ഒരു വേദി, പതിനൊന്ന് ഇനങ്ങൾ, ഒന്നരദിവസത്തെ പരിപാടി... ഒരുകുഞ്ഞു ചെടിയായിരുന്നു കലോത്സവം അന്ന്. 1957-ൽ നടന്ന ആദ്യ സ്‌കൂൾ കലോത്സവത്തിന് വിത്തിട്ടതും നനച്ചുവളർത്തിയതും ചിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ. 'കലകൾക്ക് സ്വഭാവശുദ്ധീകരണത്തിനു സാധിക്കും' സ്‌കൂൾ കലോത്സവത്തിന്റെ വേറിട്ട ചിന്തയെ അദ്ദേഹം ആറ്റിക്കുറുക്കിയത് ഇങ്ങനെയായിരുന്നു.

To advertise here,

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരന്റെ താത്പര്യപ്രകാരമായിരുന്നു കലോത്സവമെന്ന ആശയത്തിന്റെ തുടക്കം. 1956-ൽ ഡൽഹി ഇന്റർ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് കാഴ്ചക്കാരനായി പോയതാണ് ചിന്തയ്ക്ക് വേരുനൽകിയത്. അന്ന് മൂക്കുതല സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടുൾപ്പെടെയുള്ളവരെ തൃശ്ശൂർ ജില്ലക്കാരനായിരുന്ന വെങ്കിടേശ്വര അയ്യർ ആലോചനകൾക്കായി വിളിച്ചു. ഇങ്ങനെയാണ് ചിത്രൻ നമ്പൂതിരിപ്പാട് കലോത്സവത്തിന്റെ മുഖമായി മാറിയത്. പിന്നീടുള്ള വളർച്ചകളിലേക്ക് കലോത്സവത്തെ കൈപിടിച്ചുയർത്തിയതും ഇദ്ദേഹം ഉൾപ്പെട്ട സംഘമായിരുന്നു.

ആഘോഷമാകുമ്പോൾ സദ്യ വേണമെന്ന ആവശ്യം കലോത്സവ സദ്യക്ക് വഴിതുറന്നു. 1975-ൽ ആണിത്. എം.ആർ.ബി., കാട്ടുമാടം നാരായണൻ, ശങ്കരപ്പിള്ള തുടങ്ങി പ്രഗത്ഭനിരയെയാണ് ചിത്രൻ നമ്പൂതിരിപ്പാട് അന്ന് വിധികർത്താക്കളായി എത്തിച്ചത്. പിന്നീട് വന്ന പല കലോത്സവവേദികളിലും ചിത്രൻ നമ്പൂതിരിപ്പാട് ആദരിക്കപ്പെട്ടു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്തെ ആദരം അദ്ദേഹം പലപ്പോഴും ഓർത്തെടുത്തു. സമ്മാനദാനത്തിന് എത്തിയ മുഖ്യമന്ത്രി ഒരാൾക്കുമാത്രം സമ്മാനം നൽകി. ഗായിക കെ.എസ്. ചിത്രയ്ക്കായിരുന്നു അത്. ബാക്കി സമ്മാനങ്ങളെല്ലാം നൽകാൻ അർഹത ചിത്രൻ നമ്പൂതിരിപ്പാടിനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയിരിക്കുന്ന വേദിയിൽ മൂന്നൂറിലധികം സമ്മാനങ്ങളാണ് നൽകിത്തീർത്തതെന്ന് പറയുമ്പോൾ ചിത്രൻനമ്പൂതിരിപ്പാടിൽ ചെറുചിരി വിടർന്നിരുന്നു.

എം.ടി. എന്ന സ്‌കൂൾ കുട്ടി

എം.ടി. വാസുദേവൻനായർ ചിത്രൻ നമ്പൂതിരിപ്പാടിനുമുന്നിൽ ആദ്യമെത്തിയത് ഹൈസ്‌കൂൾ കുട്ടിയായിട്ടാണ്. കുമരനെല്ലൂർ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു എം.ടി. അന്ന്. സ്‌കൂൾ തലത്തിൽ നടന്ന മത്സരത്തിൽ സമ്മാനം നൽകാനാണ് ചിത്രൻ നമ്പൂതിരിപ്പാട് അവിടെയെത്തിയത്. എം.ടി.ക്ക് അന്ന് പലവിഷയങ്ങളിൽ ഒന്നാം സമ്മാനമുണ്ടായിരുന്നു. പ്രസംഗം, ലേഖനം എന്നിവയ്ക്കുപുറമേ പഠനവും ഇതിൽ ഉൾപ്പെട്ടിരുന്നു. പുസ്തകങ്ങളായിരുന്നു സമ്മാനമായി നൽകിയത്.

എം.ടി. വാസുദേവൻനായർക്ക് ആദ്യംകിട്ടുന്ന സമ്മാനങ്ങളിൽ ചിലതായിരുന്നു ഇത്. അന്നുകിട്ടിയ പുസ്തകങ്ങൾ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്ന് എം.ടി. വാസുദേവൻനായർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത മൂക്കുതല സ്‌കൂളിലെ പ്രധാനാധ്യാപകൻ എന്ന നിലയ്ക്കായിരുന്നു ചിത്രൻനമ്പൂതിരിപ്പാടിനെ സമ്മാനദാനത്തിന് ക്ഷണിച്ചത്. 34-ാം വയസ്സിലാണ് ഇദ്ദേഹം പ്രധാനാധ്യാപകനായി ജോലി ആരംഭിക്കുന്നത്.