ടാറ്റ സൺസിന്റെ പ്രധാന ഓഹരി ഉടമകളായ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റി പദവിയിൽനിന്ന് മുതിർന്ന അഭിഭാഷകൻ ഡാരിയസ് ഖംബാറ്റ പിന്മാറുന്നു. നവംബറിൽ കാലാവധി അവസാനിക്കുമെങ്കിലും അടുത്ത തവണ വീണ്ടും പദവി സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടാറ്റ സൺസിന്റെ ബോർഡ് യോഗം നടന്ന സെപ്റ്റംബർ 17-ന് 'അപമാനകരമായി ഓർക്കുന്ന ദിവസം' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
ടാറ്റ സൺസിന്റെ ലിസ്റ്റിങ്, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ മൂന്നാം ഊഴം, ട്രസ്റ്റിമാരുടെ ചുമതലകൾ, ട്രസ്റ്റുകളുടെ ഭരണഘടനാപരമായ നിയന്ത്രണങ്ങൾ എന്നിവയെച്ചൊല്ലിയുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ.
സെപ്റ്റംബർ 17-ന് നടന്ന ബോർഡ് യോഗം ടാറ്റ സൺസിന്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചെന്നും ഗ്രൂപ്പിലെ അധികാരതർക്കങ്ങൾ പുറത്ത് ചർച്ചാവിഷയമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രത്തൻ ടാറ്റ ജീവിച്ചിരുന്നുവെങ്കിൽ ടാറ്റ സൺസിന് ഇതുപോലെ പ്രവർത്തിക്കാൻ കഴിയുമോ എന്ന് ഖംബാറ്റ ചോദിക്കുന്നു. ടാറ്റയുടെ വഴി എന്നത് മൂല്യങ്ങളിലും തത്ത്വങ്ങളിലും അധിഷ്ഠിതമാണെന്നും അത് താൽക്കാലികമായ ബാലൻസ് ഷീറ്റുകളേക്കാൾ എത്രയോ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാറ്റ സൺസ് ലിസ്റ്റിങ് തർക്കവും ആർ.ബി.ഐ. നിലപാടും
- 2025 മേയ് 28-ലെ യോഗത്തിൽ ടാറ്റ സൺസിന്റെ പബ്ലിക് ലിസ്റ്റിങിനെതിരെ ആദ്യമായി മുന്നറിയിപ്പ് നൽകിയത് ഖംബാറ്റയായിരുന്നു. ട്രസ്റ്റുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിഷയമാണതെന്ന് അദ്ദേഹം വ്യക്തമാക്കി.
- ലിസ്റ്റിങിനെ എതിർക്കാനും ആർ.ബി.ഐ.യുമായി ചർച്ച നടത്താനും ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കാനും ശുപാർശ ചെയ്യുന്ന പ്രമേയം തയ്യാറാക്കിയത് ഖംബാറ്റയാണ്.
- 2026 സെപ്റ്റംബർ 11-ന് ടാറ്റ സൺസിനെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC) പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അപേക്ഷ ആർ.ബി.ഐ. തള്ളി. ഇതോടെ ടാറ്റ സൺസ് അപ്പർ-ലെയർ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയായി (NBFC) ലിസ്റ്റ് ചെയ്യപ്പെടേണ്ട സാഹചര്യമുണ്ടായി.
- ലിസ്റ്റിങ് എന്നത് ഓഹരി ഉടമകളുടെ തന്ത്രപ്രധാനമായ തീരുമാനമാണെന്നും ഒരു പ്രൈവറ്റ് കമ്പനിയുടെ ഓഹരികളിൽ പൊതുജനങ്ങൾക്ക് നിയമപരമോ ധാർമികമോ ആയ അവകാശമില്ലെന്നും ഖംബാറ്റ വാദിക്കുന്നു.
Content Highlights: Darius Khambata steps down from the trustee position of Sir Dorabji Tata Trust and Sir Ratan Tata Trust., Called the September 17 board meeting an 'insulting day' due to severe disagreements over governance and listing., Highlighted issues regarding Tata Sons listing, RBI regulations, and core investment company status., Questioned the departure from Tata's foundational values and principles.
Published: 03 Nov 2026, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented