
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എ.എഫ്.എം.സി.), എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള 2023-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ സ്ഥാപനത്തിനുണ്ട്.
സീറ്റ്: മൊത്തം 145 ഭാരതീയർക്കാണ് പ്രവേശനം നൽകുന്നത്. ഇതിൽ 30 സീറ്റ് പെൺകുട്ടികൾക്കും 115 സീറ്റ് ആൺകുട്ടികൾക്കുമാണ്. പരമാവധി 10 സീറ്റ് വ്യവസ്ഥകൾക്കുവിധേയമായി പട്ടികവിഭാഗക്കാർക്ക് അനുവദിക്കും. പ്രവേശനം തേടുന്നവർ അവിവാഹിതരായിരിക്കണം. കോഴ്സ് കാലയളവിൽ വിവാഹം കഴിക്കാൻ അനുവാദമില്ല. 2023 ഡിസംബർ 31-ന് പ്രായം കുറഞ്ഞത് 17 വയസ്സും 24 വയസ്സിൽ താഴെയുമായിരിക്കണം (2000 ജനുവരി ഒന്നിനുമുമ്പോ 2006 ഡിസംബർ 31-നുശേഷമോ ജനിച്ചവരായിരിക്കരുത്).
യോഗ്യത: 2023-ലെ നീറ്റ് യു.ജി.യിൽ യോഗ്യത നേടിയിരിക്കണം. യോഗ്യതാപരീക്ഷ (പൊതുവേ പ്ലസ്ടുതല പരീക്ഷ) ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഒരുമിച്ചെടുത്തു പഠിച്ച്, ആദ്യചാൻസിൽ ജയിച്ചിരിക്കണം. ഇംഗ്ലീഷിനും ഈ മൂന്നു സയൻസ് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും ഈ മൂന്നുസയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനവും മാർക്ക് നേടിയിരിക്കണം. 10-ാം ക്ലാസ് തലത്തിൽ, കണക്കിൽ ഒരുപരീക്ഷ ജയിച്ചിരിക്കണം. അംഗീകൃത യോഗ്യതാപരീക്ഷകളുടെ പട്ടിക www.afmcdg1d.gov.in -ലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
പ്രവേശന രജിസ്ട്രേഷൻ: എ.എഫ്.എം.സി. പ്രവേശനത്തിന് രണ്ടുഘട്ടങ്ങളുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന, 2023-ലെ നീറ്റ് യു.ജി. യോഗ്യത നേടിയവർ അവരുടെ എ.എഫ്.എം.സി. പ്രവേശന താത്‌പര്യം എം.സി.സി. യു.ജി. 2023 ആദ്യറൗണ്ട് രജിസ്ട്രേഷൻ തുടങ്ങുമ്പോൾ mcc.nic.in വഴി രജിസ്റ്റർചെയ്ത് അറിയിക്കണം. ഇതാണ് ആദ്യഘട്ടം. ജൂലായ് 20-ന് എം.സി.സി. യു.ജി. ആദ്യറൗണ്ട് രജിസ്ട്രേഷൻ തുടങ്ങും. 25-ന് ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷന് സമയമുണ്ടാകും.
ഇപ്രകാരം രജിസ്റ്റർചെയ്യുന്നവരുടെ പട്ടിക ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, എ.എഫ്.എം.സി.ക്ക് കൈമാറും. ഈ പട്ടികയിൽനിന്നും എ.എഫ്.എം.സി. ഏതാണ്ട് 1880 പേരെ (1490 ആൺകുട്ടികൾ, 390 പെൺകുട്ടികൾ) നീറ്റ് യു.ജി. സ്കോർ അടിസ്ഥാനമാക്കി പ്രവേശനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യും (2022-ൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ കട്ട് ഓഫ് മാർക്ക്: ആൺകുട്ടികൾ-616, പെൺകുട്ടികൾ-641. ഈവർഷം ഇതുപോലെ ആകണമെന്നില്ല).
സ്‌ക്രീനിങ് ടെസ്റ്റ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി പുണെ എ.എഫ്.എം.സി.യിൽവെച്ച് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടികയും സ്‌ക്രീനിങ് ടെസ്റ്റ് സമയക്രമവും www.afmcdg1d.gov.in, www.afmc.nic.in എന്നിവയിൽ ലഭിക്കും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹൻഷൻ, ലോജിക് ആൻഡ് റീസണിങ് (ടി.ഒ.ഇ.എൽ.ആർ.), സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ് (പി.എ.ടി.), ഇൻറവ്യൂ എന്നിവയടങ്ങുന്നതാണ് സ്‌ക്രീനിങ് ടെസ്റ്റ്. മെഡിക്കൽ പരിശോധനയും ഉണ്ടാകും.
ടി.ഒ.ഇ.എൽ.ആർ., 30 മിനിറ്റു ദൈർഘ്യമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ശരിയുത്തരത്തിന് രണ്ടുമാർക്കുവീതം കിട്ടും. ഉത്തരം തെറ്റിയാൽ 0.5 മാർക്കുവീതം നഷ്ടപ്പെടും. 80-ൽ കിട്ടുന്ന മാർക്കും നീറ്റിൽ 720-ൽ കിട്ടുന്ന മാർക്കും ചേർത്ത് 800-ൽ കിട്ടുന്ന മാർക്ക് കണക്കാക്കും. അതിനെ 200-ലേക്കുമാറ്റും. ഇന്റർവ്യൂവിന് 50 മാർക്കാണ്. ഇതുകൂടിചേർത്ത് 250-ൽ ലഭിക്കുന്ന മാർക്കാണ് റാങ്കിങ്ങിനായി പരിഗണിക്കുക. പി.എ.ടി. ഒരു യോഗ്യതാപരീക്ഷ മാത്രമാണ്. അതിന്റെ മാർക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. അന്തിമ തിരഞ്ഞെടുപ്പ് മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും.
കോഴ്സ് ഉപേക്ഷിച്ചാൽ: പ്രവേശനം നേടി ഏഴുദിവസം കഴിഞ്ഞ് കോഴ്സ് ഉപേക്ഷിച്ചാൽ നഷ്ടപരിഹാരമായി 65 ലക്ഷംരൂപ നൽകേണ്ടതുണ്ട്. പ്രവേശനസമയത്ത് ഇതിലേക്ക് രക്ഷാകർത്താവ് ബോണ്ട് നൽകണം.
ആനുകൂല്യങ്ങൾ
- പ്രവേശനം ലഭിക്കുന്ന ഇന്ത്യക്കാർക്ക് ട്യൂഷൻഫീസ് ഇല്ല. അവർക്കുലഭിക്കുന്ന ആനുകൂല്യങ്ങൾ:
- പ്രതിവർഷ ബുക്ക് ആൻഡ് എക്വിപ്മെൻറ് അലവൻസ് -4000 രൂപ
- സ്റ്റേഷനറി അലവൻസ് -മാസം 140 രൂപ, വർഷത്തിൽ പരമാവധി 1120 രൂപ
- ആദ്യവർഷം യൂണിഫോം അലവൻസ് -6000 രൂപ, തുടർന്നുള്ള വർഷങ്ങളിൽ മെയിൻറനൻസ് അലവൻസായി 1250 രൂപ.
- ഹെയർ കട്ടിങ് അലവൻസ് -മാസം 140 രൂപ
- വാഷിങ് അലവൻസ് -മാസം 560 രൂപ, ബ്രേക്ക് കാലയളവിൽ -210 രൂപ.
- വെക്കേഷൻ കാലത്ത് വീട്ടിലേക്കുപോകാൻ തേർഡ് എ.സി. വാറൻറ്.
- കമ്മിഷനിങ് കഴിഞ്ഞാൽ യാത്രയ്ക്ക് സെക്കൻഡ് എ.സി. വാറന്റ്.
- ഹോസ്റ്റൽ അക്കൊമഡേഷൻ, റേഷൻ, സബ്സിഡൈസ്ഡ് മെസ്സിങ്.
- ആർമി ഗ്രൂപ്പ് ഇൻഷുറൻസ് പ്രകാരമുള്ള ഇൻഷുറൻസ്/ഡിസെബിലിറ്റി ആനുകൂല്യം.
ജോലിയും തുടർപഠനവും
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ (ആർമി/നേവി/എയർഫോഴ്സ്) കമ്മിഷൻഡ് റാങ്കോടെ ഡോക്ടറായി സേവനത്തിൽ പ്രവേശിക്കാൻ ബാധ്യസ്ഥരാണ്. മെറിറ്റ്, ചോയ്സ് പരിഗണിച്ച് 50 ശതമാനംപേർക്ക് പെർമനൻറ് കമ്മിഷനും ബാക്കിപേർക്ക് ഷോർട് സർവീസ് കമ്മിഷനും അനുവദിക്കും. ഷോർട് സർവീസ് കമ്മിഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴുവർഷം സേവനം അനുഷ്ഠിക്കണം. സ്ഥിരം കമ്മിഷൻ ലഭിച്ചാൽ സൂപ്പർ ആന്വേഷൻ പ്രായംവരെ സേവനം അനുഷ്ഠിക്കണം. നിശ്ചിതസേവനം കഴിഞ്ഞാൽ നീറ്റ് പി.ജി. വഴി, പി.ജി./ഡി.എൻ.ബി. പഠനത്തിന് അവസരം കിട്ടും. നിർബന്ധിതസേവനം കഴിഞ്ഞ് 2/3 വർഷത്തെ പഠന അവധിക്കും അവസരമുണ്ട്.
Content Highlights: Armed Forces Medical College admissions 2023 AFMC
Published: 19 Jul 2023, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented