തുടക്കക്കാരായ ഗവേഷകർക്ക് പ്രൈംമിനിസ്റ്റർ ഏർളി കരിയർ റിസർച്ച് ഗ്രാൻറ് 
(പി.എം.ഇ.സി.ആർ.ജി.) പദ്ധതി വഴിയും വനിതാഗവേഷകർക്ക് ബയോടെക്നോളജി കരിയർ അഡ്വാൻസ്‌മെന്റ് ആൻഡ് റീ ഓറിയന്റേഷൻ (ബയോകെയർ) പ്രോഗ്രാം വഴിയും 60 ലക്ഷം രൂപവരെ റിസർച്ച് ഗ്രാന്റോടെ ഗവേഷണം നടത്താൻ അവസരം.   
പി.എം.ഇ.സി.ആർ.ജി.
ഗവേഷണമേഖലയിൽ പുതിയ ആശയങ്ങൾക്ക് ഊന്നൽ നൽകുക, ഗവേഷണപ്രവർത്തനങ്ങൾ മികച്ചതാക്കുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എ.എൻ.ആർ.എഫ്.) പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് പി.എം.ഇ.സി.ആർ.ജി. 
രാജ്യത്തെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിൽ നിർണായകപങ്ക് വഹിക്കുന്ന, ഗവേഷണപ്രവർത്തനങ്ങളുടെ ആരംഭകാലത്തുള്ളവരെ ലക്ഷ്യമിടുന്നതാണിത്. ഉയർന്ന നിലവാരമുള്ള ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, പുതിയ നൈപുണികളും ആശയങ്ങളും രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.  
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷ കാലയളവിലേക്ക് 60 ലക്ഷം രൂപയുടെ റിസർച്ച് ഗ്രാൻറ് കൂടാതെ, അധികമായി ഓവർഹെഡ് ചാർജുകളും അനുവദിക്കും.
ട്രാവൽ, കണ്ടിൻജൻസി, ഓവർഹെഡ് ചാർജുകൾ, ഓപ്പൺ ആക്സസ് പബ്ലിക്കേഷനുകൾ, പേറ്റൻറ് ഫൈലിങ് എന്നിവയുടെ ചെലവുകൾക്കുള്ള സഹായവും ലഭിക്കും. പ്രോജക്ടുമായി ബന്ധപ്പെട്ട അന്താരാഷ്ട്രയാത്രകൾ നടത്താം.
വിവിധ മേഖലകളിലായി പ്രതിവർഷം 700 റിസർച്ച് ഗ്രാൻറുകളാണ് അനുവദിക്കുക. പ്രോജക്ട് കാലാവധി നീട്ടില്ല. ഒരു അപേക്ഷാസൈക്കിളിൽ ഒരു പ്രൊപ്പോസൽ മാത്രമേ നൽകാൻ കഴിയൂ.
യോഗ്യത
ഭാരതീയരായിരിക്കണം. സയൻസിലോ എൻജിനിയറിങ്ങിലോ പിഎച്ച്.ഡി. ബിരുദമോ, എം.ഡി./എം.എസ്./എം.ഡി.എസ്./എം.വി.എസ്‌സി. ബിരുദമോ വേണം. അംഗീകൃത ഗവേഷണസ്ഥാപനത്തിലോ ദേശീയ ലബോറട്ടറിയിലോ മറ്റേതെങ്കിലും അംഗീകൃത ഗവേഷണ വികസനസ്ഥാപനത്തിലോ റഗുലർ അക്കാദമിക്/റിസർച്ച് സ്ഥാനം ഉണ്ടായിരിക്കണം. 
2022 ഫെബ്രുവരി ഒന്നിനോ ശേഷമോ ആയിരിക്കണം പ്രവേശനം നേടിയിരിക്കേണ്ടത്. ഉയർന്ന പ്രായപരിധി: 42 വയസ്സ്. വനിതകൾ, പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. പ്രായപരിധി കണക്കാക്കുന്നത് 2024 ഫെബ്രുവരി ഒന്ന് വെച്ചായിരിക്കും.
റിസർച്ച് അസോസിയേറ്റുകൾ, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ, അഡ്ഹോക് ഫാക്കൽറ്റികൾ, ഗസ്റ്റ് ഫാക്കൽറ്റികൾ, വിസിറ്റിങ് സയൻറിസ്റ്റുകൾ, കൺസൽട്ടൻറുകൾ, പ്രോജക്ട് ഫെലോകൾ, ഓരോവർഷവും കരാർ പുതുക്കി നൽകപ്പെടുന്ന ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. ഇവയിൽ ഉൾപ്പെടാത്തവരുടെ അപേക്ഷിക്കാനുള്ള അർഹത, എ.എൻ.ആർ.എഫ്. നിർണയിക്കും.
പി.ഐ.ഒ./ഒ.സി.ഐ. വിഭാഗക്കാർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. 
അപേക്ഷ
അപേക്ഷ www.anrfonline.in വഴി നവംബർ 19-ന് വൈകീട്ട് അഞ്ചുവരെ നൽകാം. വിശദമായ റിസർച്ച് പ്രൊപ്പോസൽ, അപേക്ഷയുടെ ഭാഗമായി നൽകണം. എസ്.ഇ.
ആർ.ബി. പോർട്ടൽ വഴി രജിസ്റ്റർചെയ്തിട്ടുള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർക്ക്, അതിന്റെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻചെയ്ത് അപേക്ഷ നൽകാം. വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്‌ഷൻ.

To advertise here,

വനിതാഗവേഷകർക്ക് ബയോകെയർ 
:ബയോടെക്നോളജി കരിയർ അഡ്വാൻസ്‌മെന്റ് ആൻഡ് റീ ഓറിയന്റേഷൻ (ബയോകെയർ) പ്രോഗ്രാമിലേക്ക് വനിതാഗവേഷകർക്ക് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ബയോടെക്നോളജി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത് (2024-25). 
ബയോടെക്നോളജി മേഖലയിൽ വനിതാഗവേഷകരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
മേഖലകൾ
ആനിമൽ ആൻഡ് മറൈൻ ബയോടെക്നോളജി; ബയോ എൻജിനിയറിങ് ആൻഡ് ബയോ മെറ്റീരിയൽസ്; മെഡിക്കൽ ബയോടെക്നോളജി, എൻവയൺമെൻറൽ ബയോടെക്നോളജി ആൻഡ് ബയോ എനർജി, പ്ലാൻറ് ആൻഡ് അഗ്രിക്കൾച്ചറൽ ബയോടെക്നോളജി. ഓരോ മേഖലയുടെയും അനുബന്ധമേഖലയും ആകാം.   
യോഗ്യത
ഇന്ത്യയിൽ താമസിക്കുന്ന ഭാരതീയവനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാസമർപ്പണ അവസാനതീയതിയിൽ ഉയർന്ന പ്രായപരിധി 55 വയസ്സ്. അന്ന് അപേക്ഷക, തൊഴിൽരഹിതയോ റഗുലർസ്ഥാനങ്ങളിൽ അല്ലാത്തവരോ ആയിരിക്കണം. മൂന്നുവർഷമാണ് പ്രോജക്ട് കാലാവധിയെങ്കിലും പ്രോജക്ട് അവസാനിക്കുന്ന മുറയ്ക്ക് ഫെലോഷിപ്പും അവസാനിക്കും.
അപേക്ഷ രണ്ട് 
വിഭാഗങ്ങളിൽ 
# കാറ്റഗറി I: ബയോടെക്നോളജി/ലൈഫ് സയൻസസ്/അനുബന്ധ മേഖലകൾ/ഇൻറർഡിസിപ്ലിനറി സയൻസസ് എന്നിവയിലെ ഏതെങ്കിലും മേഖലയിൽ പിഎച്ച്‌.ഡി. പൂർത്തിയാക്കിയ, അല്ലെങ്കിൽ എം.ഡി./എം.ഡി.എസ്./എം.വി.എസ്‌സി. ബിരുദമുള്ളവർ
# കാറ്റഗറി II: ബയോടെക്നോളജിയിലോ അനുബന്ധമേഖലകളിലോ എം.ടെക്. ഉള്ള, അല്ലെങ്കിൽ എം.ഫാർമ./തത്തുല്യ ബിരുദമുള്ളവർ ഉന്നതപഠനങ്ങൾക്കോ പിഎച്ച്.ഡി.ക്കോ രജിസ്റ്റർ/എൻറോൾ ചെയ്യപ്പെട്ടിട്ടുള്ളവർ അല്ലെങ്കിൽ ഏതെങ്കിലും ഫെലോഷിപ്പ് ലഭിക്കുന്നവർ (അല്ലെങ്കിൽ രണ്ടും) എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. 
പദ്ധതിവഴി ലഭിക്കുന്ന റിസർച്ച് സപ്പോർട്ട്, തങ്ങൾക്ക് അനുവദിക്കപ്പെടുന്ന ആദ്യ എക്സ്ട്രാ മ്യൂറൽ റിസർച്ച് ഗ്രാൻറ് ആയിരിക്കണം. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ എന്നനിലയിൽ ഏതെങ്കിലും സർക്കാർ ഫണ്ടിങ് ഏജൻസിയിൽനിന്നും എന്തെങ്കിലും ഗ്രാൻറ് ലഭിച്ചവർക്ക് ഈ ഗ്രാൻറിന് അർഹതയില്ല.
സഹായം 
ഗവേഷണപ്രോജക്ട് നടപ്പാക്കുന്നതിലേക്ക് വേണ്ട ചെലവുകൾക്കുള്ള ഗ്രാൻറും ഫെലോഷിപ്പും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അനുവദിക്കും.
# കാറ്റഗറി I: പരമാവധി 60 ലക്ഷം രൂപ (പ്രതിമാസ കൺസോളിഡേറ്റഡ് ഫെലോഷിപ്പായുള്ള 75,000 രൂപയും ഇതിൽ ഉൾപ്പെടും).
# കാറ്റഗറി II: പരമാവധി 40 ലക്ഷം രൂപ (പ്രതിമാസ കൺസോളിഡേറ്റഡ് ഫെലോഷിപ്പായുള്ള 58,000 രൂപയും ഇതിൽ ഉൾപ്പെടും). തുക പൂർണമായും അനുവദിക്കണമെന്നില്ല.
അപേക്ഷ  
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കോമൺ ഫെലോഷിപ്പ് പോർട്ടലായ fellowships.gov.in വഴി ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം. പദ്ധതിയുടെ പൂർണ രൂപരേഖ dbtindia.gov.in ൽ ലഭിക്കും.