പുതുവര്‍ഷം പിറന്നതോടെ എല്ലാവരും പ്രതീക്ഷയിലാണ്. ലോകത്താകമാനം  2024 ല്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും നിലനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം കൂടിയാണിത്. എഴുപതോളം രാജ്യങ്ങളില്‍ 4.2 ബില്യണ്‍ പൗരന്മാര്‍ വോട്ടവകാശം വിനിയോഗിക്കുന്ന വര്‍ഷം. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് വരാനുള്ള സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. ഇത് ആഗോള കാലാവസ്ഥ നയത്തിലും, പ്രതിരോധ മേഖലയിലുമുണ്ടാക്കാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പ്രവചനാതീതമാണ്. ആഗോള തലത്തില്‍ ജിയോ പൊളിറ്റിക്കല്‍ സാഹചര്യത്തില്‍ ദീര്‍ഘകാലം  നിലനില്‍ക്കുന്ന യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. യുക്രൈനിലേയും, പലസ്തീനിലെയും യാതനകള്‍ 2024ലും തുടരുമ്പോള്‍ ഐക്യരാഷ്ട്ര  സംഘടനയുടെ കഴിവുകേട് തുടര്‍ന്നും ദൃശ്യമാകും. ചൈന-തായ്വാന്‍ സംഘര്‍ഷ ഭീതി പുതുവര്‍ഷത്തിലും നിലനില്‍ക്കുന്നു

To advertise here,

ക്ലീന്‍ ഊര്‍ജത്തിലേക്കുള്ള പ്രയാണം ഊര്‍ജ ഭൂപടത്തില്‍ ഹരിതോര്‍ജത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും. ലിഥിയം, കോപ്പര്‍, നിക്കല്‍, എണ്ണ, പ്രകൃതിവാതക ഉല്‍പ്പാദക മേഖലകളില്‍ അധിഷ്ഠിതമായ വ്യാപാരത്തിന് പ്രസക്തിയേറും. പുതിയ കാലാവസ്ഥ നയം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഉപകരിക്കൂ. 2023 നെ അപേക്ഷിച്ചു സാമ്പത്തിക മാന്ദ്യത്തില്‍ കുറവുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഈ വര്‍ഷം കൂടുതല്‍ കരുത്താര്‍ജിക്കും. തൊഴില്‍ മേഖലയില്‍ എ.ഐ യുടെ സ്വാധീനം കൂടുതല്‍  പ്രകടമാകും. വ്യാപാരമേഖലയില്‍ എ.ഐ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും. 2024-ല്‍ 80 ശതമാനം കമ്പനികളും എ.ഐ അടക്കമുള്ള ടെക്‌നോളജികള്‍ക്കു കൂടുതല്‍ ഫണ്ട് വകയിരുത്തും. കൂടുതല്‍ ടെക്‌നോളജി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ വരും. ആപ്പിളിന്റെ ആപ്പിള്‍ വിഷന്‍ പ്രൊ ഗാഡ്ജറ്റ് ഈ വര്‍ഷം പുറത്തിറങ്ങും. 

ലോക ജനസംഖ്യയില്‍ അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്നവര്‍ 14 ശതമാനത്തോളം വരും, ഇവര്‍ക്കായി  രണ്ടു പുതിയ മരുന്നുകള്‍ നോവോ നോര്‍ഡിസ്‌കും ഏലിലിലിയും പുറത്തിറക്കും. ജനിതക വൈകല്യമുള്ളവര്‍ക്ക് ജീന്‍ എഡിറ്റഡ് മരുന്നുകള്‍ വിപണിയിലിറങ്ങും. കൂടാതെ അല്‍ഷിമേഴ്സ്, പാർക്കിന്‍സന്‍സ് രോഗത്തിനെതിരായുള്ള ഫലപ്രദമായ  മരുന്നുകള്‍ പുറത്തിറങ്ങും. സ്‌പേസ് ടൂറിസം, ഓട്ടോമേഷന്‍, നെറ്റ് ഫ്‌ളിക്‌സ്, ഐ ടി, ടൂറിസം, ഫുഡ് ടെക്‌നോളജി, ഫാക്ടറിഅധിഷ്ഠിത നിര്‍മ്മാണം വന്‍ പുരോഗതി കൈവരിക്കും.

കോഴ്സുകള്‍, സാധ്യതകള്‍ 

തൊഴില്‍മേഖലയില്‍ സാങ്കേതിക വിദ്യ ലക്ഷ്യമിട്ടുള്ള തൊഴിലുകള്‍ക്കും, കോഴ്സുകള്‍ക്കും പ്രാധാന്യമേറും. ഡാറ്റ സയന്‍സ്, ഇന്റഗ്രേറ്റഡ്‌കോഴ്‌സുകള്‍, ബിസിനസ് ധനകാര്യം, ബയോമെഡിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, എനര്‍ജി , ഹോസ്പിറ്റാലിറ്റി, ടൂറിസം, അക്കൗണ്ടിങ്, സൈക്കോളജി, ലിബറല്‍ ആര്‍ട്‌സ്, സ്റ്റം കോഴ്സുകള്‍ക്ക് സാധ്യതയേറും. മികച്ച തൊഴില്‍ ലഭിക്കാന്‍ സ്‌കില്ലും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും വേണ്ടിവരും.

ബിരുദ തലത്തില്‍ ബിസിനസ്, ഫിനാന്‍സ്  കോഴ്സുകള്‍ക്ക് ലോകത്തെമ്പാടും സാധ്യതയേറും. ബിസ്സിനസ്സ് മാനേജ്‌മെന്റ്,ബിസിനസ് മാനേജ്മന്റ് & ഇക്കണോമിക്‌സ്, അക്കൗണ്ടിങ് & ഫിനാന്‍സ് , ബിസ്സിനസ്സ് മാനേജ്മന്റ് & മാര്‍ക്കറ്റിങ്, ബിസിനസ് മാനേജ്മന്റ് & സൈക്കോളജി, ബാങ്കിങ് & ഫിനാന്‍സ് എന്നിവ മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാകും. എ ഐ & കംപ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍ സയന്‍സ് എന്നിവ മികച്ച ബിരുദ കോഴ്‌സുകളാണ്. ബി ഡെസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, ബിബിഎ ഫിന്‍ ടെക്,  എന്റര്‍പ്രണര്‍ഷിപ്, ബി എ കളിനറി ആര്ട്‌സ്, എന്നിവയ്ക്ക് സാധ്യതയേറും. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ലോകത്തെമ്പാടും കോഴ്സുകളുടെ ഡിസൈനിങ്ങില്‍ മാറ്റം വരും. വ്യവസായ മേഖലക്കിണങ്ങിയ, പ്ലേസ്‌മെന്റ് ഉറപ്പുവരുത്തുന്ന കോഴ്‌സുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ താല്പര്യപ്പെടും. ആരോഗ്യ മേഖലയില്‍ ഹെല്‍ത്ത് അനലിറ്റിക്സ്, ടെക്‌നോളജി, ജനറ്റിക്സ്, ഫുഡ് &ന്യൂട്രീഷന്‍, മെഡിക്കല്‍ കോഡിങ് കോഴ്‌സിനോടോപ്പം ഇന്റേണ്‍ഷിപ്, പാര്‍ടൈം തൊഴില്‍ എന്നിവയ്ക്ക് പ്രസക്തിയേറും.വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ ചെയ്യാനുതകുന്ന സ്‌കില്ലുകള്‍ പ്രദാനം ചെയ്യുന്ന കോഴ്‌സുകള്‍ക്കാണ് ഭാവിയില്‍ സാധ്യതയേറുന്നത്. ബിരുദ തലത്തിലുള്ള സ്പെഷ്യലൈസേഷനുകള്‍ വിപുലപ്പെടുന്നത് വ്യവസായ സ്ഥാപനങ്ങളുടെ താല്പര്യത്തിനനുസരിച്ചായിരിക്കും. സ്വകാര്യ, ഡീംഡ്, വിദേശ സര്‍വകലാശാലകളില്‍    ഈ മാറ്റം പ്രകടമാകും.  ടെക്‌നോളജി അധിഷ്ഠിത ഫിന്‍ ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സുകള്‍ക്കും പ്രിയമേറും.

വിദേശപഠനം

വിദേശത്തു ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. എന്നാല്‍ വികസിത രാജ്യങ്ങളും, യൂറോപ്യന്‍ രാജ്യങ്ങളും ഗുണനിലവാരം ഉറപ്പുവരുത്തിയുള്ള അഡ്മിഷന്‍ പ്രക്രിയയ്ക്ക് പ്രാധാന്യം നല്‍കും. ഓസ്‌ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നെതര്‍ലന്‍ഡ്സ്, നോര്‍വേ, ജപ്പാന്‍, സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള കോഴ്‌സുകളാരംഭിക്കും. പോസ്റ്റ് സ്റ്റഡി തൊഴില്‍ വിസയില്‍ വികസിത രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം അനിവാര്യമാകും. ജീവിതച്ചെലവും, ട്യൂഷന്‍ ഫീസും വര്‍ധിക്കുന്നതോടൊപ്പം വിദേശപഠനത്തിനു ചെലവേറും.  വിദേശ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ പ്രാവീണ്യ പരീക്ഷകളില്‍ മികച്ച സ്‌കോറുകള്‍ വേണ്ടിവരും. വിദേശ സ്‌കോളര്‍ഷിപ്പുകളിലും, ഫെലോഷിപ്പുകളിലും കുറവുണ്ടാകും. ഗവേഷണ ഗ്രാന്റിലും ആഗോളതലത്തിലും കുറവ് പ്രതീക്ഷിക്കാം.