ന്യൂഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി. (യോഗ) പ്രവേശനത്തിന് ഏതെങ്കിലും സയൻസ് സ്ട്രീമിൽ ഇംഗ്ലീഷ് ഉൾപ്പെടെ ഏതെങ്കിലും നാലു വിഷയങ്ങളിൽ (കോർ/ഇലക്ടീവ്/ഫങ്ഷണൽ) മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

എം.എസ്സി. (യോഗ) പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ ബിഎസ്.സി. (യോഗ) വേണം. 50 ശതമാനം മാർക്കോടെയുള്ള സയൻസ്/മെഡിക്കൽ/പാരാമെഡിക്കൽ/ഫിസിയോതെറാപ്പി ബിരുദവും യോഗ സയൻസിലെ ഒരു വർഷത്തെ ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷിക്കാം. മെഡിക്കൽ ഫിറ്റ്നസ് വേണം.

ഉയർന്ന പ്രായം ബി.എസ്സി.ക്ക് 21-ഉം എം.എസ്സി.ക്ക് 35-ഉം ആണ്. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. 1.8.2021 പ്രകാരം കണക്കാക്കും.

യോഗ തെറാപ്പി ഫോർ മെഡിക്കൽ ആൻഡ് പാരാമെഡിക്കൽ ഗ്രാജ്വേറ്റ്സ് പി.ജി. ഡിപ്ലോമയ്ക്ക് 50 ശതമാനം മാർക്കോടെ കുറഞ്ഞത് നാലുവർഷം ദൈർഘ്യമുള്ള മെഡിക്കൽ/പാരാമെഡിക്കൽ/ഫിസിയോതെറാപ്പി ബിരുദം വേണം.

കോഴ്സുകൾ ന്യൂഡൽഹി ഗുരു ഗോബിന്ദ്സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ അഫിലിയേഷൻ ഉള്ളവയാണ്. ബി.എസ്സി. (യോഗ), എം.എസ്സി. (യോഗ) പ്രവേശനം ന്യൂഡൽഹിയിലെ ഗുരു ഗോബിന്ദ്സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) അടിസ്ഥാനമാക്കിയായിരിക്കും. യു.ജി. സി. ഇ.ടി. യ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, മാത്തമാറ്റിക്സ്, ജനറൽ അവയർനസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിൽനിന്നും പി.ജി. സി.ഇ.ടി.ക്ക് അനാട്ടമി, ഫിസിയോളജി, ജനറൽ അവയർനസ്, ജനറൽ സയൻസ് എന്നിവയിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

വിശദാംശങ്ങൾ www.yogamdniy.nic.in ലെ പ്രോഗ്രാം അറിയിപ്പിലും www.ipu.ac.in ൽ ഉള്ള അഡ്മിഷൻ ബ്രോഷറിലും ലഭിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനം യോഗ്യതാ പരീക്ഷാമാർക്ക് പരിഗണിച്ചായിരിക്കും. അപേക്ഷ www.ipu.ac.in വഴി ജൂലായ് 15 വരെ നൽകാം.

Content Highlights: UG, PG, Diploma Courses in yoga, apply now