നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022-ല്‍ മാത്രം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കോഗ്നിസബിള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 58 ലക്ഷമാണ്. ഈ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും തെളിയിക്കാനും പലപ്പോഴും ഫോറന്‍സിക് വിദഗ്ധരുടെ സഹായം വേണ്ടിവരാറുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് സാധാരണക്കാരുടെ കണ്ണില്‍പ്പെടാത്ത ഒട്ടേറെ തെളിവുകളുണ്ടാകും. അവ ശേഖരിക്കുകയും ശാസ്ത്രീയ അപഗ്രഥനം നടത്തി പൊലീസിനെ കേസ് അന്വേഷണത്തില്‍ സഹായിക്കുകയുമാണ് ഒരു ഫൊറന്‍സിക് വിദഗ്ധന്റെ പ്രധാന ജോലി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സി.ബി.ഐ, ക്രൈം ബ്രാഞ്ച്, പോലീസ്, ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, സേനാവിഭാഗങ്ങള്‍, നാര്‍കോട്ടിക് വിഭാഗം, കോടതി, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികള്‍ എന്നിവ കുറ്റാന്വേഷണത്തിനായി ഫോറന്‍സിക് സയന്‍സിനെ ആശ്രയിക്കാറുണ്ട്. അതിനര്‍ഥം ഈ മേഖലയില്‍ നിരവധി അവസരങ്ങളുണ്ടെന്നുതന്നെയാണ്. ഈ മേഖലയില്‍ ഉന്നതപഠനത്തിന് തിരഞ്ഞെടുക്കാവുന്ന ശാസ്ത്ര വിഭാഗങ്ങളാണ് ഫോറന്‍സിക് സയന്‍സും ക്രിമിനോളജിയും. 

To advertise here,

ഫോറന്‍സിക് സയന്‍സ്: ശാസ്ത്രീയ വിഷയങ്ങളെ കുറ്റാന്വേഷണത്തിലും തെളിവുശേഖരണത്തിലുമെല്ലാം പ്രയോജനപ്പെടുത്തുകയാണ് ഫോറന്‍സിക് സയന്‍സില്‍ ചെയ്യുന്നത്.  തൊടുത്തുവിട്ടാല്‍ തറയ്ക്കുന്ന തരമുള്ള പ്രോജക്ടെല്‍സിനെക്കുറിച്ച് (വെടിയുണ്ട്, അമ്പ്, ബോംബ്) പഠിക്കുന്ന ബാലിസ്റ്റിക്‌സ്, സിറോളജി (രക്തപരിശോധന), ശരീരദ്രവങ്ങള്‍, നഖം, മുടി, ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എന്നിവയുടെ വിശകലനം, രാസപരിശോധന, വിരലടയാളം, കൈപ്പടവിശകലനം തുടങ്ങി നിരവധി കാര്യങ്ങള്‍ ഫോറന്‍സിക് സയന്‍സിന്റെ പരിധിയില്‍ വരുന്നുണ്ട്. ബാലിസ്റ്റിക് എക്‌സ്‌പെര്‍ട്ട്, ഫോറന്‍സിക് ഡോക്യുമെന്റ് എക്‌സാമിനര്‍/സൈക്കോളജിസ്റ്റ്/ പതോളജിസ്റ്റ്/ടോക്‌സിക്കോളജിസ്റ്റ്/ആന്ത്രപ്പോളജിസ്റ്റ്/ഒഡണ്ടോളജിസ്റ്റ്/മെഡിസിന്‍ എക്‌സ്‌പെര്‍ട്ട്/ ഡിജിറ്റല്‍ ഫോറന്‍സിക് എക്‌സ്‌പെര്‍ട്ട്, ഡിഎന്‍എ അനലിസ്റ്റ്, ബ്ലഡ്‌സ്റ്റെയിന്‍ അനലിസ്റ്റ്, സൈബര്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് എന്നിങ്ങനെ പല സ്‌പെഷ്യലൈസേഷനുകളും ഈ മേഖലയിലുണ്ട്. 

ക്രിമിനോളജി: ക്രിമിനല്‍ സൈക്കോളജി, മനുഷ്യാവകാശം, തുടങ്ങിയ ആര്‍ട്‌സ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്രിമിനോളജി. പൊലീസ് അഡ്മിനിസ്‌ട്രേഷന്‍, ജയില്‍ അഡ്മിനിസ്‌ട്രേഷന്‍, ജുവനൈല്‍ ജസ്റ്റിസ്, വിക്ടിമോളജി, കുറ്റവാളികളുടെ പെരുമാറ്റം, മനോഭാവം, സമൂഹത്തോടുള്ള സമീപനം, കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍, നിയമപാലനം തുടങ്ങിയ വിഷയങ്ങളാണ് ക്രിമിനോളജിക്ക് കീഴില്‍ വരുന്നത്. ശാസ്ത്രത്തിനും അപ്പുറം സിദ്ധാന്തങ്ങളെ (തിയറി) അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ക്രിമിനോളജിയിലുള്ളത്. ജയിലുകള്‍, പൊലീസ് വകുപ്പുകള്‍, ദുര്‍ഗുണ പരിഹാര പാഠശാല എന്നിവിടങ്ങളിലാണ് ക്രിമിനോളജി പഠിച്ചിറങ്ങിയവര്‍ക്ക് പ്രധാന അവസരങ്ങള്‍. 

ഇവ രണ്ടിലും നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഫോറന്‍സിക് മെഡിസിന്‍. പതോളജി ഉപയോഗിച്ച് നിയമ നടപടികള്‍ക്കുവേണ്ടി മരണകാരണവും മറ്റും കണ്ടെത്തുകയാണിവിടെ. എംബിബിഎസ് കഴിഞ്ഞുള്ള ഉപരിപഠനവിഷയമാണിത്.

സാധ്യതകള്‍ 

ഡിഗ്രി ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് സര്‍ക്കാര്‍/ സ്വകാര്യതലത്തിലുള്ള അവസരങ്ങള്‍ കേരളത്തില്‍ കുറവാണ്. പി.എസ്.സിക്ക് കീഴില്‍ ഡിഗ്രിതലത്തില്‍ ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് മാത്രമായി തസ്തികകളൊന്നും നിലവില്‍ വന്നിട്ടില്ല. ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകുന്നതുവഴി അധ്യാപക യോഗ്യത നേടാം. യു.ജി.സി നെറ്റില്‍ സബ്ജക്ട് കോഡ് 82-ലാണ് ഫോറന്‍സിക് സയന്‍സ് വിഷയം വരുന്നത്. ഇതിന് പുറമേ ഫോറന്‍സിക് സയന്‍സുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഗവേഷണത്തിനും അവസരമൊരുങ്ങും. കാലിക്കറ്റ് സര്‍വകവാശാലയ്ക്ക് കീഴില്‍തന്നെ ഫോറന്‍സിക് സയന്‍സില്‍ റിസര്‍ച്ച് ചെയ്യാനുള്ള അവസരങ്ങളുണ്ട്. 
ഹൈദരാബാദ്, കൊല്‍ക്കത്ത, ഛണ്ഡീഗഢ്, ന്യൂഡല്‍ഹി, ഗുവാഹത്തി, ഭോപ്പാല്‍, പൂനൈ തുടങ്ങി ഏഴ് നഗരങ്ങളിലായി സെന്‍്ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളുണ്ട്. ഇവിടെ സയന്റിഫിക്, ഓഫീസര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ഒഴിവുണ്ടാകും. ഫോറന്‍സിക് ആപ്റ്റിറ്റിയൂട് ആന്‍ഡ് കാലിബര്‍ ടെസ്റ്റ് (ഫാക്ട്) നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാകും ചില തസ്തികകളിലേക്കുള്ള നിയമനം. പലപ്പോഴും താല്‍ക്കാലിക തസ്തികകളിലേക്കാകും ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം നടക്കുക. യു.പി.എസ്.സിയാണ് സ്ഥിരം തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. എസ്.എസ്.സി. വിജ്ഞാപനപ്രകാരമുള്ള സയന്റിസ്റ്റ് ബി പോസ്റ്റില്‍ ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് ജോലിസാധ്യതയുണ്ട്. എന്നാല്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പ്രവൃത്തിപരിചയം ആവശ്യമാണ്. 

യോഗ്യതയെന്ത്?

പ്ലസ്ടു സയന്‍സാണ് ഫോറന്‍സിക് പഠനത്തിനുളള അടിസ്ഥാന യോഗ്യത. പ്ലസ്ടു കഴിഞ്ഞാല്‍ നേരിട്ട് ബിഎസ്.സി ഫോറന്‍സിക് സയന്‍സ് കോഴ്സിലേക്ക് പ്രവേശനം ലഭിക്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ പ്ലസ്ടു കഴിഞ്ഞ് ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ ബിരുദമുള്ളവര്‍ക്ക് ഫോറന്‍സിക് സയന്‍സ് മാസ്റ്റര്‍ കോഴ്‌സിന് ചേരാന്‍ കഴിയും. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഫോറന്‍സിക് സയന്‍സ് ഡിഗ്രി, പിജി,ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. 

ഫോറന്‍സിക് പഠനം കേരളത്തില്‍ 

* ബി.എസ്.സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സ് കേരളത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നിലവിലില്ല. ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി.വൊക്) ഫോറന്‍സിക് സയന്‍സ് എന്ന ത്രിവല്‍സര ബിരുദ പ്രോഗ്രാം സ്വയംഭരണ സ്ഥാപനമായ തൃശൂര്‍ സെന്റ് തോമസ് കോളേജിലുണ്ട്. വെബ്‌സൈറ്റ്: https://stthomas.ac.in/. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ബി.വോക് അപ്ലൈഡ് മൈക്രോബയോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുണ്ട്. വെബ്‌സൈറ്റ്: www.stjosephs.edu.in പ്ലസ്ടു സയന്‍സാണ് അടിസ്ഥാന യോഗ്യത.

* കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ എംഎസ്‌സി ഫോറന്‍സിക് സയന്‍സ് കോഴ്‌സ് നടത്തുന്നുണ്ട്. 
ബോട്ടണി, കെമിസ്ട്രി തുടങ്ങി വിവിധ വിഷയങ്ങളിലെ ബിഎസ്സി, ബിടെക് തുടങ്ങി 60% മാര്‍ക്കോടെ ബിരുദം ജയിച്ചവര്‍ക്കാണു പ്രവേശനം.

* കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കേരള പൊലീസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന എം.എസ്.സി ഫോറന്‍സിക് സയന്‍സ് കോഴ്‌സ് പഠിക്കാം.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 55% ല്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡോടെ ബി.എസ് സി/ബി.വോക് ഫോറന്‍സിക് സയന്‍സ്, ബി.വോക് അപ്ലൈഡ് മൈക്രോ ബയോളജി & ഫോറന്‍സിക് സയന്‍സ്, ബി.എസ്.സി സുവോളജി/ബോട്ടണി/ കെമിസ്ട്രി/ഫിസിക്‌സ്/മൈക്രോബയോളജി/മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി/ മെഡിക്കല്‍ ബയോടെക്‌നോളജി/ബയോടെക്‌നോളജി/ജനറ്റിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബി.സി.എ. ബിരുദം. 

* എം.ജി യൂണിവേഴ്‌സിറ്റി കീഴില്‍ നാലു സ്ഥാപനങ്ങളില്‍ ബി.എസ്.സി/ എം എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി അപ്ലൈഡ് സയന്‍സ്, ചുട്ടിപ്പാറ, സ്‌കൂള്‍ ഓഫ് ടെക്‌നോളജി അപ്ലൈഡ് സയന്‍സസ്, പുല്ലാരിക്കുന്ന്, സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, ഇടപ്പള്ളി, വിശ്വബ്രാഹ്‌മണ കോളേജ് വെച്ചുച്ചിറ എന്നിവിടങ്ങളിലാണത്. വെബ്‌സൈറ്റ്: ംംം.ാഴൗ.മര.ശി
ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ 50%, മാത്‌സിനു തനിയെ 50% മാര്‍ക്കോടെ പ്ലസ്ടുവാണ് ബിഎസ്സി സൈബര്‍ ഫോറന്‍സിക്‌സ് കോഴ്‌സിന്റെ യോഗ്യത. ഭാഷകളടക്കം 55% മാര്‍ക്കോടെ സൈബര്‍ ഫോറന്‍സിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്‌സ്/മാത്സ്/ഫിസിക്‌സ് ബിഎസ്സി അഥവാ ബിസിഎ ഉള്ളവര്‍ക്ക് അപേക്ഷിക്കാം സൈബര്‍ ഫോറന്‍സിക് കോഴ്‌സിലേക്ക് അപേക്ഷിക്കാം.
* കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎസ്സി ഫോറന്‍സിക് സയന്‍സ് ഉണ്ട്. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു ജയിച്ചവര്‍ക്കാണു പ്രവേശനം. 50 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അവിടെ എം.എസ്്‌സി ഫോറന്‍സിക് സയന്‍സ് കോഴ്‌സും പഠിക്കാം. 

കേരളത്തിന് പുറത്ത്

  • നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി (എന്‍.എഫ്.എസ്.യു.)

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലെ നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി (എന്‍.എഫ്.എസ്.യു.), ഗാന്ധിനഗര്‍, ഡല്‍ഹി, ഗോവ, ത്രിപുര, ഭോപാല്‍, പുണെ, ഗുവാഹാട്ടി കാമ്പസുകളിലായി വിവിധ പ്രോഗ്രാമുകള്‍ നടപ്പിലാക്കി വരുന്നുണ്ട്. 
കോഴ്‌സുകളും യോഗ്യതയും 
ഇന്റഗ്രേറ്റഡ് കോഴ്സുകള്‍
* ബി.എസ്.സി.-എം.എസ്.സി. ഫൊറന്‍സിക് സയന്‍സ്: സയന്‍സ് - ഫിസിക്‌സ്/കെമിസ്ട്രി/ബയോളജി/മാത്തമാറ്റിക്‌സ് പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത.

* ബി.എസ്.സി.-എം.എസ്.സി.. ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സ്: സയന്‍സ് - ഫിസിക്‌സ്/ കെമിസ്ട്രി/ബയോളജി/മാത്തമാറ്റിക്‌സ് പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത.

* ബി.ടെക്-എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി): ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയും കെമിസ്ടി/ബയോളജി/ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസസ്/ബയോടെക്‌നോളജി/ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം/ബിസിനസ് സ്റ്റഡീസ്/ഓണ്‍ട്രപ്രണര്‍ഷിപ്പ്/തത്തുല്യ വിഷയം എന്നിവയിലൊന്നും പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത.

* ബി.ബി.എ.-എം.ബി.എ. (ഫൊറന്‍സിക് അക്കൗണ്ടിങ് ആന്‍ഡ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍/ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ബിസിനസ് ഇന്റലിജന്‍സ് സ്‌പെഷ്യലൈസേഷനുകള്‍): പ്ലസ്ടു/തത്തുല്യ യോഗ്യത

* ബി.എസ്സി.-എല്‍എല്‍.ബി. (ഓണേഴ്‌സ്): മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയമായി പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത

* ബി.ബി.എ. - എല്‍എല്‍.ബി. (ഓണേഴ്‌സ്):യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്. നിയമപ്രോഗ്രാമുകളിലെ പ്രവേശനം ക്ലാറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയും മറ്റുള്ളവയിലേത് എന്‍.എഫ്.എസ്.യു. പ്രവേശനപരീക്ഷ വഴിയോ/പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനമാക്കിയോ ആയിരിക്കും.

* ബി.എ.- എം.എ. ക്രിമിനോളജി: ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു ജയം. 
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

* എം.എസ്‌സി - ഫൊറന്‍സിക് സയന്‍സ്, ഫൊറന്‍സിക് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ ഫൊറന്‍സിക്, ഫൊറന്‍സിക് ഡെന്റിസ്ട്രി, ടോക്‌സിക്കോളജി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഫൊറന്‍സിക് നാനോടെക്‌നോളജി, ഫുഡ് ടെക്‌നോളജി (ഫൊറന്‍സിക് ഫുഡ് അനാലിസിസ്), ക്ലിനിക്കല്‍ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫൊറന്‍സിക് സൈക്കോളജി, ജിയോഇന്‍ഫര്‍മാറ്റിക്‌സ്, കെമിസ്ട്രി (ഫൊറന്‍സിക് അനലറ്റിക്കല്‍ കെമിസ്ട്രി), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (എന്‍വയോണ്‍മെന്റല്‍ ഫൊറന്‍സിക്) ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫോറന്‍സിക് നഴ്‌സിങ് തുടങ്ങിയവ.

* എം.എ - മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഫോറന്‍സിക് ജേണലിസം, പോലീസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി (ഫോറന്‍സിക് സൈക്കോളജി)

* എംടെക് : സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡേറ്റ സയന്‍സ്, സിവില്‍ എന്‍ജിനീയറിങ്

* എംബിഎ : ഫൊറന്‍സിക് അക്കൗണ്ടിങ് & ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ & ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ് & ഇന്റലിജന്‍സ്

* എം.ബി.എ - ഫോറന്‍സിക് അക്കൗണ്ടിങ് ആന്‍ഡ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍, സൈബര്‍ സെക്യൂരിറ്റി മാനേജ്മെന്റ്, ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ് ആന്‍ഡ് ഇന്റലിജന്‍സ്

* എംഫാം : ഫൊറന്‍സിക് ഫാര്‍മസി, ഫാര്‍മസ്യൂട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്

* എല്‍എല്‍എം : സൈബര്‍ ലോ & സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, ക്രിമിനല്‍ ലോ & ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍

* എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തിലുള്ള ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. 
ഡിപ്ലോമ കോഴ്‌സുകള്‍

* ഡിപ്ലോമ : കാനൈന്‍ ഫൊറന്‍സിക് 

* പിജി ഡിപ്ലോമ : ഫിംഗര്‍ പ്രിന്റ് സയന്‍സ്, ഫൊറന്‍സിക് ഡോക്യുമെന്റ് എക്‌സാമിനേഷന്‍, ക്രൈംസീന്‍ മാനേജ്‌മെന്റ്, ഡിഎന്‍എ ഫൊറന്‍സിക്‌സ്, ഫൊറന്‍സിക് ജേണലിസം (ഓണ്‍ലൈന്‍), ഫൊറന്‍സിക് ബാലിസ്റ്റിക്‌സ്, ഹ്യുമാനിറ്റേറിയന്‍ ഫൊറന്‍സിക്‌സ്, ഡിസാസ്റ്റര്‍ വിക്ടിം ഐഡന്റിഫിക്കേഷന്‍, സെമികണ്ടക്ടര്‍ സെക്യൂരിറ്റി & ഫൊറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സെക്യൂരിറ്റി സ്റ്റഡീസ്, സൈബര്‍ സൈക്കോളജി, ഇന്‍വെസ്റ്റിഗേറ്റീവ് സൈക്കോളജി, സൈബര്‍ ലോ, ഡ്രഗ് & സബ്സ്റ്റന്‍സ് അബ്യൂസ് ലോസ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, ഹൈജീന്‍, & എന്‍വയണ്‍മെന്റല്‍ മാനേജ്‌മെന്റ്
യോഗ്യത: നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത. കാനൈന്‍ ഫൊറന്‍സിക് ഡിപ്ലോമ കോഴ്‌സിലേക്ക് നായ പരിശീലനത്തില്‍ പ്രവര്‍ത്തിപരിചയവും പ്ലസ്ടുവുമാണ് വേണ്ട യോഗ്യതകള്‍. 
പി.എച്ച്ഡി പ്രവേശനവും യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ട്. 
പ്രവേശനം: നാഷണല്‍ ഫോറന്‍സിക് അഡ്മിഷന്‍ ടെസ്റ്റെന്ന (എന്‍.എഫ്.എ.ടി.) പൊതു പ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാകും മിക്ക കോഴ്‌സുകളിലേയും പ്രവേശനം. വെബ്‌സൈറ്റ്: www.nfsu.ac.in/ 

* മധ്യപ്രദേശിലെ സാഗറിലുള്ള ഡോ.ഹരിസിംഗ് ഗൗര്‍ വിശ്വവിദ്യാലയയിലെ ക്രിമിനോളജി & ഫോറന്‍സിക് സയന്‍സ് വകുപ്പ്, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, വിഷയങ്ങളില്‍ ബി.എ, എം.എ., എം.എസ്.സി, പി.എച്ച്ഡി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്‌സ് ഗ്രൂപ്പ് വഴിയും ബി.എസ്്‌സി ഫോറന്‍സിക് കോഴ്‌സിലേക്ക് പ്രവേശനം നേടാം. എം.എസ്.സി. പഠനത്തിന് ഏതെങ്കിലും ശാസ്ത്ര വിഷയങ്ങളിലെ ബിരുദം മതിയാകും. ക്രിമിനോളജിയില്‍ ബിരുദപഠനത്തിന് ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് യോഗ്യത. ബിരുദാനന്തര ബിരുദപഠനത്തിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതിയാകും. സി.യു.ഇ.ടി. പ്രവേശന പരീക്ഷയിലൂടെയാകും പ്രവേശനം. വെബ്‌സൈറ്റ്:  www.dhsgsu.ac.in

* ഔറംഗബാദ് ഗവണ്‍മന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസില്‍ ബി.എസ്.സി. ഫോറന്‍സിക് സയന്‍സസ് പ്രോഗ്രാം ഉണ്ട്. സയന്‍സ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാര്‍ക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഇതിന് പുറമേ എം.എസ്്‌സി, ഡിപ്ലോമ പ്രോഗ്രാമുകളും സ്ഥാപനത്തില്‍ നടത്തിവരുന്നുണ്ട്. വെബ്‌സൈറ്റ്: http://gifsa.ac.in.

* മുംബൈയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ഫോറന്‍സിക് സയന്‍സില്‍ ബി.എസ്.സി., എം.എസ്.സി, ഡിപ്ലോമ, പി.എച്ച്ഡി കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്. വെബ്‌സൈറ്റ്: https://ifsm.ac.in/

* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ്, നാഗ്പുര്‍ www.ifscnagpur.in/

* മൗലാനാ അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, വെസ്റ്റ് ബംഗാള്‍ https://makautwb.ac.in/

* ബുന്തേല്‍ ഖണ്ഡ് യൂണിവേഴ്‌സിറ്റി, ജാന്‍സി www.bujhansi.ac.in

* ആര്‍.ബി.വി.ആര്‍.ആര്‍. വിമന്‍സ് കോളേജ് ഹൈദരാബാദ് www.rbvrrwomenscollege.ac.in

* ഗവ. ഹോള്‍ക്കര്‍ സയന്‍സ് കോളേജ്, ഇന്‍ഡോര്‍ https://collegeholkar.org

* യശ്വന്ത് റാവു ചവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സത്താറ (ഓട്ടോണമസ്) www.ycis.ac.in/
സ്വകാര്യ മേഖലയില്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി (ജലന്ധര്‍),  കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സസ് (കോയമ്പത്തുര്‍),  ഗല്‍ഗോത്തിയ യൂണിവേഴ്‌സിറ്റി (ഗ്രേറ്റര്‍ നൊയിഡ), അമിറ്റി യൂണിവേഴ്‌സിറ്റി (നോയിഡ), തുടങ്ങിയവയും ബി.എസ്.സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സ് നടത്തുന്നുണ്ട്.

സ്വകാര്യ മേഖലയിലും അവസരങ്ങള്‍

placeholder
ഫോറന്‍സിക് സയന്‍സ് എം.എസ്.സി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവസരങ്ങളുണ്ട്. കേരളത്തില്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ തസ്തികകളിലേക്ക് ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് പി.എസ്.സി. വഴി അപേക്ഷിക്കാന്‍ സാധിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ ഫോറന്‍സിക് സയന്‍സ് എം.എസ്.സി കഴിഞ്ഞവര്‍ക്കാണ് അവസരം. പി.എസ്.സിക്ക് കീഴിലുള്ള കൂടുതല്‍ തസ്തികകളിലേക്ക് ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് അവസരങ്ങളൊരുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഇതിന് പുറമേ കേരളത്തിന്റെ പല ഭാഗത്തുമായി ആരംഭിച്ചിട്ടുള്ള സ്വകാര്യ അന്വേഷണ ഏജന്‍സികളിലും അവസരങ്ങളുണ്ട്. ഡോക്യുമെന്റ് എക്‌സാമിനര്‍ ഫിംഗര്‍പ്രിന്റ് അനലിസ്റ്റ്, ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിവ സ്വകാര്യമേഖലയിലെ സാധ്യതകളാണ്.  

ഡോ. ശിവപ്രസാദ് എം.എസ്. 
അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍
ഫോറന്‍സിക് സയന്‍സ് വിഭാഗം, 
കാലിക്കറ്റ് സര്‍വകലാശാല, കേരള പോലീസ് അക്കാദമി

placeholder
രാജ്യത്തെ പല സംസ്ഥാനങ്ങളിലിലും ഫോറന്‍സിക് സയന്‍സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ അവസരങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലത് കുറവാണ്. കേരള പോലീസിന് കീഴിലുള്ള ഫോറന്‍സിക് സയന്‍സ് ലാബുകളിലെ സയന്റിഫിക് ഓഫീസര്‍ തസ്തികകളിലേക്ക് പോലും ഫോറന്‍സിക് പഠിച്ചവരെ പി.എസ്.സി. പരിഗണിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

ഗിഫ്റ്റി വില്‍സണ്‍
ഫോറന്‍സിക് പ്രൊഫഷണല്‍,
സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി,
ഹൈദരാബാദ്


തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച ലേഖനം