയമായ അടിസ്ഥാനങ്ങളില്ലാത്ത പല അവകാശവാദങ്ങളും, ഉദാഹരണമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ് തുടങ്ങിയവ ഭരണാധികാരികളിൽ നിന്നടക്കം ഉണ്ടാകുന്ന സാഹചര്യമുണ്ടല്ലോ. ഇത് ലോക ശാസ്ത്രതലത്തിൽ പലപ്പോഴും ഇന്ത്യൻ വൈജ്ഞാനികതയ്ക്ക് നാണക്കേടുണ്ടാക്കുന്നതായി റിപ്പോർട്ടുകളുണല്ലോ?
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചിട്ടുള്ള ആൾ എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
നിസാരമായ കാര്യങ്ങൾ അടർത്തിയെടുത്ത് വിവാദങ്ങളുണ്ടാക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗത്ത് വളരെ മുന്നിൽ നിന്നിരുന്ന ഒരു രാജ്യമാണ്. വിമാനം നോക്കണ്ട, പക്ഷേ അശോകന്റെ കാലഘട്ടത്തിൽ പണിഞ്ഞ സാരനാഥിലെ സ്തൂഭം ഇപ്പോഴും ഒരു മെറ്റലേർജിക്കൽ വണ്ടർ ആണ്.
14-ാം നൂറ്റാണ്ടിൽ പൈയുടെ മൂല്യം കണ്ടുപിടിച്ച ഗണിത ശാസ്ത്രജ്ഞൻ ഇരിങ്ങാലക്കുട സംഗമഗ്രാമമാധവൻ, ആര്യഭടൻ തുടങ്ങി നിരവധി അതുല്യർ നമുക്കുണ്ടായിരുന്നു. ആയുർവേദം പോലുള്ള ശാഖകൾ. ഇനി സംഗീതമായാലും ശാസ്ത്രമായാലും കലയായാലും സാഹിത്യമായാലുമൊക്കെ ഉദാഹരണങ്ങൾ നിരവധിയാണ്. നമ്മൾ ഒരുപാട് മുന്നിലായിരുന്നു. അതുകൊണ്ടുതന്നെയാണ് വിദേശികൾ വരുന്നതിന് മുൻപ് ഇന്ത്യയുടെ ജിഡിപി ലോകത്തിലെ മൊത്തം ജിഡിപിയുടെ മുപ്പത് ശതമാനത്തിലേറെയായിരുന്നത്. പിന്നീട് വിദേശാധിപത്യത്തിലാണ് നമ്മൾ തകർന്നുപോയത്.
വെടിമരുന്ന് ആദ്യം നമ്മളാണ് കണ്ടുപിടിച്ചിരുന്നത് എങ്കിൽ ഒരുപക്ഷേ ഈ ആധിപത്യം ഉണ്ടാവില്ലായിരുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പലപ്പോഴും ടെക്‌നോളജിക്കലായ കണ്ടുപിടുത്തങ്ങളിൽ ആ സമയത്ത് നടക്കുന്ന ചില മാറ്റങ്ങൾ കൊണ്ടാണ് ചരിത്രം മാറ്റി എഴുതപ്പെടുന്നത്. അതുകൊണ്ട് എനിക്ക് തോന്നുന്നത് എല്ലാ കൊണ്ടും ഇന്ത്യ ഒരു മികച്ച രാജ്യമാണ്. അതിൽ നമ്മൾ അഭിമാനിക്കണം. ആ അഭിമാനബോധത്തോടെ തന്നെ നമ്മൾ മുന്നോട്ടുപോകണം. അതിലായിരിക്കണം നമ്മുടെ ശ്രദ്ധ. നിരവധി നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. വെറുതെ ഒരു ഹേറ്റ് ക്യാപെയിനിന് പോകുന്നതൊന്നും നല്ലതല്ല. അതുകൊണ്ടൊന്നും ഇന്ത്യയുടെ ശ്രേഷ്ഠത വരാൻ പോകുന്നില്ല. അതിൽ കാര്യമില്ല.
കേന്ദ്ര - കേരള സർക്കാരുകളുടെ ഏറ്റുമുട്ടലുകൾ സർവകലാശാലകളുടെ മികവിന്റെ വളർച്ചയെ ദോഷകരമായി ബാധിച്ചിട്ടില്ലേ?
സർവകലാശാലകൾ അക്കാദമിക് ഇടങ്ങളാണ്. സർക്കാരുകൾ ഏതായാലും അവരുടെ താത്പര്യം സർവകലാശാലകളുടെ അക്കാദമികരംഗത്തെ ശക്തിപ്പെടുത്തുന്നതായാൽ മതി.
Content Highlights: An interview conducted with Dr. P. Raveendran, who took charge as the Vice-Chancellor (VC) of Calicut University.
Published: 23 Jan 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented