ഡച്ച് വിദ്യാഭ്യാസ വിചക്ഷണനായ ദെസിദേറിസ് ഇറാസ്മസിന്റെ സ്മരണാര്‍ഥം യൂറോപ്യന്‍ യൂണിയന്‍ 2000-ത്തില്‍ ആരംഭിച്ച ലോകത്തെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ്. ഫുള്‍ സ്‌പോണ്‍സര്‍ഷിപ്പോടെ യൂറോപ്പില്‍ മാസ്റ്റേഴ്‌സ് കോഴ്‌സ് പഠിക്കാന്‍ അവസരം നല്‍കുന്ന ഈ സ്‌കോര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷയിലെ അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.
കോഴ്‌സ് തിരഞ്ഞെടുപ്പ്
സ്‌കോളര്‍ഷിപ്പ് കാറ്റലോഗ് പരിശോധിച്ച് പെട്ടന്ന് ജോലി ലഭിക്കാന്‍ അനുയോജ്യമായ കോഴ്‌സ് കണ്ടെത്തി അപേക്ഷിക്കുകയാണ് പൊതുവേ ചെയ്യുന്നത്. ഇങ്ങനെ വരുമ്പോള്‍ പൊതുവേ ട്രെന്‍ഡായ കോഴ്‌സ് ആയിരിക്കും തിരഞ്ഞെടുക്കുക. ഉദാ: കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ ഇപ്പോഴത്തെ ട്രെന്‍ഡായ സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കും. അതേസമയം ഇവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന പത്തോളം കോഴ്‌സുകള്‍ വേറെയുണ്ടാകും. അതിനൊന്നും അധികം അപേക്ഷകരും ഉണ്ടാകില്ല. ഉദാ: യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നടത്തുന്ന മാസ്റ്റര്‍ ഓഫ് സയന്‍സ് ഇമേജിങ് ആന്‍ഡ് ലൈറ്റ് ഇന്‍ എക്സ്റ്റന്‍ഡന്‍ഡ് റിയാലിറ്റി കോഴ്‌സ്.
ജപ്പാനില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോണി കോര്‍പ്പറേഷന്റെയും വോള്‍വോ മോട്ടോര്‍സിന്റെയും ലാബോറട്ടറികളിലാണ് ഈ കോഴ്‌സിന്റെ പഠനസമയം അധികവും ചെലഴിക്കേണ്ടത്. ഡ്രൈവറോ പൈലറ്റോ ഇല്ലാതെ വാഹനങ്ങള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന വിദഗ്ധരെയാണ് ഈ കോഴ്‌സിലൂടെ വാര്‍ത്തെടുക്കുന്നത്.ജോലി എന്ന ലക്ഷ്യത്തിനുപരിയായി അവരവര്‍ക്ക് പാഷനായിട്ടുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുന്ന കോഴ്‌സുകള്‍ അപേക്ഷിക്കുക. ഒരാള്‍ക്ക് എത്ര കോഴ്‌സുകള്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാം. അതിനാല്‍ 10 കോഴ്‌സിലേക്കെങ്കിലും അപേക്ഷിക്കണം. കാലിക പ്രസക്തിയും ജോലിസാധ്യതയും ഇല്ലാത്ത ഒരു കോഴ്‌സും ഇറാസ്മസ് മുണ്ടസില്‍ ഉണ്ടാകില്ല.
ക്രെഡിറ്റ് മസ്റ്റ്
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തില്‍ ആകെ 180 ക്രെഡിറ്റുകളെങ്കിലുമുള്ള ബിരുദമോ തത്തുല്യമോ ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. ഇതില്‍ 60 ശതമാനം ക്രെഡിറ്റ്, അതായത് 108 ക്രെഡിറ്റെങ്കിലും ഉണ്ടെങ്കില്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ ഉയരുംതോറും സാധ്യതയും കൂടും.
നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇവിടെയാണ് മേല്‍ക്കൈ ലഭിക്കുന്നത്. ഇന്ത്യയില്‍ നാലുവര്‍ഷ ഓണേഴ്‌സ് ബിരുദങ്ങളെല്ലാം 240 ക്രെഡിറ്റാണ്. ഈ കോഴ്‌സില്‍ 60 ശതമാനം സ്‌കോറുള്ളവര്‍ക്ക് 144 ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകും.ഈ കുറവ് പരിഹരിക്കാന്‍ മൂന്നുവര്‍ഷ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. അതിനായി അനുബന്ധ വിഷയങ്ങളില്‍ യുജിസിയുടെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (മൂക്) ചെയ്യണം. swayam.gov.inല്‍ രണ്ടായിത്തോളം വിഷയങ്ങളിലായി 16,000 കോഴ്‌സുകളുണ്ട്. ഓരോ കോഴ്‌സ് പഠിക്കുമ്പോഴും എത്ര ക്രെഡിറ്റ് കിട്ടും എന്ന് കോഴ്‌സ് വിവരങ്ങളില്‍ ഉണ്ടാകും.പഠനം ഓണ്‍ലൈനായതിനാല്‍ ഒരാള്‍ക്ക് ബിരുദപഠനത്തോടൊപ്പം ഒരേസമയം എത്ര കോഴ്‌സുകള്‍ വേണമെങ്കിലും ചെയ്യാം. ഇങ്ങനെ നേടുന്ന 36 ക്രെഡിറ്റുവരെ മൂന്നുവര്‍ഷ ബിരുദക്കാര്‍ക്ക് മാര്‍ക്ക് ലിസ്റ്റില്‍ ചേര്‍ക്കാം. ഇനി മാര്‍ക്ക് ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ലെങ്കിലും യുജിസിയുടെ ക്രെഡിറ്റ് സ്‌കോര്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഇറാസ്മസ് മുണ്ടസ് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളും (ഐഐഎം) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളും (ഐഐടി) ഓക്‌സ്ഫഡ്, ഹാര്‍വാഡ്, സ്റ്റാന്‍ഫോഡ് തുടങ്ങിയ ലോകോത്തര സര്‍വകലാശാലകളും സൗജന്യമായി ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇവരുടെയെല്ലാം ക്രെഡിറ്റ് സ്‌കോറും പരിഗണിക്കും. ഇങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
യൂറോപ്യന്‍ നിലവാരത്തിലുള്ള സിവി
വെറും ഒരു സിവി തയ്യാറാക്കുകയല്ല വേണ്ടത്. കാരണം, നിങ്ങളുടെ അക്കാദമിക് നിലവാരംമാത്രം കണക്കിലെടുത്തല്ല തിരഞ്ഞെടുപ്പ്. വിദ്യാര്‍ഥിയുടെ സാമൂഹികപ്രതിബദ്ധത ഒരു അളവുകോലാണ്. അക്കാദമിക് മികവ് അടിവരയിടുന്നതിനോടൊപ്പം ആഗോള പൗരന്‍ എന്ന നിലയ്ക്കുള്ള ചിന്താശേഷി, ഗവേഷണപരിചയം, സാമൂഹികപ്രസക്തിയുള്ള പ്രോജക്ടുകളില്‍ പങ്കെടുത്തുള്ള പരിചയം, നേതൃപാടവം, സന്നദ്ധ സംഘടനകളിലെ (എന്‍സിസി/എന്‍എസ്എസ്) സേവനകാലയളവ്, ജീവിതത്തിന്റെ ലക്ഷ്യബോധം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിക്കണം. യൂറോപാസ് ഫോര്‍മാറ്റിലായിരിക്കണം തയ്യാറാക്കേണ്ടത്. വിവരങ്ങള്‍ക്ക്: europass.europa.eu/en
സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്
എന്തിനാണ് ഈ കോഴ്‌സിന് അപേക്ഷിക്കുന്നത്, അതിനായി വിദ്യാര്‍ഥിക്കുള്ള അഭിരുചികള്‍ എന്താണന്ന് വിശദമാക്കുകയും സെലക്ഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസി (എസ്ഒപി)ന്റെ ധര്‍മം. ഇത് വിദ്യാര്‍ഥി സ്വന്തമായി തയ്യാറാക്കിയതാണോ, എഐ ടൂള്‍ ഉപയോഗിച്ചോ എന്നെല്ലാം വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാം. അതിനാല്‍, സ്വന്തമായി തയ്യാറാക്കുക. ഭാഷാപരമായ പ്രശ്‌നമുണ്ടെങ്കില്‍ പുറത്തുള്ള ഒരാളുടെ സഹായത്തോടെ കറക്ട് ചെയ്യുക. ഒന്നലധികം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഓരോ കോഴ്‌സിനും പ്രത്യേകം എസ്ഒപി തയ്യാറാക്കുക.കോഴ്‌സിന്റെ പ്രത്യേകതകളും സിലബസും ഫോക്കസ് പോയിന്റും കാറ്റ്ലോഗിലുണ്ടാകും. ഇത് മനസ്സിലാക്കിയശേഷം ഈ കോഴ്‌സ് പഠിക്കാനുള്ള അഭിരുചിയും മറ്റും തനിക്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റിയെ എസ്ഒപിയിലൂടെ ബോധ്യപ്പെടുത്തുക.കോഴ്‌സ് കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും യൂറോപ്പിലോ അമേരിക്കയിലോ നല്ലൊരു ജോലി സംഘടിപ്പിച്ച് സുഖമായി ശിഷ്ടജീവിതം കഴിക്കണം എന്നൊന്നും എഴുതരുത്. മറിച്ച് യൂറോപ്പിലെ വിഖ്യാത സര്‍വകലാശാലകളില്‍നിന്ന് ആര്‍ജിക്കുന്ന അറിവും പ്രായോഗിക പരിജ്ഞാനവും സ്വന്തം രാജ്യത്തെയും മറ്റ് സമൂഹങ്ങളിലെയും താഴേക്കിടയിലുള്ള ജനങ്ങളുടെ ഉന്നതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന ചിന്തയായിരിക്കണം ഇതില്‍ മുന്നിട്ടുനില്‍ക്കേണ്ടത്.
എവിടെ പഠിച്ചു, എന്തുപഠിച്ചു എന്നൊന്നും വിശദമാക്കേണ്ട. അതിനുവേണ്ടി കരിക്കുലം വിറ്റ പ്രത്യേകമായി സമര്‍പ്പിക്കുന്നുണ്ട്. rajuraphael@gmail.com
റഫറന്‍സ് ലെറ്റര്‍
രണ്ട് റഫറന്‍സ് ലെറ്ററുകളാണ് ഒരു അപേക്ഷയോടൊപ്പം വേണ്ടത്. പല കോഴ്‌സുകള്‍ക്കും റഫറന്‍സ് നല്‍കേണ്ട വ്യക്തിയുടെ പേരും ഇ-മെയില്‍ വിലാസവും അപേക്ഷയില്‍ നല്‍കിയാല്‍ മതി. റഫറന്‍സ് ലെറ്ററിനുവേണ്ടി സെലക്ഷന്‍ കമ്മിറ്റിതന്നെ റഫറന്‍സ് നല്‍കേണ്ടയാളെ ഇ-മെയിലില്‍ ബന്ധപ്പെട്ടും. ഒരുവര്‍ഷം ജോലിപരിചയമുള്ള അപേക്ഷകരാണെങ്കില്‍ തൊഴില്‍സ്ഥലത്തെ സീനിയറിന്റെയും ഡിഗ്രിക്ക് പഠിപ്പിച്ച ഒരു ടീച്ചറുടെയും റഫറന്‍സ് നല്‍കാം. സ്ഥാപന മേധാവിയുടെയോ വകുപ്പ് മേധാവിയായ പ്രൊഫസറുടെയോ റഫറന്‍സുതന്നെ നല്‍കണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെടുമ്പോള്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന സമയത്തിനുള്ളില്‍ റഫറന്‍സ് നല്‍കാന്‍ തയ്യാറാകുന്നവരുടെ പേര് വേണം നല്‍കാന്‍. നിങ്ങളോട് അടുപ്പവും മമതയുമുള്ള അധ്യാപകന്‍/അധ്യാപിക ഏറ്റവും ജൂനിയര്‍ ആണെങ്കിലും അവരുടെ റഫറന്‍സ് നല്‍കുന്നതാവും നല്ലത്.തിരഞ്ഞെടുപ്പില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. അപേക്ഷിച്ച കോഴ്‌സിന് പഠിക്കാനുള്ള അഭിരുചിയും പ്രാപ്തിയും വിദ്യാര്‍ഥിക്കുണ്ടോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടത് റഫറന്‍സ് നല്‍കുന്ന വ്യക്തിയാണ്. അതിനാല്‍, അപേക്ഷിക്കുന്ന കോഴ്‌സിനെക്കുറിച്ചും സിലബസ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെക്കുറിച്ചും റഫറന്‍സ് നല്‍കുന്ന വ്യക്തിക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരിക്കണം. അവര്‍ നിശ്ചിത സമയത്തിനുള്ളില്‍ റഫറന്‍സ് കൈമാറി എന്ന് ഉറപ്പാക്കുകയും വേണം. ഒന്നിലധികം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഓരോ കോഴ്‌സിനും പ്രത്യേകം റഫറന്‍സ് നല്‍കണം.
ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍- https://www.mathrubhumi.com/education/news/erasmus-mundus-joint-masters-scholarship-india-eligibility-benefits-pqcn1ifu
Content Highlights: Unlock your dream European Master`s with the Erasmus Mundus Scholarship. Learn 5 crucial application tips to boost your chances of selection.
Published: 27 Oct 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented