പാചകത്തിലെ കൈപുണ്യം പ്രൊഫഷനാക്കി കൗമാരത്തിലേ മികച്ച കരിയർ സ്വന്തമാക്കുകയാണ് നമ്മുടെ നാട്ടിലെ മിടുക്കികൾ. പത്തനംതിട്ട ചെന്നീർക്കര ഗവ. ഐടിഐ (ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) യിൽനിന്ന് ഫുഡ് പ്രൊഡക്‌ഷൻ ട്രേഡിൽ ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അജിതാവിജയനും പൂജാ സജിയും അവരുടെ കോഴ്സ്, കരിയർ എന്നിവ വിശദീകരിക്കുന്നു. ഇരുവരും 600-ൽ 594 മാർക്കാണ് നേടിയത്.
ഐടിഐ
വ്യാവസായികാടിസ്ഥാനത്തിലുള്ള വിവിധ തൊഴിലുകൾക്കുവേണ്ടി പ്രായോഗികപരിശീലനം നൽകുന്ന വൊക്കേഷണൽ എജുക്കേഷൻ പ്രോഗ്രാമാണ് ഐടിഐ കോഴ്സുകൾ. മെക്കാനിക്ക്, ഇലക്‌ട്രീഷ്യൻ, വെൽഡർ, ഫിറ്റർ തുടങ്ങിയ എൻജിനിയറിങ് ട്രേഡുകളും ഫാഷൻ ഡിസൈനിങ്, ഫുഡ് പ്രൊഡക്‌ഷൻ തുടങ്ങിയ നോൺ എൻജിനിയറിങ് ട്രേഡുകളും ഇവിടെ പഠിപ്പിക്കുന്നു.
കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലാണ് ഐടിഐ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്ങാണ് സിലബസ് തയ്യാറാക്കുന്നത്.
ഫുഡ് പ്രൊഡക്‌ഷൻ ജനറൽ കോഴ്സ്
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉറപ്പാക്കി ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വ്യാവസായികാടിസ്ഥാനത്തിൽ സർവീസ് നൽകുന്നതും സംബന്ധിച്ചാണ് പ്രധാനപഠനം. ഒരു വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റാണ് അന്തിമപരീക്ഷ. വിജയിക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യത: ശാസ്ത്രവും ഗണിതവും ഉൾപ്പെടുന്ന എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യയോഗ്യത. പ്രായപരിധിയില്ല.
വിഷയങ്ങൾ
പാചകസാങ്കേതികവിദ്യ, ശുചിത്വമാനദണ്ഡം, വ്യാവസായികാടിസ്ഥാനത്തിലുള്ള പാചകം, ഫുഡ് സർവീസ്, കിച്ചൻ മാനേജ്മെന്റ്, ഫുഡ് കോസ്റ്റിങ്, ഹോസ്‌പിറ്റാലിറ്റി, കംപ്യൂട്ടർ, ഇംഗ്ലീഷ്, ടൂറിസം, വ്യക്തിവികസനം, മനുഷ്യ-വിഭവ ക്രമീകരണം
പരിശീലനപരിപാടികൾ
• ഫോർ സ്റ്റാറിന് മുകളിലുള്ള ഹോട്ടലിൽ ഒരു മാസത്തെ ഓൺ ദ ജോബ് ട്രെയിനിങ് • ഇൻഡസ്ട്രിയൽ വിസിറ്റ് • പ്രമുഖ ഷെഫുമാരുടെ ക്ലാസ്
തൊഴിൽസാധ്യതകൾ
സർക്കാർ-സ്വകാര്യ മേഖലകളിൽ അവസരമുണ്ട്. നക്ഷത്രഹോട്ടലിലും റസ്റ്ററന്റിലും ജൂനിയർ ഷെഫ് ആയി ജോലി ആരംഭിക്കാം. പ്രവൃത്തിപരിചയത്തിലൂടെ എക്സിക്യുട്ടീവ് ഷെഫ് വരെയാകാം. കാറ്ററിങ് സർവീസ്, ബേക്കറി, ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിവിടങ്ങളിലും ക്രൂയിസ് കപ്പലുകളിലും വിമാനത്തിലുമുള്ള ഭക്ഷണശാലകളിലും ജോലി നേടാം. ഹൗസ് കീപ്പിങ്, റിസപ്ഷൻ തുടങ്ങിയ വിഭാഗങ്ങളിലും അവസരമുണ്ട്. സ്വയംതൊഴിൽ, സംരംഭകത്വസാധ്യതകളുമുണ്ട്. കെടിഡിസി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലിനേടാം. ഉപരിപഠനത്തിനും അവസരമുണ്ട്.
ഇംഗ്ലീഷിലുംപ്രാവീണ്യം നേടി
ബിഎ മലയാളം പഠിച്ച ശേഷമാണ് ചേർന്നത്. പെട്ടന്നൊരു ജോലി എന്ന ലക്ഷ്യത്തോടെയാണ് ചേർന്നത്. പഠനം തുടങ്ങിയതോടെ താത്പര്യമായി. ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു. കോഴ്സിന്റെ ഭാഗമായുള്ള ഫ്രണ്ട് ഓഫീസ് പരിശീലനവും പ്രയോജനകരമായി. ബേക്കറി വിഭവങ്ങൾ തയ്യാറാക്കുന്നതിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്. കുറച്ച് എക്‌സ്പീരിയൻസ് ആയ ശേഷം വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കണം. വിദേശത്ത് പ്രവർത്തിച്ചശേഷം തിരികെ നാട്ടിലെത്തി സ്വന്തമായി കഫേ തുടങ്ങാനും ആഗ്രഹിക്കുന്നു
- അജിതാ വിജയൻ
സൗജന്യമായി പഠിക്കാം
പ്ലസ് ടുവിന് ശേഷമാണ് ഐടിഐയിൽ ചേർന്നത്. ഖത്തറിലെ കപ്പലിൽ എക്സിക്യുട്ടീവ് ഷെഫ് ആയ അച്ഛനിൽനിന്നാണ് പാചകം ഒരു പ്രൊഫഷനാക്കാനുള്ള തീരുമാനത്തിലെത്തിയത്. സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കാൻ ലക്ഷങ്ങൾ മുടക്കേണ്ടിവരുമ്പോൾ ഗവ. ഐടിഐയിൽ സൗജന്യമായി പഠിക്കാം. ഷെഫ് കോട്ടും റെക്കോഡുമുൾപ്പെടെ വളരെ കുറച്ച് സാധനങ്ങൾക്കുമാത്രമേ കൈയിൽനിന്ന് പണം ചെലവാകൂ. ഓരോ ദിവസവും ഓരോവിഭവംവീതം തയ്യാറാക്കിയുള്ള പ്രാക്ടിക്കൽ സെഷനുകളാണ് ഞങ്ങൾക്കുണ്ടായിരുന്നത്. കെടിഡിസി ആരണ്യനിവാസിലെ കിച്ചണിലേക്കാണ് ജോലി ലഭിച്ചത്. കോൺഡിനെന്റൽ വിഭവങ്ങളിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്.
- പൂജാ സജി
സംരംഭത്തിലേക്കുളള വഴി
ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ കോഴ്‌സ് പഠിച്ച കുട്ടികള്‍ക്കെല്ലാം ജോലി ലഭിക്കുന്നുണ്ട്. വിദ്യാര്‍ഥികളില്‍ സംരംഭക ആശയങ്ങള്‍ ഉണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കാനും അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സഹായിക്കുന്നു. പഠനശേഷം സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നവരും ധാരാളമുണ്ട്.
- ബിപിന്‍ വി നാഥ് (സീനിയര്‍ ഇന്‍സ്ട്രക്ടര്‍, ഗവ. ഐടിഐ ചെന്നീര്‍ക്കര)
Content Highlights: Learn about ITI Food Production trade, career opportunities, and success stories of top-scoring students
Published: 06 Oct 2025, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented