രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്‌പുർ, റായ്പുർ, ഗാന്ധിനഗർ, ജി.എൻ.എൽ.യു സിൽവസ കാമ്പസ്, ലഖ്‌നൗ, പഞ്ചാബ്, പട്‌ന, കൊച്ചി, കട്ടക് (ഒഡിഷ), റാഞ്ചി, ഗുവാഹാട്ടി (അസം), വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, സോണെപട്ട് (ഹരിയാണ), ത്രിപുര, പ്രയാഗ് രാജ്, ഗോവ എന്നിവിടങ്ങളിലാണ് സർവകലാശാലകൾ ഉള്ളത്.

To advertise here,

ബിരുദ കോഴ്‌സുകൾ

ബിരുദതലത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) എല്ലാ സർവകലാശാലകളിലുമുണ്ട്.

മറ്റ് കോഴ്‌സുകളുള്ള സർവകലാശാലകൾ: ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്): ജോധ്‌പുർ, ഗാന്ധിനഗർ, പട്‌ന, കട്ടക്, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ഗോവ ബി.എസ്‌.സി എൽ.എൽ.ബി: ഗാന്ധിനഗർ; കൊൽക്കത്ത (ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ്), ഭോപാൽ (സൈബർ സെക്യൂരിറ്റി) ബി.കോം എൽ.എൽ.ബി: ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി ബി.എസ്.ഡബ്ല്യു എൽ.എൽ.ബി: ഗാന്ധിനഗർ.

ബിരുദാനന്തര ബിരുദം

ഒരുവർഷം ദൈർഘ്യമുള്ള എൽ.എൽ.എം എല്ലാ സർവകലാശാലകളിലുമുണ്ട്. സർവകലാശാല അനുസരിച്ച് സ്പെഷ്യലൈസേഷനുകളിൽ വ്യത്യാസമുണ്ടാകും. സ്പെഷ്യലൈസേഷനുകളിൽ ചിലത്: ക്രിമിനൽ ലോ, കൊമേഴ്‌സ്യൽ ലോസ്, ലോ ആൻഡ് ടെക്‌നോളജി, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്, ഇന്റർനാഷണൽ ട്രേഡ് ആൻഡ് ബിസിനസ് ലോസ്, പബ്ലിക് ലോ ആൻഡ് ലീഗൽ തിയറി, കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ, പബ്ലിക് ഹെൽത്ത് ലോ, പഴ്‌സണൽ ലോസ്, ഹ്യൂമൺ റൈറ്റ്‌സ് ലോ, പ്രൈവറ്റ് ഇന്റർനാഷണൽ ലോ. ഓരോ സ്ഥാപനത്തിലും ഉള്ള സ്പെഷ്യലൈസേഷൻ അറിയാൻ ബന്ധപ്പെട്ട സ്ഥാപന വെബ്സൈറ്റ് സന്ദർശിക്കണം. അതിലേക്കുള്ള ലിങ്ക്
https://consortiumofnlus.ac.in/clat-2026 -ൽ ലഭിക്കും (പാർട്ടിസിപേറ്റിങ്‌ യൂണിവേഴ്‌സിറ്റീസ്)

പ്രവേശന യോഗ്യത

യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയർന്നപ്രായപരിധിയില്ല.

  • യുജി പ്രോഗ്രാം പ്രവേശനം തേടുന്നവർ 10+2/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം.
  • പിജി പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള എൽഎൽബി/തത്തുല്യ യോഗ്യത വേണം.
  • 2026 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കണം.

ക്ലാറ്റ് ഘടന

യുജി, പിജി പ്രവേശനങ്ങൾക്കുള്ള ക്ലാറ്റ് ഡിസംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഓഫ്‌ലൈന്‍ രീതിയിൽ നടത്തും.

യുജി ക്ലാറ്റിന് ഒരുമാർക്കുവീതമുള്ള 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജ് (20 ശതമാനം വെയ്‌റ്റേജ്), കറന്റ് അഫയേഴ്‌സ് (ജനറൽനോളജ് ഉൾപ്പെടെ) (25), ലീഗൽ റീസണിങ് (25), ലോജിക്കൽ റീസണിങ്‌ (20), ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്സ് (10) എന്നിവയിൽനിന്ന്‌ ആയിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ കാൽമാർക്ക് വീതം നഷ്ടപ്പെടും.

പിജി ക്ലാറ്റിന് പരമാവധി മാർക്ക് 120 ആയിരിക്കും. ഒരു മാർക്കുവീതമുള്ള 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലോ, ജൂറിസ്‌പ്രൂഡൻസ്, അഡ്മിനിസ്‌ട്രേറ്റീവ് ലോ, ലോ ഓഫ് കോൺട്രാക്ട്, ടോർട്‌സ്, ഫാമിലി ലോ, ക്രിമിനൽ ലോ, പ്രോപ്പർട്ടി ലോ, കമ്പനി ലോ, പബ്ലിക് ഇന്റർനാഷണൽ ലോ, ടാക്സ് ലോ, എൻവയൺമെന്റൽ ലോ, ലേബർ ആൻഡ് ഇൻഡസ്ട്രിയൽ ലോ എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരം തെറ്റിയാൽ കാൽമാർക്കുവീതം നഷ്ടപ്പെടും.

അപേക്ഷ

consortiumofnlus.ac.in വഴി ഒക്ടോബർ 31-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 4000 രൂപ (പട്ടിക വിഭാഗക്കാർ/ഭിന്നശേഷിക്കാർ/ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ എന്നിവർക്ക് 3500 രൂപ) ഈ സമയപരിധിക്കകം ഓൺലൈനായി അടയ്ക്കണം. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ 500 രൂപ അധികമായി അടച്ച് വാങ്ങാം.

മറ്റ് പ്രവേശനങ്ങൾ

ക്ലാറ്റ് യുജി/പിജി സ്കോർ/റാങ്ക് പരിഗണിച്ച് ചില ദേശീയ നിയമ സർവകലാശാലകളും മറ്റു ചില സ്ഥാപനങ്ങളും മുൻവർഷങ്ങളിൽ അവരുടെ നിശ്ചിത പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

ക്ലാറ്റ് യുജി:

  • നാഗ്പുർ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി: അഞ്ചുവർഷ ബിഎ എൽഎൽബി (ഓണേഴ്‌സ്) അഡ്ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ് പ്രോഗ്രാം വിവരങ്ങൾക്ക്: www.nlunagpur.ac.in
  • റോത്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐപിഎൽ) പ്രവേശനം. വിവരങ്ങൾക്ക്: www.iimrohtak.ac.in
  • നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി: അഞ്ചുവർഷ ബിബിഎ എൽഎൽബി, ബിഎസ്‌സി എൽഎൽബി ഓണേഴ്‌സ് പ്രോഗ്രാം. വിവരങ്ങൾക്ക്: nfsu.ac.in/admission
  • ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസ് (ലഖ്‌നൗ): അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിഎസ്‌സി എൽഎൽബി. വിവരങ്ങൾക്ക്: upsifs.ac.in

ക്ലാറ്റ് പിജി:

  • സോണെപട്ട് (ഹരിയാണ) ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ലോ യൂണിവേഴ്‌സിറ്റി: രണ്ടുവർഷ എൽഎൽഎം പ്രോഗ്രാം. വിവരങ്ങൾക്ക്: www.dbranlu.ac.in
  • നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി: സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷൻ എന്നീ സ്പെഷ്യലൈസേഷനിലുള്ള ഒരുവർഷ എൽഎൽഎം പ്രോഗ്രാം. വിവരങ്ങൾക്ക്: nfsu.ac.in/admission
  • ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസ് (ലഖ്‌നൗ): ഒരുവർഷ എൽഎൽഎം ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷൻ പ്രോഗ്രാം, സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ. വിവരങ്ങൾക്ക്: upsifs.ac.in

ജോലിക്കും

ക്ലാറ്റ് പിജി സ്കോർ ചില സ്ഥാപനങ്ങൾ ചില വർഷങ്ങളിൽ നിയമനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ചിട്ടുള്ള സ്ഥാപനവും തസ്തികയും.

  •  ഇന്ത്യൻ ആർമി ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (ജെഎജി) ബ്രാഞ്ച് എൻട്രി: മറ്റ് അക്കാദമിക് യോഗ്യതയ്ക്കൊപ്പം ക്ലാറ്റ് പിജി സ്കോർ നിർബന്ധമാണ്. വിവരങ്ങൾക്ക്: www.joinindianarmy.nic.in
  • എൻടിപിസി: അസിസ്റ്റന്റ് ലോ ഓഫീസേഴ്‌സ് (2026-ലും ക്ലാറ്റ് സ്കോർ പരിഗണിക്കുന്ന റിക്രൂട്ട്മെന്റ് ഉണ്ടാകും എന്ന അറിയിപ്പ് വന്നിട്ടുണ്ട്)
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ: ലോ ഓഫീസേഴ്‌സ്. 
  • പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്: ഓഫീസർ ട്രെയിനി ലോ. 
  • മാംഗളൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡ്: അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ലോ). 
  • ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ: അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ. 
  • ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ്: ലോ ഓഫീസേഴ്‌സ്.

ഇവയിൽ ഏതൊക്കെ സ്ഥാപനങ്ങൾ ഈ വർഷം ക്ലാറ്റ് പിജി ഉപയോഗിച്ച് റിക്രൂട്ട്മെന്റ് നടത്തുമെന്ന് വരും ആഴ്ചകളിൽ അറിഞ്ഞേക്കും. അറിയിപ്പുകൾ ശ്രദ്ധിക്കുക.