കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി-കുസാറ്റ്) 2024-25 ലെ വിവിധ ബാച്ചിലർ/ഇന്റഗ്രേറ്റഡ്തല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റി (കാറ്റ്)ന് ജനുവരി 27 മുതൽ അപേക്ഷിക്കാം.
ബിരുദ പ്രോഗ്രാമുകൾ
ബി.ടെക് (നാലുവർഷം-എട്ട് സെമസ്റ്റർ): സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ ബ്രാഞ്ചുകൾ.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി: ഫോട്ടോണിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസസ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്).
നിയമപ്രോഗ്രാമുകൾ: പഞ്ചവത്സര ഓണേഴ്‌സ്-ബി.ബി.എ. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് എൽഎൽ.ബി. (ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരത്തിനു വിധേയം)
ബി.വോക്. (മൂന്നുവർഷം): ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്.
ലാറ്ററൽ എൻട്രി-ബി.ടെക്. സെമസ്റ്റർ മൂന്നിലേക്ക്-സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, പോളിമർസയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ ബ്രാഞ്ചുകൾ.
കാംപസുകൾ
വിവിധ പ്രോഗ്രാമുകൾ, കളമശ്ശേരി തൃക്കാക്കര മെയിൻ കാംപസ് (കാംപസ് 1), കുട്ടനാട് (പുളിങ്കുന്ന്, ആലപ്പുഴ്-കാംപസ് 2) എന്നിവിടങ്ങളിലായാണ് നടത്തുന്നത്. എൻജിനിയറിങ് പ്രോഗ്രാമുകൾ തൃക്കാക്കര, കുട്ടനാട് കാംപസുകളിലും മറ്റുള്ളവ തൃക്കാക്കര കാംപസിലുമാണ് നടത്തുന്നത്. ഓരോ കാംപസിലുമുള്ള പ്രോഗ്രാമുകളുടെ പട്ടിക പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്.
ഓൾ ഇന്ത്യ സീറ്റുകൾ
സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ എന്നീ ബി.ടെക്. പ്രോഗ്രാമുകൾ സെൽഫ്-ഫിനാൻസിങ് രീതിയിലാണ് നടത്തുന്നത്. ഈ പ്രോഗ്രാമുകളിലെ 45 ശതമാനം സീറ്റുകൾ ഉയർന്നഫീസുള്ള ഓൾ ഇന്ത്യ മെറിറ്റ് സീറ്റുകളായിരിക്കും. കേരളീയർക്കും കേരളീയേതരർക്കും ഇവയിലേക്ക് അപേക്ഷിക്കാം. സെൽഫ് ഫിനാൻസിങ് ബി.ടെക്. ഒഴികെയുള്ള യു.ജി. പ്രോഗ്രാമുകളിൽ 10 ശതമാനം സീറ്റുകൾ ഓൾ ഇന്ത്യാ ക്വാട്ട സീറ്റുകളായിരിക്കും. കേരളീയർക്കും കേരളീയേതരർക്കും ഇവയിലേക്ക് അപേക്ഷിക്കാം. ഈ സീറ്റുകളിലെ ഫീസിൽ സാധാരണ ഫീസിൽനിന്നും 25 ശതമാനം വർധന ഉണ്ടാകും. ഫീസ് ഘടന പ്രോസ്പക്ടസിൽ ഉണ്ട്. ബാക്കിസീറ്റുകൾ കേരളീയർക്കായിരിക്കും. എൻ.ആർ.ഐ. സീറ്റ് വിശദാംശങ്ങളും പ്രോസ്പക്ടസിൽ ലഭിക്കും.
യോഗ്യത
ബി.ടെക്, ബയോളജിക്കൽ സയൻസസ് ഒഴികെയുള്ള ഇന്റഗ്രേറ്റഡ് എം.എസ്‌സി. എന്നിവയിലെ പ്രവേശനത്തിന് അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (പി.സി.എം.) എന്നീവിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം. ബയോളജിക്കൽ സയൻസസ് ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി.) എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം. പ്ലസ്ടു പരീക്ഷയിൽ പി.സി.എം./പി.സി.ബി. വിഷയങ്ങൾക്ക് നിശ്ചിതശതമാനം മാർക്ക് നേടിയിരിക്കണം. ബി.ടെക്. പ്രവേശനം തേടുന്നവർക്ക് മാത്തമാറ്റിക്സിൽ നിശ്ചിതശതമാനം മാർക്ക് വേണം. യോഗ്യതാകോഴ്സ് ഫൈനൽ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. അവർ ഫൈനൽ പരീക്ഷ പൂർണമായും ആദ്യതവണ അഭിമുഖീകരിക്കുന്നവരായിരിക്കണം. ഇതിനുമുമ്പുള്ള എല്ലാ പരീക്ഷയും അവർ ജയിച്ചിരിക്കണം. കമ്പാർട്ടുമെൻറൽ/ഇംപ്രൂവ്‌മെന്റ്/സപ്ളിമെന്ററി പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. വിശദമായ വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ ലഭിക്കും.
ഇന്റഗ്രേറ്റഡ് എം.എസ്‌സി.ക്ക് എക്സിറ്റ് ഓപ്ഷൻ
അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാമുകൾക്ക് രണ്ട് എക്സിറ്റ് ഓപ്ഷനുകൾ ഉണ്ട്. ആദ്യത്തേത് ആറാംസെമസ്റ്റർ (മൂന്നാം വർഷം) കഴിഞ്ഞും രണ്ടാമത്തേത് എട്ടാംസെമസ്റ്റർ (നാലാംവർഷം) കഴിഞ്ഞും.
ആറ് സെമസ്റ്ററുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.എസ്‌സി. ബിരുദവുമായും എട്ട് സെമസ്റ്ററുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.എസ്‌സി. (ഓണേഴ്‌സ്) അല്ലെങ്കിൽ ബി.എസ്‌സി. (ഓണേഴ്‌സ് വിത്ത് റിസർച്ച്) ബിരുദവുമായും പുറത്തുവരാം.
പ്രവേശനം ‘കാറ്റ് ’ വഴി
വിവിധ കോഴ്‌സുകളിലെ പ്രവേശനം, കംപ്യൂട്ടർ അധിഷ്ഠിത, കോമൺ അഡ്മിഷൻ ടെസ്റ്റുകൾ (കാറ്റ്) വഴിയാണ്. ബി.ടെക്. (മറൈൻ ഒഴികെ), ഇന്റഗ്രേറ്റഡ് എം.എസ്‌സി. ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) ആണ്. കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയുടെ ദൈർഘ്യം മൂന്നുമണിക്കൂർ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നും യഥാക്രമം 90, 75, 60 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരം മൂന്നുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടപ്പെടും. ഈ മൂന്നു പ്രോഗ്രാമുകൾക്കൊപ്പം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നവരും ഈ ടെസ്റ്റ് (കോഡ് 101) അഭിമുഖീകരിച്ചാൽ മതി.
കോഡ് 101 ടെസ്റ്റിൽ ആദ്യം ഫിസിക്സും (60 മിനിറ്റ്), പിന്നെ കെമിസ്ട്രിയും (45 മിനിറ്റ്) പരീക്ഷകൾ നടത്തും. മൂന്നാമതായി മാത്തമാറ്റിക്സ് പരീക്ഷയായിരിക്കും (75 മിനിറ്റ്). ബി.ടെക്., അഞ്ചുവർഷ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് റാങ്ക് ചെയ്യപ്പെടാൻ കാറ്റിൽ മാത്തമാറ്റിക്സിന് 10-ഉം ഫിസിക്സിനും കെമിസ്ട്രിക്കുംകൂടി 10-ഉം മാർക്ക് നേടണം. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് കാറ്റിലെ മിനിമംമാർക്ക് വ്യവസ്ഥ ഇല്ല.
ഫോട്ടോണിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് കാറ്റിൽ ലഭിക്കേണ്ട മിനിമംമാർക്ക് സംബന്ധിച്ച വ്യവസ്ഥ ഒന്നും ഇല്ല.
ബയോളജിക്കൽ സയൻസസ് ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാമിലേക്ക് മാത്രം അപേക്ഷിക്കുന്നവർ, കോഡ് 104 ഉള്ള ടെസ്റ്റ് അഭിമുഖീകരിക്കണം. ഇതിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നും യഥാക്രമം 90, 75, 60 വീതം ചോങ്ങളുണ്ടാകും. പരീക്ഷാദൈർഘ്യം മൂന്നുമണിക്കൂർ.
കോഡ് 101, 104 ഉള്ള ടെസ്റ്റുകളിൽ ഫിസിക്സ്, കെമിസ്ട്രി ഭാഗങ്ങൾ പൊതുവായിട്ടായിരിക്കും നടത്തുക. കോഡ് 101 ഉള്ള ടെസ്റ്റ് അഭിമുഖീകരിക്കേണ്ടവർ മാത്തമാറ്റിക്സും കോഡ് 104 ഉള്ള ടെസ്റ്റ് അഭിമുഖീകരിക്കേണ്ടവർ ബയോളജിയും തുടർന്ന് അഭിമുഖീകരിക്കണം. കോഡ് 101-ഉം, 104-ഉം ടെസ്റ്റുകൾ അഭിമുഖീകരിക്കുന്നവർ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയ പരീക്ഷകൾ അഭിമുഖീകരിക്കണം.
കോഡ് 101 പരീക്ഷ മേയ് 10, 12 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. കോഡ് 104-ൽ ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾ 12-ന്, രാവിലെ 9.30 മുതൽ 11.15 വരെയും കോഡ് 104-ൽ ബയോളജി പരീക്ഷ 12-ന് ഉച്ചയ്ക്ക് 2.30 മുതൽ 3.15 വരെയും ആയിരിക്കും.
ബി.ടെക്. മറൈൻ എൻജിനിയറിങ്
മറൈൻ എൻജിനിയറിങ് ബി.ടെക്. പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി (ഐ.എം.യു. www.imu.edu.in) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും. ആ പരീക്ഷയുടെ ഫലം വന്നശേഷം ഐ.എം.യു. നൽകുന്ന റാങ്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. മറൈൻ എൻജിനിയറിങ് പ്രവേശനത്തിനു ബാധകമായ വിശേഷാൽവ്യവസ്ഥകൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. അവരും ഇപ്പോൾ കുസാറ്റിലേക്ക് അപേക്ഷിക്കണം.
നിയമപഠനം
പഞ്ചവത്സര ബി.ബി.എ./ബി.കോം. എൽഎൽ.ബി. (ഓണേഴ്‌സ്): ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പഞ്ചവത്സര ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് എൽഎൽ.ബി. (ഓണേഴ്‌സ്) പ്രവേശനത്തിന് മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
മൂന്നിനും പൊതുവായ പ്രവേശനപരീക്ഷയ്ക്ക് (ടെസ്റ്റ് കോഡ് 201), രണ്ടുഭാഗങ്ങളിലായി ലോ റിലേറ്റഡ് മാറ്റേഴ്‌സ്, റീസണിങ്/ലോജിക്കൽ തിങ്കിങ്, ജനറൽ ഇംഗ്ലീഷ്, ജി.കെ./കറന്റ് അഫയേഴ്‌സ് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷ മേയ് 11-ന് ഉച്ചയ്ക്ക് 12.30-2.30.
വൊക്കേഷണൽ കോഴ്‌സ്
ബി.വോക്. ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ് പ്രവേശനത്തിന് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരുവിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയ്ക്ക് (ടെസ്റ്റ്‌കോഡ് 103) ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ റീസണിങ് ആൻഡ് കോംപ്രിഹൻഷൻ, ലോജിക്കൽ റീസണിങ് എബിലിറ്റി എന്നിവയിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. പരീക്ഷാദൈർഘ്യം രണ്ടുമണിക്കൂർ. മേയ് 11-ന് വൈകീട്ട് നാലുമുതൽ ആറുവരെ.
ത്രിവത്സര ഡിപ്ലോമക്കാർക്കുള്ള ബി.ടെക.് ലാറ്ററൽ എൻട്രി പ്രവേശനത്തിനുവേണ്ട വിശദമായ യോഗ്യത, പ്രവേശനപരീക്ഷ തുടങ്ങിയവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന്, യോഗ്യതാപരീക്ഷയിൽ ലഭിച്ചിരിക്കേണ്ട മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്. കേരളത്തിലെ പട്ടിക, എസ്.ഇ.ബി.സി. വിഭാഗക്കാർക്ക് മാർക്ക് ഇളവ് ലഭിക്കും.
വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുവേണ്ട വിശദമായ വിദ്യാഭ്യാസയോഗ്യത admissions.cusat.ac.in ൽനിന്നും ഡൗൺലോഡു ചെയ്തെടുക്കാവുന്ന പ്രോസ്പെക്ടസിൽ ലഭിക്കും. കാറ്റ് വിശദാംശങ്ങളും പ്രോസ്പെക്ടസിൽ ലഭിക്കും.
അപേക്ഷ
admissions.cusat.ac.in വഴി ജനവരി 27 മുതൽ ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. രണ്ട് ടെസ്റ്റ് കോഡുകൾക്കുവരെ അപേക്ഷിക്കാൻ അപേക്ഷാഫീസ് 1200 രൂപ (കേരള പട്ടിക വിഭാഗക്കാർക്ക് 600 രൂപ). അതിനപ്പുറം ഓരോ ടെസ്റ്റ് കോഡിനും 500 രൂപ/250 രൂപവെച്ച് അധിക അപേക്ഷാഫീസ് അടയ്ക്കണം. ഗൾഫിൽ ജോലിചെയ്യുന്ന ഭാരതീയരുടെ മക്കൾ, ഈ വിഭാഗക്കാർ ഒഴികെയുള്ളവരിൽ എൻ.ആർ.ഐ. സീറ്റ് ഓപ്റ്റ് ചെയ്യുന്നവർ എന്നിവർക്ക് മറ്റൊരു അപേക്ഷാഫീസ് ഘടനയാണ്. തുക ഓൺലൈൻ ആയി ഫെബ്രുവരി 26 വരെ അടയ്ക്കാം. കേരളത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ചില ടെസ്റ്റുകൾക്ക് കേരളത്തിനുപുറത്ത് പരീക്ഷാകേന്ദ്രങ്ങളുണ്ട്.
Content Highlights: Cusat admission 2024
Published: 27 Jan 2024, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented